മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ടി.ജെ വിനോദ്; അട്ടിമറി പ്രതീക്ഷയില്‍ മനു റോയ്
കൊച്ചി: നേതാക്കളും മന്ത്രിമാരും പോര്‍ക്കളത്തില്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം സജീവമായതോടെ എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിലായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഉപതെരഞ്ഞെടുപ്പ് നേരിട്ട നിയമസഭാ മണ്ഡലമെന്ന ഖ്യാതി നേടിക്കഴിഞ്ഞ എറണാകുളത്ത് പ്രധാന പോരാട്ടം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്. യു.ഡി.എഫ് മേല്‍ക്കോയ്മ അനുദിനം ഊട്ടിയുറപ്പിച്ച മണ്ഡലത്തില്‍ രണ്ടുതവണ ചരിത്രനേട്ടം കൈവരിക്കാന്‍ കഴിഞ്ഞതാണ് ഇടതുമുന്നണിയ്ക്കുള്ള ഏകപ്രതീക്ഷ.1957ല്‍ മണ്ഡലം രൂപീകൃതമായതിനുശേഷം നടന്ന 16 തെരഞ്ഞെടുപ്പുകളില്‍ രണ്ടുതവണ മാത്രമാണ് ചെങ്കൊടി പാറിയത്, അതും സ്വതന്ത്രരിലൂടെ. പാലായില്‍ നേടിയ അട്ടിമറി വിജയത്തിന്റെ ആവേശത്തില്‍ ഇടതുമുന്നണി പ്രചാരണം നടത്തുമ്പോള്‍ പാലായല്ല എറണാകുളമെന്ന് ഓര്‍മപ്പെടുത്തിയാണ് യു.ഡി.എഫ് പ്രചാരണരംഗത്ത് മേല്‍ക്കോയ്മ നേടുന്നത്.
പാലായ്‌ക്കൊപ്പം പാലാരിവട്ടം പാലവും ശബരിമലയുമെല്ലാം തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്ന എറണാകുളത്ത് യു.ഡി.എഫിനും എല്‍.ഡി.എഫിനും പ്രധാനവിഷയം വികസനം തന്നെയാണ്.
ഹൈബി ഈഡന്റെ വികസനപ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് നേട്ടമാക്കുമ്പോള്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണ് ചര്‍ച്ചയാക്കുന്നത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഹൈബി ഈഡനെ ലോക്‌സഭയിലേക്ക് അയച്ച എറണാകുളം മണ്ഡലത്തില്‍ യു.ഡി.എഫ് ഏറ്റവും ശക്തനായ നേതാവിനെ തന്നെയാണ് കളത്തിലിറക്കിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറുമായ ടി.ജെ വിനോദിലൂടെ നഗരാധിപത്യം നിലനിര്‍ത്താമെന്ന് തന്നെയാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.
പാര്‍ട്ടി ചിഹ്നത്തിലുള്ള പരീക്ഷണങ്ങള്‍ പരാജയപ്പെട്ടതോടെ ഇടതുമുന്നണി വീണ്ടും സ്വതന്ത്രസ്ഥാനാര്‍ഥിയെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം റോയിയുടെ മകനും പ്രമുഖ അഭിഭാഷകനുമായ മനു റോയിയാണ് ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി.
1987ല്‍ പ്രൊഫ.എം.കെ സാനുവിലൂടെയും 1998ലെ ഉപതെരഞ്ഞെടുപ്പില്‍ ഡോ.സെബാസ്റ്റിയന്‍ പോളിലൂടെയും മണ്ഡലം പിടിച്ചെടുത്ത ഇടതുമുന്നണിക്ക് ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയുണ്ട്. എന്നാല്‍ അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങള്‍ ഇന്നില്ലെന്നതും ഹൈബി ഈഡന്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേടിയ ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയുമെന്നതുമാണ് യു.ഡി.എഫിന്റെ കരുത്ത്.
കഴിഞ്ഞ 14 തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് മേല്‍ക്കോയ്മ മികച്ച ഭൂരിപക്ഷത്തിലായിരുന്നുവെന്നത് യു.ഡി.എഫിന് അഭിമാനിക്കാവുന്നതാണ്.
2016ല്‍ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും എറണാകുളം ഇളകിയില്ല. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ യുവനേതാവ് അഡ്വ.എം.അനില്‍കുമാറിനെ 21,945 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഹൈബി ഈഡന്‍ പരാജയപ്പെടുത്തിയത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈബിയെ പാര്‍ലമെന്റിലേക്ക് എറണാകുളം അയച്ചത് 31,178 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.
പ്രമുഖ മുന്നണികള്‍ ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയാക്കി സാമുദായിക സമവാക്യങ്ങള്‍ പാലിക്കുമ്പോള്‍ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റും യുവനേതാവുമായ സി.ജി രാജഗോപാലിനെയാണ് ഇത്തവണയും സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. സാംസ്‌കാരികരംഗത്തും രാഷ്ട്രീയരംഗത്തും സജീവമമായി നിലകൊള്ളുന്ന രാജഗോപാലിന്റെ രണ്ടാമത്തെ പോരാട്ടമാണ് ഉപതെരഞ്ഞെടുപ്പ്. ബി.ഡി.ജെ.എസ് അകന്നുനില്‍ക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേടിയ എന്‍.ഡി.എ വോട്ടിന്റെ മുന്നേറ്റം നിലനിര്‍ത്തുകയെന്നതാണ് ബി.ജെ.പിയുടെ വെല്ലുവിളി.
കൊച്ചിന്‍ കോര്‍പ്പറേഷനിലെ 16 ഡിവിഷനുകളും ചേരാനെല്ലൂര്‍ പഞ്ചായത്തും അടങ്ങുന്നതാണ് പുനര്‍നിര്‍ണയിക്കപ്പെട്ട എറണാകുളം നിയോജകമണ്ഡലം.
കന്നിവോട്ടര്‍മാരായ 2,936 പേര്‍ ഉള്‍പ്പെടെ 1,53,837 വോട്ടര്‍മാരാണ് എറണാകുളം മണ്ഡലത്തില്‍ ജനവിധിയെഴുതുക. ഇതില്‍ 78,302 പേര്‍ സ്ത്രീകളും രണ്ടുപേര്‍ ഭിന്നലിംഗക്കാരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."