സദാചാര ഗുണ്ടകള്‍ ഓട്ടോ ഡ്രൈവറുടെ കണ്ണ് തകര്‍ത്തു
പയ്യന്നൂര്‍: സദാചാര ഗുണ്ടകളുടെ അക്രമത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ കണ്ണ് തകര്‍ന്നു. പുഞ്ചക്കാട് മസ്ജിദിനു സമീപത്തെ എം.വി ഇസ്ഹാഖാ(32)ണ് ആക്രമണത്തിനിരയായത്. ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി കൊറ്റി ഓട്ടോസ്റ്റാന്‍ഡില്‍ വീട്ടിലേക്കു സാധനങ്ങളുമായി പോകാന്‍ സുഹൃത്തിന്റെ ഓട്ടോയില്‍ ഇരിക്കുകയായിരുന്ന ഇസ്ഹാഖിനെ എട്ടംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി ഓട്ടോയില്‍ നിന്നു വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നുവെന്നു പറയുന്നു. അക്രമത്തില്‍ ഇസ്ഹാഖിന്റെ വലതു കണ്ണിനാണു പരുക്കേറ്റത്. ബഹളംകേട്ട് സഹപ്രവത്തകരായ ഓട്ടോഡ്രൈവര്‍മാര്‍ എത്തുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു.
രണ്ടുമാസം മുമ്പ് കൊറ്റിയില്‍ വച്ച് കോറോത്തെ പെണ്‍കുട്ടിയോടു യുവാവ് സംസാരിച്ച സംഭവത്തില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ ആക്രമിച്ചിരുന്നു. ഇതു പൊലിസിനെ അറിയിച്ചതില്‍ വൈരാഗ്യം പൂണ്ടാണു വീണ്ടും ആക്രമിച്ചതെന്ന് ഇസ്ഹാഖ് നല്കിയ പരാതിയില്‍ പറയുന്നു. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."