റാവുവിന് ഭീഷണി ഉയര്‍ത്തി കോണ്‍ഗ്രസിന്റെ 'പ്രജാകുടാമി'
തെലങ്കാന മന്ത്രിസഭ കാലാവധിക്കു മുന്‍പേ പിരിച്ചുവിട്ടു ജനവിധി തേടാനുള്ള തീരുമാനം രാഷ്ട്രീയരംഗത്തു ജിജ്ഞാസയുളവാക്കിയിരുന്നു. വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര്‍ റാവു തെരഞ്ഞെടുപ്പിനു തീരുമാനിച്ചതെന്നു പിന്നിടു തെളിഞ്ഞു.
ബി.ജെ.പിക്കെതിരായി മഹാസഖ്യമുണ്ടാക്കി ലോക്‌സഭയിലേയ്ക്കു മത്സരിക്കുന്നതിനു മുന്‍പ് സംസ്ഥാന ഭരണം കൈപ്പിടിയിലൊതുക്കുകയെന്നതായിരുന്നു പ്രധാനം. ലോക്‌സഭയ്‌ക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തന്റെ ചെറിയ പാര്‍ട്ടിക്കു ദേശീയപ്പാര്‍ട്ടികളുടെ വെല്ലുവിളി അതിജീവിക്കാനാവില്ലെന്ന സംശയമാണു പ്രധാനകാരണം. ലോക്‌സഭയിലേയ്ക്കു മഹാസഖ്യത്തിനു ശ്രമിക്കുമ്പോള്‍, സംസ്ഥാനത്തു വൈരമുണ്ടായ കോണ്‍ഗ്രസിനെയും ടി.ഡി.പിയെയും കൂടെക്കൂട്ടാനാവുമെന്നും റാവു കണക്കുകൂട്ടി.
എന്നാല്‍, ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രജാകുടാമി (ജനസഖ്യം) റാവുവിനു കടുത്ത ഭീഷണിയാണുയര്‍ത്തിയിരിക്കുന്നത്. ഡിസംബര്‍ ഏഴിനാണു തെലങ്കാനയില്‍ തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഡിസംബര്‍ 20നും.
2014 നിയമസഭ ആകെ സീറ്റ് -119
|
2014 ലോക്‌സഭ
|
റാവു ഒറ്റയ്ക്ക്
ജനങ്ങളില്‍ തെലങ്കാന വികാരമുയര്‍ത്തി സംസ്ഥാനം നേടിയെടുത്ത് അധികാരത്തിലേറിയ ചന്ദ്രശേഖരറാവുവിന് ഇരുവശത്തുനിന്നും ശക്തമായ വെല്ലുവിളിയാണു നേരിടേണ്ടി വന്നിരിക്കുന്നത്. ഒന്നുരണ്ടു മാസം മുന്‍പ് ജയമുറപ്പിച്ചിരുന്ന റാവുവിന് ഇപ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നാണു സൂചന. ദേശീയകക്ഷികളായ ബി.ജെ.പിയും കോണ്‍ഗ്രസും ഇരു ചേരികളിലായി എതിര്‍രംഗത്തുണ്ട്. ആന്ധ്രയിലെ കരുത്തരായ ടി.ഡി.പി കോണ്‍ഗ്രസുമായി ചേര്‍ന്നു രൂപീകരിച്ച സഖ്യമാണു റാവുവിന്റെ പ്രതീക്ഷകള്‍ക്കു വിലങ്ങുതടിയാവുന്നത്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രജാകുടാമി സഖ്യം വലിയഭീഷണിയാണുയര്‍ത്തിയിരിക്കുന്നത്. ഈ സഖ്യത്തില്‍ ടി.ഡി.പിയെ കൂടാതെ സി.പി.ഐയും തെലങ്കാന ജനസമിതിയും ഉള്‍പ്പെടുന്നു. ബി.ജെ.പിയേക്കാള്‍ വലിയ ശത്രു കോണ്‍ഗ്രസാണെന്ന നിലപാടിലേയ്ക്കു റാവു മാറിക്കഴിഞ്ഞു. ഇതു വരാനിരിക്കുന്ന മഹാസഖ്യ സാധ്യതയെ എങ്ങനെ ബാധിക്കുമെന്നു പറയാനാവില്ല. സംസ്ഥാനത്ത് വലിയ പ്രചാരണത്തിനു മുതിരാതെ റാവുവിന്റെ ശത്രു നായിഡുവിനെതിരേ നീങ്ങാന്‍ ബി.ജെ.പി നടത്തുന്ന ശ്രമം ലോക്‌സഭയില്‍ റാവുവിന്റെ പിന്തുണ ലഭിക്കുമെന്നു കരുതിയാണ്. നായിഡു, റാവുവിനെ വെട്ടി മഹാസഖ്യ സാധ്യതയ്ക്കായി മറ്റു പാര്‍ട്ടികളെ കാണുന്ന തിരക്കിലാണ്. ഒരിക്കല്‍ മമതയോടൊപ്പം റാവു നടത്തിയ ഈ നീക്കം നായിഡു ഹൈജാക്ക് ചെയ്യുന്നതു കോണ്‍ഗ്രസിനെ വലയില്‍ നിര്‍ത്തിക്കൊണ്ടാണെന്നതാണു ശ്രദ്ധേയം.
ഉവൈസിയുടെ പാര്‍ട്ടി
സംസ്ഥാനത്ത് ശക്തമായ വേരോട്ടമുള്ള പാര്‍ട്ടിയാണ് അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുപതിടത്തു മത്സരിച്ച പാര്‍ട്ടിക്ക് ഏഴു സീറ്റ് നേടാനായി. അതു വന്‍ വിജയമായിക്കാണണം.
കാര്‍ഷികം, തൊഴിലില്ലായ്മ
തെലങ്കാന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയവിഷയങ്ങള്‍ക്കൊന്നും സ്ഥാനമില്ല. കാര്‍ഷികരംഗത്തെ പ്രതിസന്ധികളും തൊഴിലില്ലായ്മയുമാണു പ്രധാനപ്രശ്‌നങ്ങള്‍. കാര്‍ഷിക മേഖലയെ ആശ്രയിക്കുന്ന സംസ്ഥാനത്ത് ഈ രംഗത്തുണ്ടായിരിക്കുന്ന പ്രതിസന്ധി ജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ പോന്നതാണ്.
ഒരുലക്ഷം രൂപ വീതം 42 ലക്ഷം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളി റാവു ജനപ്രിയനാകാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 4500 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിതന്നെ ആക്രമിക്കാനെത്തിയത് റാവുവിന് ക്ഷീണമായി. താങ്ങുവില ആവശ്യപ്പെട്ട കര്‍ഷകരെ റാവു കൈയാമം വച്ചത് ചൂണ്ടിക്കാട്ടി അമിത്ഷായും രംഗത്തെത്തിയിരുന്നു. ഭൂമി ഏറ്റെടുക്കലും തൊഴിലില്ലായ്മയും സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമുയര്‍ത്തിയിട്ടുണ്ട്.
ബി.ജെ.പിയില്‍ തമ്മിലടി
സംസ്ഥാനത്ത് ബി.ജെ.പിയില്‍ തമ്മിലടി രൂക്ഷമാണ്. പാര്‍ട്ടി വക്താവിനുപോലും സീറ്റ് നല്‍കാതിരുന്നത് അടിക്ക് കാഠിന്യം കൂട്ടി. മൂന്നു ദിവസം മുന്‍പ് പാര്‍ട്ടിയില്‍ ചേര്‍ന്ന വസ്തുകച്ചവടക്കാരന് സീറ്റ്‌നല്‍കിയെന്നാണ് ആരോപണം. ടിക്കറ്റ് ലഭിക്കാത്തതിന് പാര്‍ട്ടിയുടെ നിസാമാബാദ് ഓഫിസ് തല്ലിത്തകര്‍ക്കപ്പെടുന്ന സംഭവവുമുണ്ടായി. പാര്‍ട്ടിക്ക് സംസ്ഥാനത്ത് കാര്യമായ നേട്ടം അസാധ്യമാണ്.
കഴിഞ്ഞ തവണ ടി.ഡി.പിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും അഞ്ചു സീറ്റുകള്‍ മാത്രമാണ് നേടാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."