സമരക്കാര്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ അറിയിച്ച് മന്ത്രിമാര്‍; രാത്രിയാത്രാ നിരോധനത്തിനെതിരായി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു
വയനാട്്: ദേശീയ പാത 776ല്‍ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനെതിരേ കഴിഞ്ഞ 12 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും സമരപ്പന്തലിലെത്തി സമരക്കാര്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം നല്‍കിയതോടെയാണ് യുവജന കൂട്ടായ്മ നടത്തിവന്ന സമരം അവസാനിപ്പിച്ചത്.
ജില്ലക്കകത്തുനിന്നും പുറത്തുനിന്നും സമരപ്പന്തലിലേക്ക് ആയിരങ്ങള്‍ ഇന്നും ഒഴുകിയെത്തിയിരുന്നു. പിന്നീട് നടന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് മന്ത്രിമാരുള്‍പ്പെടെ പങ്കെടുത്ത് പിന്തുണ പ്രഖ്യാപിച്ചത്. ബന്ദിപ്പൂര്‍ യാത്രാ നിരോധന വിഷയത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വേദിയില്‍ പ്രഖ്യാപിച്ചു. സുപ്രീംകോടതിയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കുന്ന സത്യവാങ്മൂലം എതിരായാല്‍ കേരളസര്‍ക്കാര്‍ ഇടപെടുമെന്നും മികച്ച അഭിഭാഷകരെ നിയോഗിക്കുമെന്നും മന്ത്രി ശശീന്ദ്രന്‍ സമരക്കാരെ അറിയിച്ചു. ശക്തമായ പിന്തുണ നല്‍കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണനും വ്യക്തമാക്കി.
സംസ്ഥാന നിയമസഭ ഒന്നടങ്കം വയനാടിനൊപ്പം നില്‍ക്കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും അറിയിച്ചു. തുടര്‍ന്ന്, യുവനേതാക്കളോട് സമരം അവസാനിപ്പിക്കാന്‍ മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു. പന്ത്രണ്ടാം ദിവസമെത്തിയ പ്രക്ഷോഭത്തിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ ഉറപ്പാക്കാനായെന്ന വിലയിരുത്തലിലാണ് സംയുക്ത സമര സമിതി.
നിരാഹാരം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും എന്നാല്‍, പകല്‍ കൂടി ഗതാഗത നിയന്ത്രണം നീട്ടാനുള്ള നീക്കം കോടതി ആവര്‍ത്തിച്ചാല്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കി. വരുന്ന നിയമസഭാ സമ്മേളനത്തിലടക്കം വിഷയം ഉന്നയിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വരുന്ന ഒക്ടോബര്‍ 18 നാണ് രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് ഇനി സുപ്രീംകോടതി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."