സിലിയെ ജോളി കൊന്നത് ഷാജുവിന്റെ അറിവോടെയെന്ന് സഹോദരന്‍
കോഴിക്കോട്: ആദ്യ ഭാര്യ സിലിയെ ഷാജുവിന്റെ അറിവോടെയാണ് ജോളി കൊലപ്പെടുത്തിയതെന്ന് ആവര്‍ത്തിച്ച് സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍. കേസ് അന്വേഷിക്കുന്ന വടകര തീരദേശ സി.ഐ ബി.കെ സിജുവിനു നല്‍കിയ മൊഴിയിലാണ് സിജോ ഇക്കാര്യം വ്യക്തമാക്കിയത്. സിലിയുടെ മരണവുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം കൊലപാതകത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മൊഴി രേഖപ്പെടുത്തിയത്.
നേരത്തെ അന്വേഷണസംഘത്തിനു മുന്‍പാകെ നല്‍കിയ മൊഴിതന്നെയാണ് സി.ഐയോടും സിജോ ആവര്‍ത്തിച്ചത്. സിലിക്ക് ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയതില്‍ ഷാജുവിനു പങ്കുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സിലി മരിച്ച ദിവസം ജോളിയാണ് തന്നെ ഫോണില്‍ വിളിച്ചത്.
ഷാജുവിനെ താമരശ്ശേരിയിലെ ദന്തഡോക്ടറെ കാണിക്കാന്‍ പോയപ്പോള്‍ സിലി കുഴഞ്ഞുവീണെന്നും ഉടനെ എത്തണമെന്നുമായിരുന്നു ജോളി പറഞ്ഞത്. ഉടനെ തന്നെ താന്‍ ദന്താശുപത്രിയിലേക്ക് പുറപ്പെട്ടു. അതിനിടയില്‍ ജോളി മൂന്നുതവണ വിളിച്ചിരുന്നു. അവിടെ എത്തുമ്പോള്‍ അവശനിലയില്‍ തളര്‍ന്നുകിടക്കുന്ന സിലിയെയാണ് കണ്ടത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു സിലി. ഉടനെ തന്നെ ആശുപത്രിയിലേക്കു പോകാന്‍ പറഞ്ഞു. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു.
താന്‍ ക്ലിനിക്കിലെത്തുമ്പോള്‍ ജോളിക്ക് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ലെന്നും സിജോ മൊഴി നല്‍കി. സിലിയുടെ കൊലപാതകത്തില്‍ ഷാജുവിനുള്ള പങ്ക് ജോളി വെളിപ്പെടുത്തിയിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് സിജോ പൊലിസിനു നല്‍കിയ മൊഴിയും. ഷാജുവിന്റെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ജോളി പറഞ്ഞിരുന്നത്.
മരണത്തില്‍ സംശയമുണ്ടായിരുന്നുവെങ്കിലും കുടുംബത്തിന്റെ സല്‍പേര് ഓര്‍ത്ത് ആരോടും ഒന്നും പറഞ്ഞില്ലെന്നും സിജോ പറഞ്ഞു. ജോളിയും ഷാജുവും തമ്മില്‍ വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ താക്കീത് നല്‍കിയിരുന്നു.
രണ്ടാം പ്രതിയായ മാത്യുവിന് നല്‍കിയ സയനൈഡ് സിലി കഴിക്കുന്ന ഗുളികയില്‍ ചേര്‍ത്ത് ഒന്നാം പ്രതിയായ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്.
ജോളിയെ ദന്താശുപത്രിയില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സിജോയും അന്വേഷണസംഘത്തിനൊപ്പമുണ്ടായിരുന്നു. നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ജോളിയെ തിരിച്ചറിഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും കാലപ്പഴക്കം കാരണം നഷ്ടപ്പെട്ടുവെന്നാണ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."