സി.എം അബ്ദുല്ല മൗലവി വധം സി.ബി.ഐക്കെതിരേ കടുത്ത പ്രതിഷേധം: രാപകല്‍ സമരം ഇന്ന് സമാപിക്കും
സമാപനം ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നു ആവശ്യപ്പെട്ട് ഇന്നലെ ആരംഭിച്ച രാപകല്‍ സമരത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. കേസന്വേഷണം നടത്തുന്ന സി.ബി.ഐയുടെ അനാസ്ഥക്കെതിരേയാണ് സമരത്തില്‍ സംബന്ധിച്ചവരില്‍ നിന്നും പ്രതിഷേധാഗ്നി ഉയര്‍ന്നത്. അന്വേഷണ സംഘം കേസ് തെളിയിക്കാന്‍ ശ്രമിക്കുന്നതിനു പകരം തെളിവുകള്‍ നശിക്കാന്‍ പാകത്തില്‍ വര്‍ഷങ്ങളായി നാടകം നടത്തുകയുമാണെന്നും സമരത്തില്‍ സംബന്ധിച്ചവര്‍ വ്യക്തമാക്കി.
അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തി വരുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് ഇന്നലെ രാവിലെ മുതല്‍ ഇന്ന് രാവിലെ 9 വരെ രാപകല്‍ സമരം നടക്കുന്നത്.സമരത്തിന്റെ ഉദ്ഘാടനം മുന്‍ മന്ത്രി സി.ടി അഹമ്മദലി നിര്‍വഹിച്ചു. ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷനായി. സി.എ മുഹമ്മദ് ഷാഫി, സിദ്ദീഖ് നദ്വി ചേരൂര്‍, കല്ലട്ര മാഹിന്‍ ഹാജി, യൂസഫ് ഉദുമ, അബ്ദുല്‍ ഖാദര്‍ സഅദി, സുഹൈര്‍ അസ്ഹരി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ നേതാക്കളായ എ.ഗോവിന്ദന് നായര്‍, പി.എസ് ശ്രീധരന്‍പിള്ള, അഡ്വ.ശ്രീകാന്ത് തുടങ്ങിയവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു. സമരത്തിന്റെ സമാപനം ഇന്ന് രാവിലെ 9 നു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."