സമരത്തെ മര്‍ദനമുറകളിലൂടെ അടിച്ചമര്‍ത്തുന്നതു സര്‍ക്കാരിനു ഭൂഷണമല്ല: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കൊച്ചി: കൊച്ചി പുതുവൈപ്പിലെ നിര്‍ദിഷ്ട പാചകവാതക സംഭരണ കേന്ദ്രം ഉയര്‍ത്തുന്ന ആശങ്കകള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ നടത്തുന്ന സമരത്തെ മര്‍ദ്ദനമുറകളിലൂടെ അടിച്ചമര്‍ത്തുന്ന ശൈലി സര്‍ക്കാരിനു ഭൂഷണമല്ലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തികച്ചും സാധാരണക്കാരായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പുതുവൈപ്പ് മേഖലയില്‍ പാചക വാതക സംഭരണ കേന്ദ്രം നിര്‍മ്മിക്കുന്നതു സംബന്ധിച്ചു ജനങ്ങളിലുണ്ടായിട്ടുള്ള ആശങ്കകള്‍ ശാശ്വതമായി പരിഹരിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ പദ്ധതി തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്നത് എന്ന നിലയിലാണു ജനങ്ങള്‍ സംഘടിതരായി സമരരംഗത്തേക്കിറങ്ങിയിട്ടുള്ളത്. 120 ദിവസം പിന്നിട്ട സമരത്തിലൂടെ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്. കടല്‍ത്തീരത്തു ജനവാസമേഖലയില്‍ വലിയ അളവില്‍ പാചകവാതകം സംഭരിക്കുന്നതും വാഹനങ്ങളിലേക്കു പകര്‍ത്തുന്നതും നിര്‍ദിഷ്ട പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നാണു മനസിലാക്കുന്നത്.
സ്വാഭാവികമായും ഇതുയര്‍ത്തുന്ന അപകടസാധ്യതകള്‍ പ്രദേശവാസികളില്‍ ഭീതിയുണര്‍ത്തും. ആവശ്യമായ നിയമനടപടികള്‍ പാലിക്കാതെയാണു പ്ലാന്റിന്റെ നിര്‍മാണമെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതുവൈപ്പില്‍ സമാധാനമുണ്ടാകണം. ജനങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ക്കും ചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടിയും ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കൂടുതല്‍ വിവേകത്തോടെയുള്ള സമീപനമാണ്് ഉണ്ടാകേണ്ടതെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."