ധര്‍മപുരി വാഹനാപകടം യുവാക്കള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി
കാഞ്ഞിരോട്: തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് ധര്‍മപുരിയിലുണ്ടായ അപകടത്തില്‍ മരിച്ച യുവാക്കള്‍ക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. കാഞ്ഞിരോട് സ്വദേശികളായ തലമുണ്ട് റോഡ് നസര്‍ മഹലില്‍ റഫീഖിന്റെയും നസ്‌റിയുടെയും മകന്‍ എം.പി റസ്‌നീഫ് (24), പഴയപള്ളിക്കു സമീപം സാല്‍മിയാസില്‍ പള്ളിക്കല്‍ പുതിയേത്ത് കെ.എം അബ്ദുല്‍ ജബ്ബാറിന്റെയും പി.പി ഫൗസിയയുടെയും മകന്‍ പി.പി സഹല്‍ (21) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ പുലര്‍ച്ചെ നാട്ടിലെത്തിച്ചത്. മയ്യിത്തുക്കള്‍ കാഞ്ഞിരോട് പഴയപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ആയിരക്കണക്കിനു പേരാണ് യുവാക്കളെ അവസാനമായി ഒരു നോക്കുകാണാനും അന്ത്യോപചാരമര്‍പ്പിക്കാനും ഇവരുടെ വസതികളിലും പൊതുദര്‍ശനത്തിനു വച്ച സ്ഥലങ്ങളിലുമെത്തിയത്.
ബംഗളൂരു-ധര്‍മപുരി ദേശീയപാതയില്‍ ധര്‍മപുരി നഗരത്തിലെ ബൈപ്പാസില്‍ ഇരുവരും സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിച്ചായിരുന്നു അപകടം. ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ രണ്ടുപേരും തല്‍ക്ഷണം മരിക്കുകയായിരുന്നു.
ലോറി ഡ്രൈവറെ ധര്‍മപുരി ബി വണ്‍ പൊലിസ് അറസ്റ്റുചെയ്തു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ കാഞ്ഞിരോട് എത്തിച്ച മൃതദേഹങ്ങള്‍ ഇരുവരുടെയും വീടുകളിലും പഴയപള്ളി പരിസരത്തും പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്നു വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ രാവിലെ ഏഴോടെ പഴയപള്ളി ഖബര്‍സ്ഥാനില്‍ മറമാടുകയായിരുന്നു.
സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പരേതരുടെ വസതികള്‍ സന്ദര്‍ശിച്ചു. കെ.കെ രാഗേഷ് എം.പി, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് പങ്കജാക്ഷന്‍, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ കരീം ചേലേരി, മുണ്ടേരി ഗംഗാധരന്‍, സുരഷ് ബാബു എളയാവൂര്‍, കെ.പി താഹിര്‍, എം.പി മുഹമ്മദലി, ഇ.പി ഷംസുദ്ദീന്‍, സി.കെ റഫീഖ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."