കെ.എസ്.ആര്.ടി.സി; ലാഭത്തിലെത്തിക്കാന്‍ ഗ്രാമീണ സര്‍വിസുകള്‍ റദ്ദാക്കുന്നു
സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്.ടി.സിയെ ലാഭത്തിലാക്കാനുള്ള മാനേജ്മെന്റിന്റെ പരിഷ്ക്കരണങ്ങള്‍ കെ.എസ്്.ആര്.ടി.സിയെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണ ജനതക്ക് തിരിച്ചടിയാകുന്നു. നിസാര കാരണങ്ങള്‍ക്ക് പോലും ഗ്രാമീണ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്.
കെ.എസ്.ആര്.ടി.സി നടപടി പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്. നിരവധി സര്‍വിസുകള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സി മാത്രം സര്‍വിസ് നടത്തുന്ന കൊഴുവണ താഴത്തൂര്‍ നിവാസികള്‍ ജില്ലാ ഡിപ്പോയിലെത്തി പ്രതിഷേധിച്ചിരുന്നു.
നഷ്ടം നികത്തുന്നതിനായി ഏഴായിരത്തില്‍ താഴെ കലക്ഷനുള്ള സര്‍വിസുകള്‍ സിംഗിള്‍ ഡ്യുട്ടിയാക്കാനാണ് മാനേജ്മെന്റ് ഡിപ്പോ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതനുസരിച്ച് നിലവില്‍ സര്‍വിസ് നടത്തികൊണ്ടിരിക്കുന്ന ബസുകളുടെ ട്രിപ്പുകള്‍ പകുതി കുറച്ചിരിക്കുകയാണ്. ഇത് നടപ്പില്വരുത്തിയതോടെ ബത്തേരി ഡിപ്പോയില്‍ നിന്നും കൊഴുവണ, പെരുമ്പാടികുന്ന്്, മുത്തങ്ങ, ചേകാടി എന്നിവിടങ്ങളിലേക്കുള്ള സര്വിസുകളുകളുടെ എണ്ണം കുറഞ്ഞു. സര്‍വിസുകള്‍ വെട്ടിക്കുറച്ചതോടെ മറ്റുവാഹന സൗകര്യമില്ലാത്ത ഈ പ്രദേശങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും ജോലിക്കുപോകുന്നവരും ദുരിതത്തിലായിരിക്കുകയാണ്.
ഇത്തരത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് കൊഴുവണ, താഴത്തൂര്‍ നിവാസികള്‍ ഇന്നലെ പ്രതിഷേധവുമായി ഡിപ്പോയിലെത്തിയത്.
സ്ത്രീകളടക്കം നിരവധിപേരാണ് എ.ടി.ഒയുടെ ഓഫിസിലെത്തി പ്രതിഷേധം അറിയിച്ചത്.
എന്നാല്‍ മാനേജ്മെന്റ് ഉത്തരവ് പ്രകാരം സര്‍വിസുകള്‍ ലാഭത്തിലാക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസുകള്‍ ചുരുക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."