HOME
DETAILS
MAL
കെ.സി.എ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി; ടി.സി മാത്യു ഹൈക്കോടതിയെ സമീപിച്ചു
backup
October 11 2019 | 20:10 PM
സ്വന്തം ലേഖകന്‍
കൊച്ചി: അഴിമതി ആരോപണത്തെ തുടര്‍ന്ന് കെ.സി.എ മുന്‍ പ്രസിഡന്റും ബി.സി.സി.ഐ വൈസ് പ്രസിഡന്റുമായിരുന്ന ടി.സി മാത്യുവിനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) പുറത്താക്കി. അംഗത്വം റദ്ദാക്കണമെന്ന് നേരത്തെ ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചിരുന്നു. രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കെ.സി.എ ജനറല്‍ ബോഡി യോഗം ഈ നിര്‍ദേശം അംഗീകരിക്കുകയായിരുന്നുവെന്ന് നിലവിലെ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. അതേസമയം, അംഗത്വം റദ്ദാക്കാനുള്ള കെ.സി.എ തീരുമാനത്തിനെതിരേ ടി.സി മാത്യു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ടി.സി മാത്യു അസോസിയേഷന്റെ പ്രസിഡന്റായിരിക്കെ ക്രിക്കറ്റ് അസോസിയേഷനില്‍ കോടികളുടെ അഴിമതി നടന്നതായി അസോസിയേഷന്‍ നിയമിച്ച അന്വേഷണ കമ്മിഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകള്‍ ഓംബുഡ്‌സ്മാന്‍ ശരിവയ്ക്കുകയായിരുന്നു. തൊടുപുഴ മണക്കാട് ക്രിക്കറ്റ് സ്റ്റേഡിയ നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു കോടികളുടെ ക്രമക്കേടുകള്‍. ടി.സി മാത്യുവും ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ സെക്രട്ടറിയും മുന്‍ കെ.സി.എ പ്രസിഡന്റുമായ ബി.വിനോദും ഉള്‍പ്പെട്ട സംഘം കെ.സി.എയുടെ പേരില്‍ സ്റ്റേഡിയ നിര്‍മാണവുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേടുകള്‍ നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. സ്റ്റേഡിയം നിര്‍മാണത്തിന്റെ മറവില്‍ വന്‍തോതില്‍ പാറ പൊട്ടിച്ച് അനധികൃതമായി കടത്തി. ഏകദേശം 46 ലക്ഷം രൂപയുടെ പാറയാണ് പൊട്ടിച്ച് കടത്തിയത്. കെ.സി.എയെ അറിയിക്കാതെ വ്യാജമായി രേഖകളുണ്ടാക്കി മൈനോളജി ഡിപ്പാര്‍ട്ട്‌മെന്റിനെ ഈ രേഖകളുടെ മറവില്‍ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഒരുതരത്തിലും ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലമല്ലെന്ന് അറിഞ്ഞിട്ടും ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും കേരള ക്രിക്കറ്റ് അസോസിയേഷനെയും തെറ്റിദ്ധരിപ്പിച്ചാണ് പാറപൊട്ടിച്ചതെന്നും അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ടി.സി മാത്യുവിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തത്.
എന്നാല്‍ ഓംബുഡ്‌സ്മാന്റെ കണ്ടെത്തല്‍ ടി.സി മാത്യു നിഷേധിച്ചിരുന്നു.
തന്റെ ഭാഗം കേള്‍ക്കുകയോ വിശദീകരണം പോലും ചോദിക്കുകയോ ചെയ്യാതെയാണ് ഓംബുഡ്‌സ്മാന്‍ തീരുമാനം എടുത്തതെന്നും അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെന്നും ടി.സി മാത്യു പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടി.സി മാത്യു ഹൈക്കോടതിയില്‍ നല്‍കിയ ഹരജി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കോടതി സ്റ്റേ നടപടികളിലേക്ക് കടക്കാത്തതിനാല്‍ പുറത്താക്കല്‍ നടപടിയുമായി മുന്നോട്ടു പോവാന്‍ കെ.സി.എ വാര്‍ഷിക യോഗം തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."