പെന്‍ഷനില്ലാതെ പങ്കാളിത്ത പെന്‍ഷന്‍കാര്‍, യുവ ജീവനക്കാര്‍ സര്‍വിസ് സംഘടനാ നേതൃത്വവുമായി അകലുന്നു
കല്‍പ്പറ്റ: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട സംസ്ഥാന ജീവനക്കാര്‍ പെന്‍ഷനില്ലാതെ വിരമിക്കുമ്പോള്‍ സര്‍വിസ് സംഘടനകള്‍ മൗനം പുലര്‍ത്തുന്നതില്‍ യുവ ഉദ്യോഗസ്ഥരില്‍ അമര്‍ഷം പുകയുന്നു. പ്രബല സര്‍വിസ് സംഘടനാ നേതൃത്വവുമായി അകലുകയാണ് പുതുതലമുറ ജീവനക്കാര്‍. ഇടതു-വലത് സര്‍വിസ് സംഘടനകളില്‍ അംഗങ്ങളായ പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാര്‍ രാഷ്ട്രീയ ഭേദമെന്യേ സംഘടന രൂപീകരിച്ച് സമരം ആരംഭിച്ചു കഴിഞ്ഞു. സര്‍വിസ് സംഘടനകള്‍ക്കു പിരിവു നല്‍കുന്നതും പങ്കാളിത്ത പെന്‍ഷന്‍കാരായ യുവ ഉദ്യോഗസ്ഥര്‍ നിര്‍ത്തി. ഇതു മുഖ്യധാരാ സര്‍വിസ് സംഘടനാ നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്.
2013 ഏപ്രില്‍ ഒന്നിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയതാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. ഒരേ ജോലിക്ക് രണ്ടുതരം ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന ജീവനക്കാരെ സൃഷ്ടിക്കുന്നതിന് ഈ സംവിധാനം കാരണമായി. സര്‍വിസ് സംഘടനകളുടെ തലപ്പത്ത് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാരാണുള്ളത്. ഇവര്‍ പങ്കാളിത്ത പെന്‍ഷന്‍കാരുടെ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ വിമുഖത കാട്ടിയതാണ് പുതുതലമുറ ഉദ്യോഗസ്ഥര്‍ക്കു സ്വയം സംഘടിക്കുന്നതിനും പ്രക്ഷോഭത്തിന് ഇറങ്ങുന്നതിനും പ്രേരണയായത്. പങ്കാളിത്ത പെന്‍ഷന്‍കാരില്‍ ചിലര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച വാട്‌സ് ആപ്പ് കൂട്ടായ്മയില്‍ കാല്‍ ലക്ഷത്തില്‍പരം ജീവനക്കാര്‍ ഇപ്പോള്‍ അംഗങ്ങളാണ്. 2013ല്‍ ഇടത് സര്‍വിസ് സംഘടനകള്‍ ശക്തമായ സമരമാണ് പങ്കാളിത്ത പെന്‍ഷനെതിരേ നടത്തിയത്. കോണ്‍ഗ്രസ് അനുകൂല സര്‍വിസ് സംഘടനകള്‍ സമരം പൊളിക്കാനും ശ്രമിച്ചു. എല്‍.ഡി.എഫ് അധികാരത്തിലേറിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന് മുന്നണി നേതാക്കള്‍ പല വേദികളിലും പ്രഖ്യാപിച്ചിരുന്നു.
അതേസമയം, 2016ല്‍ അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍നിന്നു പിന്‍വലിഞ്ഞു. ഇതു ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായപ്പോള്‍ പുനഃപരിശോധനാ കമ്മിറ്റി രൂപീകരിച്ചു. എന്നാല്‍ ഇതുവരെ സിറ്റിങ് നടത്തിയില്ല. ഇതോടെയാണ് പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ സംഘടിച്ച് സ്റ്റേറ്റ് എന്‍.പി.എസ് എംപ്ലോയീസ് കലക്ടീവ് കേരള എന്ന പേരില്‍ സംഘടന രൂപീകരിച്ച് സമരത്തിന് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."