ഭരണപക്ഷം ബഹിഷ്‌കരിച്ചു; പ്രതിപക്ഷം
യോഗം നടത്തി
വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ബോര്‍ഡ് മീറ്റിംഗില്‍ നാടകീയമായ രംഗങ്ങള്‍. ഇന്നലത്തെ പഞ്ചായത്തു യോഗത്തില്‍ ഭരണപക്ഷാംഗങ്ങള്‍ പങ്കെടുത്തില്ല.അതേസമയം പ്രതിപക്ഷാംഗങ്ങള്‍ മാത്രം ചേര്‍ന്നു ബോര്‍ഡ് മീറ്റിംഗ് നടത്തുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് വ്യാഴാഴ്ചത്തെ യോഗത്തെക്കുറിച്ചുള്ള അറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ യോഗം മാറ്റിവെക്കാന്‍ പ്രസിഡന്റ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ സെക്രട്ടറി ഇക്കാര്യം നിരസിച്ചു. യോഗം നിര്‍ത്തിവെച്ച കത്തു ലഭിക്കാത്തതാണു പ്രതിപക്ഷാംഗങ്ങള്‍ യോഗത്തിന് എത്താന്‍ കാരണം. പ്രതിപക്ഷാംഗങ്ങള്‍ എത്തി സെക്രട്ടറിയോടു യോഗത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സമയത്ത് യോഗം നടക്കുമെന്ന് അറിയിക്കുകയായിരുന്നു. അതു പ്രകാരം നേരത്തെ അറിയിച്ച സമയത്ത് തന്നെ പഞ്ചായത്ത് സെക്രട്ടറി മിനിട്‌സുമായി എത്തുകയും പ്രതിപക്ഷത്തിലെ എട്ടുപേരും സെക്രട്ടറിയും ഒപ്പു വെച്ചു മുതിര്‍ന്ന അംഗമായ ജമീല ടീച്ചറെ അധ്യക്ഷയാക്കി യോഗം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
രണ്ടു പ്രമേയങ്ങള്‍ പാസാക്കുകയും ഒരു അജണ്ട അടുത്ത മീറ്റിംഗിലേക്ക് മാറ്റി വെക്കുകയും ചെയ്താണു യോഗം പിരിഞ്ഞത്. യോഗം തുടങ്ങിയ നേരത്തു പ്രസിഡന്റ് എത്തി യോഗം നിര്‍ത്തിവെച്ചതായി അറിയിച്ചെങ്കിലും നിയപരമായി അറിയിപ്പു ലഭിക്കാത്തതിനാല്‍ പ്രതിപക്ഷം യോഗം തുടര്‍ന്നു. ഒന്നാം വാര്‍ഡ് മെമ്പര്‍ സുഹറ ആക്കോട്, മൂന്നാം വാര്‍ഡ് മെമ്പര്‍ ജമീല ടീച്ചര്‍, ആറാം വാര്‍ഡ് മെമ്പര്‍ കെ.എ സലീം, എട്ടാം വാര്‍ഡ് മെമ്പര്‍ നഈമുദ്ധീന്‍ , പതൂന്നാം വാര്‍ഡ് മെമ്പര്‍ സുഹറ, പതിനാറാം വാര്‍ഡ് മെമ്പര്‍ സുഹ്‌റ, പത്തൊമ്പതാം വാര്‍ഡ് മെമ്പര്‍ എം.സി നാസര്‍, പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ഷീബ എന്നിവരാണു യോഗത്തില്‍ പങ്കെടുത്തത്.
ഇടതു പക്ഷവും കോണ്‍ഗ്രസും ചേര്‍ന്നു ഭരണം നടത്തുന്ന പഞ്ചായത്തില്‍ പ്രതിപക്ഷത്തുള്ളത് ഏഴ് ലീഗ് അംഗങ്ങളും ഒരു ബി.ജെ.പി അംഗവുമാണ് . ഇവര്‍ എട്ട് പേരും യോഗത്തിനെത്തിയിരുന്നു.
യോഗത്തിലെ അജണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റിനു പ്രതികൂലമാവുമെന്ന തിരിച്ചറിവാണു യോഗം നിര്‍ത്തിവെക്കാന്‍ പെട്ടെന്നു പ്രസിഡന്റ് തീരുമാനിച്ചതെന്നു പ്രതിപക്ഷംഗങ്ങള്‍ പറയുന്നത്. അതേസമയം ഇന്നലെ നടക്കേണ്ട യോഗം മാറ്റി വെച്ചതായി ബുധനാഴ്ച പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചിട്ടും സെക്രട്ടറി യോഗം മാറ്റിയ തീരുമാനം അംഗങ്ങളെ അറിയിച്ചില്ലെന്നു ഭരണപക്ഷവും പറയുന്നു.
പഞ്ചായത്ത് ഭരണ സമിതിയും സെക്രട്ടറിയും തുടക്കം മുതല്‍ രണ്ട് തട്ടിലായിരുന്നു. അതിനിടെ സെക്രട്ടറിക്കു സ്ഥലംമാറ്റമായി. മറ്റൊരു പഞ്ചായത്തിലേക്കു സ്ഥലംമാറിപോകുന്നതിന്റെ അവസാനദിവസമായിരുന്നു ഇന്നലെ. രാവിലെയും വൈകുന്നേരവുമായി രണ്ടു യോഗങ്ങളും സെക്രട്ടറിക്കു യാത്രയയപ്പുമാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."