ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സിയില്‍നിന്ന് പേപാല്‍ പിന്മാറുന്നു
ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സിയായ ലിബ്രയുമായുള്ള കൂട്ടുകെട്ടില്‍നിന്ന് പ്രമുഖ യു.എസ് ഓണ്‍ലൈന്‍ പേയ്‌മെന്റ് കമ്പനിയായ പേപാല്‍ പിന്മാറുന്നു. ഇക്കാര്യം പ്രസ്താവനയിലൂടെ പരസ്യപ്പെടുത്തിയ പേപാല്‍ പക്ഷേ കാരണം വ്യക്തമാക്കിയിട്ടില്ല. ജൂണിലാണ് ലിബ്ര എന്ന പേരില്‍ ഒരു ഡിജിറ്റല്‍ വാലറ്റ് 2020ഓടെ തുടങ്ങുമെന്ന് ഫേസ്ബുക്ക് വെളിപ്പെടുത്തിയത്.
തുടക്കം മുതലേ വിമര്‍ശനം നേരിട്ട ഈ ഇലക്ട്രോണിക് നാണയം യൂറോപ്പില്‍ നിരോധിക്കുമെന്ന് ഫ്രാന്‍സും ജര്‍മനിയും അറിയിച്ചിരുന്നു. 28 കമ്പനികളുടെ കൂട്ടായ്മയായ ലിബ്ര അസോസിയേഷനിലെ ഒരംഗം മാത്രമായിരിക്കും ലിബ്ര എന്നാണ് പറയപ്പെടുന്നത്. പേപാലിനെ കൂടാതെ ഓണ്‍ലൈന്‍ പേയ്‌മെന്റ് കമ്പനിയായ വിസ, ഊബര്‍, സന്നദ്ധ സംഘടനയായ മേഴ്‌സി കോര്‍പറേഷന്‍ എന്നിവയും ലിബ്ര അസോസിയേഷനില്‍ അംഗങ്ങളാണ്.
ഈ സാമ്പത്തിക വ്യവസ്ഥയ്ക്ക് ആവശ്യമായ പുനര്‍രൂപം നല്‍കുന്നതു സംബന്ധിച്ച് കമ്പനി ബോധവാന്മാരാണെന്ന് പേപാലിന്റെ പിന്മാറ്റത്തെ കുറിച്ച് ലിബ്ര അസോസിയേഷന്‍ പ്രതികരിച്ചു. വാട്ട്‌സ്ആപ്പ് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ച് ആളുകള്‍ക്ക് പേയ്‌മെന്റ് നല്‍കാമെന്നതാണ് ഇതിന്റെ സവിശേഷതയെന്ന് ലിബ്ര പ്രഖ്യാപനം നടത്തുമ്പോള്‍ ഫേസ്ബുക്ക് പറഞ്ഞിരുന്നു. ഇതില്‍ പങ്കാളികളായ കമ്പനികള്‍ക്കും ഇടപാടുകള്‍ക്ക് ലിബ്ര ഉപയോഗിക്കാനാകും.
അതേസമയം, ജനങ്ങളുടെ പണം ഇതില്‍ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ഇത് ദൂരീകരിക്കപ്പെടുന്നതുവരെ ലിബ്രയെ അംഗീകരിക്കില്ലെന്നാണ് ഏഴു പ്രമുഖ രാജ്യങ്ങളുടെ നിലപാട്.
ബ്രിട്ടനിലെ മാര്‍ക് കാര്‍നെ ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്ക് മേധാവിമാര്‍ ഇതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. താന്‍ ലിബ്ര കറന്‍സിയുടെ ആരാധകനല്ലെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഈ മാസം 14നാണ് ലിബ്ര അസോസിയേഷന്‍ ഭരണസമിതിയുടെ പ്രഥമ യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."