കടല്‍ മണലിന്റെ ഉപയോഗം വീടിന്റെ തകര്‍ച്ചയ്ക്കു കാരണമാവും: കലക്ടര്‍
കാസര്‍കോട്: ജില്ലയില്‍ വീടുനിര്‍മാണത്തിനും മറ്റും വ്യാപകമായി കടല്‍മണല്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മണലിലെ ഉപ്പിന്റെ സാന്നിധ്യം ദ്രവീകരണത്തിനു കാരണമാവുന്നതിനാല്‍ വീടുകള്‍ക്ക് ബലക്ഷയം സംഭവിച്ച് അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കലക്ടറുടെ ചേമ്പറില്‍ ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണലിലെ ഉപ്പിന്റെ സാന്നിധ്യം കണ്ടെത്താന്‍ സോഡ ഉപയോഗിക്കാം. സോഡയില്‍ മണല്‍ ചേര്‍ക്കുമ്പോള്‍ പതഞ്ഞു വരുകയാണെങ്കില്‍ മണലില്‍ ഉപ്പു സാന്നിധ്യമുണ്ടെന്ന് മനസിലാക്കാമെന്ന് കലക്ടര്‍ പരീക്ഷണത്തിലൂടെ വിശദീകരിച്ചു.
മണല്‍ ഖനനം രൂക്ഷമായ ഉളുവാര്‍ മേഖലയില്‍ പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്നും മണല്‍ മാഫിയയെ ശക്തമായി നേരിടുമെന്നും കലക്ടര്‍ അറിയിച്ചു.
കലക്ടറുടെയും ആര്‍.ഡി.ഒയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി ഉളുവാര്‍ മേഖലയില്‍ നടത്തിയ റെയ്ഡില്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട് രണ്ടുടിപ്പറും കാറും ബൈക്കും പിടിച്ചെടുത്തതായും കലക്ടര്‍ അറിയിച്ചു. ജില്ലയിലെ മണല്‍ മാഫിയയെ ഇല്ലായ്മ ചെയ്യാന്‍ സാധ്യമായ എല്ലാ വഴികളും തേടും. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും.
ഇ മണല്‍ സംവിധാനം ശക്തമാക്കാന്‍ പ്രളയാനന്തരം ജില്ലയിലെ പുഴകളില്‍ അടിഞ്ഞു കൂടിയ മണല്‍ ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ സ്ഥാപിക്കുന്ന എയര്‍സ്ട്രിപ്പ് നിര്‍മാണത്തിനായി മൂന്നു സ്വകാര്യ കമ്പനികള്‍ മുന്നോട്ടു വന്നിട്ടുണ്ട്.
പ്രധാനനഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇടത്താവളമായി ഉപയോഗിക്കാവുന്ന എയര്‍സ്ട്രിപ്പിനായി ഇരുപതോളം കുടുംബങ്ങള്‍ സ്ഥലം വിട്ടുകൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ജില്ലയുടെ സമഗ്രവികസനത്തിനു പദ്ധതി തയാറായിട്ടുണ്ടെന്നും കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പാര്‍ക്കിങ് സംവിധാനം ഉടന്‍ തന്നെ നടപ്പാവുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."