നവോത്ഥാനം പറഞ്ഞ് സര്‍ക്കാര്‍ ജാതീയ ചേരിതിരിവുണ്ടാക്കുന്നു
സമദൂരത്തില്‍നിന്ന് ശരിദൂരം സ്വീകരിക്കുവാന്‍ അംഗങ്ങള്‍ക്ക് അറിയാമെന്നും സുകുമാരന്‍ നായര്‍
ചങ്ങനാശേരി: നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളില്‍ സവര്‍ണ- അവര്‍ണ ചേരിതിരിവുണ്ടാക്കുകയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
വര്‍ഗീയ കലാപത്തിനുള്ള വഴിതെളിക്കുകയാണ് സംസ്ഥാന ഭരണനേതൃത്വം ചെയ്യുന്നത്. പിന്നാക്കക്കാരെ പ്രീണിപ്പിക്കുകയും മുന്നാക്കക്കാരുടെ കഴുത്ത് ഞെരിക്കുകയുമാണ്. ജാതീയമായി പോലും ജനങ്ങളെ വേര്‍തിരിക്കുകയും ചെയ്യുന്ന നിലപാടാണുള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ചങ്ങനാശേരി താലൂക്ക് എന്‍.എസ്.എസ് യൂനിയന്റെ ആഭിമുഖ്യത്തില്‍ 106ാമത് വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായം ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഈശ്വരവിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും സംരക്ഷണമാണ്. ശബരിമലയിലെ യുവതീപ്രവേശനം അതില്‍ പ്രധാനപ്പെട്ടതാണ്. അവയുടെ സംരക്ഷണത്തിനുവേണ്ടി വിശ്വാസികളോടൊപ്പമാണ് എന്‍.എസ്.എസ്. നിലകൊള്ളുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും ഇടതുമുണിയും വിശ്വാസികള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചുവരുന്നത്.
ശബരിമലവിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതി വിധിയ്‌ക്കെതിരേ ഓര്‍ഡിനന്‍സ് കൊണ്ടുവരാതെ വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് കൂട്ടത്തില്‍ നിര്‍ത്തി എന്‍.എസ്.എസിനെയും വിശ്വാസികളെയും പുതപ്പിച്ചു കിടത്തുകയായിരുന്നു.
സുപ്രിംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ നടപടി സ്വീകരിക്കുവാന്‍ കഴിയില്ലെന്നാണ് അന്ന് കേന്ദ്രം പറഞ്ഞിരുന്നത്. എന്നാല്‍ കോന്നിയില്‍ കേന്ദ്രമന്ത്രി പറഞ്ഞത് സുപ്രിംകോടതി വിധി എതിരാണെങ്കില്‍ ഉടന്‍ നിയമ നിര്‍മ്മാണം നടത്താമെന്നാണ്. ഇത് കബളിപ്പിക്കലാണ്. കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍.എസ്.എസിന് രാഷ്ട്രീയമില്ല, സമദൂരമാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളും സാമുദായികസമവാക്യങ്ങളും കണക്കിലെടുത്ത് ജനാധിപത്യം, മതേതരത്വം, സാമൂഹികനീതി, ഈശ്വരവിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍ എന്നീ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്, ഈ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കും. ഇതിനായി സമുദായ അംഗങ്ങള്‍ സമദൂരത്തില്‍നിന്ന് ശരിദൂരം സ്വീകരിക്കുവാന്‍ തയാറാകണം, അത് എങ്ങനെയാകണമെന്ന് സമുദായംഗങ്ങള്‍ക്ക് നല്ലതുപോലെ അറിയാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."