വിത്തുപേനയില്‍ മുളപൊട്ടുന്ന ജീവിതങ്ങള്‍
വി.ജി പോറ്റി കിളിമാനൂര്‍
ല്‍ക്കാന്‍ പലതുമുണ്ടായിട്ടും അവര്‍ തെരഞ്ഞെടുത്ത ഉല്‍പന്നത്തില്‍ പോലുമുണ്ട് കരുതലിന്റെ വലിയ സന്ദേശം. അവര്‍ വില്‍ക്കുന്ന ഓരോ പേനയും വലിച്ചെറിയുമ്പോള്‍ ഒരു ചെടി മുളപൊട്ടുന്നു. റീഫില്‍ ഒഴികെ പൂര്‍ണമായും കടലാസില്‍ നിര്‍മിച്ചെടുക്കുന്ന പേനകളിലൂടെ അവര്‍ ജീവിതസന്ദേശം കൂടിയാണ് പറയുന്നത്. ഓരോ ഒടുങ്ങലിലും ഒരു പുനര്‍ജീവിതമുണ്ടാവണം. അവരുടെ ജീവിതം പഠിപ്പിച്ചതും, ഒടുങ്ങിയെന്നു തോന്നിയിടത്തു നിന്ന് ഉയര്‍ത്തെഴുന്നേറ്റതും ഈയൊരു സന്ദേശത്തിന്റെ ബലത്തിലാണല്ലോ.
രഞ്ജിനി കിളിമാനൂര്‍ (30)
മൂന്നാം വയസിലാണ് രഞ്ജിനിക്ക് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പാപ്പാല ആനപ്പാറ വീട്ടില്‍ ശിവരാജന്‍ ആശാരിയുടെയും ശാന്തയുടെയും മകള്‍. രോഗത്തിന് അടിമയായി ജീവിതം വീല്‍ചെയറില്‍ തള്ളി നീക്കുന്നതിനിടെ ചിത്രംവര പഠിച്ചെടുത്തു.
കിളിമാനൂര്‍ പാപ്പാല ഗവ. എല്‍.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഊഞ്ഞാലില്‍ നിന്നു വീണതോടെയാണ് ദുരിതജീവിതം തുടങ്ങിയത്. പക്ഷെ, രോഗം തിരിച്ചറിയുമ്പോഴേക്കും ഇരുപത്തിയൊന്ന് വയസായിരുന്നു. അപ്പോഴേക്കും അരയ്ക്ക് താഴെ പൂര്‍ണമായി തളര്‍ന്ന അവസ്ഥയിലായി.
അച്ഛനും അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്നതാണ് കുടുംബം. സഹോദരിമാര്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താക്കന്മാരോടൊപ്പമാണ് താമസം. ചിത്രം വരയ്‌ക്കൊപ്പം കടലാസ് പേനയുണ്ടാക്കലാണ് രഞ്ജിനിയുടെ പ്രധാനഹോബി. ഉണ്ടാക്കുന്ന പേനകള്‍ വിറ്റ് എന്തെങ്കിലുമൊക്കെ സമ്പാദിക്കണമെന്നാണ് ആഗ്രഹം. അതു വില്‍ക്കാന്‍ കഴിയാത്തത്, മുറിവിട്ട് പുറത്തിറങ്ങാന്‍ പോലുമാവാത്ത രഞ്ജിനിക്കു മുന്‍പിലെ വലിയ വെല്ലുവിളിയാണ്. എങ്കിലും തോറ്റുകൊടുക്കാന്‍ അവര്‍ തയ്യാറല്ല. പ്രതീക്ഷയുടെ പുതിയ വാതിലുകള്‍ തുറക്കുന്നത് കാത്തിരിക്കുകയാണവര്‍.
ഷൗക്കത്ത് എടത്തനാട്ടുകര (32)
പാലക്കാട് എടത്തനാട്ടുകര തെക്കന്‍ഹൗസില്‍ ഷൗക്കത്ത് കിണറ് പണിക്കാരനായിരുന്നു. ആറ് വര്‍ഷം മുന്‍പാണ് ഷൗക്കത്തിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്. പണിക്കിടയില്‍ ആഴമുള്ള കിണറ്റില്‍ കാല്‍വഴുതി വീഴുകയും നട്ടെല്ലിന് ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു. അതോടെ ജീവിതം പൂര്‍ണമായി തകര്‍ന്നു. കിടക്കപ്പായ വിട്ടെഴുന്നേല്‍ക്കാന്‍ കഴിയാത്ത നിലയിലായി. ഇപ്പോള്‍ വീല്‍ചെയറിലാണ് ജീവിതം തള്ളി നീക്കുന്നത്. ഭാര്യയും ഒരു മകനുമുണ്ട്. കടലാസ് പേനയുണ്ടാക്കി വിറ്റാണ് ഇപ്പോള്‍ ജീവിതവഴി കണ്ടെത്തുന്നത്. ഒറ്റക്കല്ല, കുടുംബ ഭാരം തലയിലുണ്ട്. ജീവിച്ചേ മതിയാകൂ ഷൗക്കത്തിന്റെ ശബ്ദത്തിന്റെ കരുത്തേറെയുണ്ട്.
വിനു വി. പിള്ള (31)
കൊല്ലം അഞ്ചല്‍ തഴമേല്‍ സ്വദേശി വിനു വി. പിള്ളക്ക് ലോക്കോമോട്ടോ അസുഖം ആണ്. അരക്ക് താഴെ പൂര്‍ണമായും തളര്‍ന്നുപോയി. ജന്മനാ ദുരിതക്കയത്തിലാണ് വിനു. ഇപ്പോള്‍ വീല്‍ചെയറിലാണ് ജീവിതം. അമ്മയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. അച്ഛന്‍ ഉപേക്ഷിച്ചു പോയി. കഴിഞ്ഞ ഒരു വര്‍ഷമായി കടലാസ് പേനയുടെ നിര്‍മാണത്തിലും വിപണനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിനു പുറമെ കുട നിര്‍മാണവും നടത്തുന്നുണ്ട്. മഴക്കാലത്ത് മാത്രമേ കുടയുടെ വില്‍പ്പന നടക്കുകയുള്ളൂ. അതും വമ്പന്‍ കമ്പനികളോട് വേണം മത്സരിക്കാന്‍. വമ്പന്‍ കമ്പനികളുടെ കുടകളേക്കാള്‍ മെച്ചമാണ് താന്‍ ഉണ്ടാക്കുന്ന കുടകളെങ്കിലും ആളുകള്‍ക്ക് താല്‍പര്യം കമ്പനികളോടാണ്. അതിനൊരു മാറ്റം തന്റെയൊക്കെ ജീവിതം കണ്ടെങ്കിലും നാട്ടുകാരില്‍ ഉണ്ടാവണമെന്ന പ്രാര്‍ഥനയാണുള്ളത്. എന്തായാലും കടലാസ് പേന ജനങ്ങളുടെ മനസില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷയുണ്ടന്ന് വിനു പറയുന്നു.
സുകുമാരന്‍ പള്ളിക്കുന്ന് (54)
അപകടത്തില്‍പ്പെട്ട് മരണത്തെ മുഖാമുഖം കണ്ടെങ്കിലും വര്‍ധിത വീര്യത്തോടെ മുന്നോട്ട് കുതിക്കുന്ന സുകുമാരന്‍. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി. പുതിയ വീടിന്റെ പണിക്കിടയില്‍ വീടിന് മുകളില്‍ കയറിയപ്പോള്‍ താഴെ വീണായിരുന്നു അപകടം. ഇരു കാലുകളും നട്ടെല്ലും തകര്‍ന്നു. എട്ടു വര്‍ഷം മുന്‍പായിരുന്നു അപകടം. അതോടെ എല്ലാം തകര്‍ന്നു. ചികിത്സാ ചെലവു മൂലം കടം കേറിയതോടെ പണിപൂര്‍ത്തിയാകാത്ത വീടും പറമ്പും വിറ്റു. ഇപ്പോള്‍ വാടക വീട്ടിലാണ് താമസം. പക്ഷേ തോറ്റുകൊടുക്കില്ലെന്ന വാശി. വീല്‍ ചെയറില്‍ ജീവിതം. മുച്ചക്ര വാഹനത്തില്‍ സഞ്ചരിച്ച് വ്യാപാരം. കടലാസ് പേനക്ക് പുറമെ കുട, പേപ്പര്‍ ബാഗ്, മെഴുകുതിരി, വാഷിങ് പൗഡര്‍ തുടങ്ങിയവയും ഉണ്ടാക്കി വില്‍ക്കുന്നു. ഭാര്യയും സുകുമാരനെ സഹായിക്കും. രണ്ടുപേരും ചേര്‍ന്ന് ജീവിതം തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ്.
സെല്‍വന്‍ ചിറ്റൂര്‍ (46)
പഴമൊഴി തെങ്ങ് ചതിക്കിെല്ലന്നാണ്. പക്ഷേ സെല്‍വനെ ചതിച്ചത് തെങ്ങാണ്. ചെത്ത് തൊഴിലാളിയായ സെല്‍വന്‍ തെങ്ങ് കയറുന്നതിനിടയില്‍ താഴെ വീണ് നട്ടെല്ല് തകരുകയായിരുന്നു. പാലക്കാട് ചിറ്റൂര്‍ നല്ലേപ്പള്ളി മാനാംകുറ്റി വീട്ടില്‍ തങ്കവേലുവിന്റെ മകന്‍. നാലു വര്‍ഷത്തെ ചികിത്സ കൊണ്ട് എഴുന്നേറ്റിരിക്കാം എന്നായി. അന്ന് തുടങ്ങിയതാണ് രണ്ടാം ജന്മത്തിലെ പോരാട്ടം. ചിറ്റൂരിലെ പാലിയേറ്റീവ് കെയര്‍ ശാരീരിക വൈകല്യമുള്ളവര്‍ക്ക് സംഘടിപ്പിച്ച ക്യാംപില്‍ നിന്നാണ് കടലാസ് പേനയുടെ നിര്‍മാണം പഠിച്ചെടുത്തത്. ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ ഇതുതന്നെ വഴിയെന്ന് പിന്നീട് തെളിയിക്കുകയായിരുന്നു. പേന വിറ്റു കിട്ടുന്നതില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനവും ഭാര്യ സരിതയുടെ തയ്യല്‍ ജോലിയില്‍ നിന്നുള്ള വരുമാനവുമാണ് ഈ കുടുംബത്തിന്റെ ആശ്രയം.
സുരേഷ് ബാബു (49)
പി.ഡി.സി വരെ പഠിച്ച സുരേഷ് ബാബുവിന് 27 വയസുവരെ എല്ലാ ചെറുപ്പക്കാരെപ്പോലെയും സ്വപ്നങ്ങളുണ്ടായിരുന്നു. നടന്നും ചാടിയും ഓടിക്കളിച്ചും വന്ന സുരേഷിന്റെ ജീവിതം അതിനു ശേഷമാണ് വീല്‍ ചെയറിലേക്ക് പറിച്ചു നട്ടത്. ഇപ്പോള്‍ പൂര്‍ണമായും വീല്‍ചെയറില്‍ തന്നെ. കൊല്ലം അഞ്ചല്‍ കരുകോണില്‍ അമ്മ രാധാമണിക്കൊപ്പം താമസം. കടലാസ് പേനയില്‍ നിന്നുള്ള വരുമാന മാര്‍ഗമാണ് ഏക ആശ്രയം. കോളജുകളും മറ്റും വിത്ത് പേനയിലേക്ക് മാറുന്നുണ്ട്. അടുത്തിടെ കൊല്ലം ടി.കെ.എം എന്‍ജിനിയറിങ് കോളജിനു വേണ്ടി വിത്ത് പേന തയ്യാറാക്കി നല്‍കാന്‍ സുരേഷ് ബാബുവിന് ഭാഗ്യം ലഭിച്ചിരുന്നു. എല്ലാ കോളജുകളും ഈ മാതൃക പിന്തുടരണമെന്നാണ് സുരേഷിന്റെ ആഗ്രഹം.
ഗണേശന്‍ കമ്മന്തറ (48)
വീടിന് മുകളില്‍ കെട്ടിനിന്ന വെള്ളം ഒഴുക്കിക്കളയാന്‍ കയറിയതാണ് ഗണേശനെ കിടക്കപ്പായില്‍ ആക്കിയത്. ആറു വര്‍ഷം മുന്‍പാണ് അപകടമുണ്ടായത്. ഇപ്പോള്‍ വീല്‍ചെയറില്‍ പോലും അധിക നേരം ഇരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ അവസ്ഥയിലാണ് കടലാസ് പേന ഉണ്ടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം.
അനില്‍കുമാര്‍ മാത്തറ (47)
സ്റ്റുഡിയോയില്‍ പ്രിന്റിങ് ടെക്‌നീഷ്യന്‍ ആയി ജോലി നോക്കിവന്ന കൊല്ലം പുനലൂര്‍ മാത്തറ വല്ലാറ്റു തെക്കേക്കര വീട്ടില്‍ അനില്‍കുമാറിനെ തളര്‍ത്തിയത് ചിക്കന്‍പോക്‌സ് രോഗമാണ്. ആന്തരികാവയവങ്ങളെ ബാധിച്ച് ശരീരം തളര്‍ന്ന് കിടപ്പിലായി. പരസഹായം വേണ്ട അവസ്ഥയിലും കടലാസ് പേനകള്‍ ഉണ്ടാക്കി ജീവിക്കുകയാണിപ്പോള്‍. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് കുടുംബം. അഞ്ചു വര്‍ഷം മുന്‍പാണ് രോഗം അനിലിനെ തളര്‍ത്തിയത്.
താങ്ങാവാം, സ്വപ്നങ്ങള്‍ മുളപൊട്ടട്ടേ
ഇത് ചിലര്‍ മാത്രം. ജീവിതം തീര്‍ന്നുപോയി എന്നിടത്തു നിന്ന് ഉയര്‍ത്തെഴുന്നേറ്റ് തങ്ങളുടേതായ വഴിവെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നവര്‍. അവര്‍ വിതരണം ചെയ്യുന്ന പേനയിലെ ഓരോ വിത്തിനുമൊപ്പം ഒരായിരം സ്വപ്നങ്ങള്‍ കൂടിയാണ് മുളപൊട്ടുന്നത്. ഇടപ്പള്ളി സ്വദേശി അനിത, പുത്തനങ്ങാടി സ്വദേശി റഷീദ്, മാരായമംഗലം സ്വദേശി ഫൈസല്‍ എന്നിവരും കടലാസ് പേനകള്‍ ഉണ്ടാക്കുന്നവരുടെ കൂട്ടത്തിലുണ്ട്. നമ്മുടെ പ്രദേശത്തുള്ള സ്‌കൂളുകളിലോ മദ്‌റസകളിലോ കോളജുകളിലോ, വേണ്ട സ്വന്തം മക്കള്‍ക്കെങ്കിലും ഇവരുടെ അടുത്തുനിന്നൊരു പേനയെങ്കിലും വാങ്ങിയെത്തിക്കാനാവുമെങ്കില്‍ അവിടെ കരുതലിന്റെ മുളപൊട്ടല്‍ കൂടി
സംഭവിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."