സഊദിയില്‍ ദുരിതത്തിലായ ഒന്‍പതു മലയാളികളുടെ മോചനത്തിന് വഴി തെളിയുന്നു
റിയാദ്: ഏജന്റിന്റെ ചതിയില്‍ പെട്ട് ക്ലീനിങ് തൊഴിലിനെത്തി മാസങ്ങളായി ശമ്പളം പോലുമില്ലാതെ ദുരിതത്തിലായ മലയാളി വനിതകളുടെ മോചനത്തിന് വഴി തെളിയുന്നു. സുപ്രഭാതമടക്കമുള്ള പത്രങ്ങളിലൂടെ വാര്‍ത്ത പുറം ലോകത്തെത്തിയതിനെ തുടര്‍ന്ന് ഇവരുടെ മോചനത്തിനായി ശ്രമം തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തകരാണ് ഇവര്‍ അടുത്തയാഴ്ച്ചയോടെ നാട്ടിലേക്ക് മടങ്ങുമെന്നറിയിച്ചത്. തായിഫ് ലേബര്‍ കോടതി മേധാവി ആദില്‍ വഗ്ദാനിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇവരുടെ സ്പോണ്സര് അടുത്ത ആഴ്ചയില്‍ ശമ്പള കുടിശ്ശിക നല്കാന് സമ്മതിച്ചതായി ലേബര്‍ കോടതി മേധാവി വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ച ഉണ്ടായാല്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും ആദില്‍ വഗ്ദാനി സ്പോണ്സര്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജിദ്ദക്ക് സമീപം തായിഫിലെ മീഖാത്തിലെ വനിത പള്ളികളില്‍ ക്ലീനിങ് ജോലിക്കെത്തിയ മലയാളി വനിതകളാണ് ദുരിത ജീവിതം തള്ളി നീക്കുന്നത്. തിരുവനന്തപുരം സ്വദേശിനികളായ സജിമോള്‍, ദീപ്തി, സിന്ധു തങ്കമ്മ, ജയാ രാജന്, ആലപ്പുഴ സ്വദേശിനികളായ റസിയ ബീവി, സിമി ബീഗം, കൊല്ലം സ്വദേശിയായ സിന്ധു ഗിരീഷ്, കോട്ടയം സ്വദേശിനികളായ സൗമി യൂസുഫ്, ഷിനാമോള് എന്നിവരാണ് ഏജന്റിന്റെ ചതിയില്‍ പെട്ട് ഇവിടെ ദുരിതത്തില്‍ കഴിയുന്നത്. ഇവരില്‍ ഏഴുപേര്‍ക്ക് ആറു മാസമായിട്ടും ഇഖാമ ലഭിക്കാത്തതും ദുരിതം വര്‍ധിപ്പിക്കുന്നു.
പതിനൊന്നു പേരടങ്ങുന്ന സംഘമാണ് ആറു മാസം മുന്‍പ് ഇവിടെ ക്ലീനിങ് ജോലിക്കെത്തിയത്. ഇതില്‍ സുഖമില്ലാത്തതിനെ തുടര്‍ന്ന് സീനത്ത് അബ്ദുറഹ്മാന് എന്ന യുവതി നേരത്തെ നാട്ടിലേക്കു മടങ്ങിയിരുന്നു. ബാക്കിയുള്ളവരില്‍ ഒന്‍പത് വനിതകളാണ് നാട്ടില്‍ പോകാനായി അധികൃതരുടെ കനിവ് കാത്തിരിക്കുന്നത്. ഷൈമ ഷാജഹാന് ഇസ്മയില്‍ ഇവിടെത്തന്നെ തുടരാനാണ് തീരുമാനം. ശമ്പള കുടിശിക ലഭ്യമാക്കി നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്നാണ് യുവതികളുടെ ആവശ്യം. തൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ സ്പോണ്സറുമായി നടത്തിയ അനുരഞ്ജന ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടതോടെയാണ് ലേബര്‍കോടതിയില്‍ പരാതി നല്‍കിയത്. അടുത്തയാഴ്ചയോടെ ഇവരുടെ ശമ്പള കുടിശിക സ്പോണ്സര് തീര്‍ത്തു നല്‍കുന്നതോടെ ഇവര്‍ക്ക് നാട്ടിലേക്ക് തിരിക്കാനാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."