പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞു: 800 കോടി രൂപയുടെ നിര്‍മാണ ജോലികള്‍ ലേലം കൂടാതെ ഊരാളുങ്കലിന്
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞ്, ഊരാളുങ്കലിനെ സഹായിച്ച് സര്‍ക്കാര്‍. ഒരേസമയം 800 കോടി രൂപയുടെവരെ നിര്‍മാണ ജോലികള്‍ ലേലം കൂടാതെ ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സര്‍ക്കാര്‍ അനുവാദം നല്‍കി. പരമാവധി 150 കോടിവരെയുള്ള ഒരു നിര്‍മാണ പ്രവര്‍ത്തനത്തനം ഏറ്റെടുക്കുന്നതിനും ഊരാളുങ്കലിനെ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
]പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞുകൊണ്ടാണ് ജൂലൈ മാസത്തില്‍ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. 800 കോടിയുടെ പരിധി നിശ്ചയിച്ചു നല്‍കിയെങ്കിലും 2000 കോടിയുടെ വരെ പ്രവൃത്തികളാണ് ഊരാളുങ്കല്‍ സൊസൈറ്റി ഒരേസമയം ചെയ്തുകൊണ്ടിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ കിറ്റ്‌കോ ലിമിറ്റഡ്, എച്ച്.എല്‍.എല്‍ ഇന്‍ഫ്ര ടെക് സര്‍വീസസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് ഊരാളുങ്കലിന് അടുത്തെത്തുന്ന തരത്തിലെങ്കിലും പ്രവര്‍ത്തികള്‍ ഏറ്റെടുക്കാനുള്ള അനുമതിയുള്ളത്. ഈ സ്ഥാപനങ്ങള്‍ക്ക് 750 കോടിയുടെ വരെ പ്രവൃത്തികള്‍ ഒരേസമയത്ത് ഏറ്റെടുക്കാനാകും. സര്‍ക്കാരിതര മേഖലയില്‍തന്നെ ഊരാളുങ്കലിനൊപ്പം ആരുമില്ലെന്നതും ശ്രദ്ധേയമാണ്. 250 കോടിയുടെവരെ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതിയുള്ള ഹാബിറ്റാറ്റാണ് ഊരാളുങ്കലിന് തൊട്ടടുത്തുള്ളത്. ഈ പട്ടികയില്‍ പെടുന്ന മറ്റ് അഞ്ച് സ്ഥാപനങ്ങളുമായി വന്‍ വ്യത്യാസമാണ് ഇക്കാര്യത്തില്‍ ഊരാളുങ്കലിനുള്ളത്.
നിര്‍മാണ ജോലികള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കുള്ള അംഗീകാരം പുതുക്കി നല്‍കിക്കൊണ്ട് ജൂലൈയിലാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മുന്‍പുണ്ടായിരുന്ന പരിധി ഈ ഉത്തരവിലൂടെ എടുത്തുകളഞ്ഞുകൊണ്ടാണ് ഊരാളുങ്കലിനെ സര്‍ക്കാര്‍ കൈയയച്ച് സഹായിക്കുകയും പൊതുമേഖലക്ക് തിരിച്ചടി നല്‍കുകയും ചെയ്തത്. 2014ല്‍ ഒരേസമയത്ത് 250 കോടിയുടെ പ്രവൃത്തികള്‍ മാത്രം ഏറ്റെടുക്കാനാണ് ഊരാളുങ്കലിന് അനുമതി ഉണ്ടായിരുന്നത്. ഇത് 2017ല്‍ 500 കോടിയാക്കി കുത്തനെ ഉയര്‍ത്തി. അതിനുശേഷമാണ് ഇപ്പോഴത് 800 കോടിയായി വര്‍ധിപ്പിച്ചത്. 39 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 45 ഏജന്‍സികളുടെ പട്ടികയില്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്കു പ്രവൃത്തികള്‍ ചെയ്യാന്‍ സംസ്ഥാനത്ത് മറ്റൊരു ഏജന്‍സിയെയും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."