നാം തന്നെയാണ് മാറ്റം- കുട്ടികളോട് ഗ്രേറ്റ
ദെന്‍വര്‍: കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പോരാട്ടം തുടരാന്‍ യുവജനങ്ങള്‍ തയാറാവണമെന്ന് പ്രശസ്ത കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രേറ്റ തന്‍ബര്‍ഗ്. കോളറാഡോ തലസ്ഥാനമായ ദെന്‍വറില്‍ കാലാവസ്ഥാ റാലിയില്‍ സംസാരിക്കുകയായിരുന്നു 16കാരിയായ ഗ്രേറ്റ.
നമ്മളാണ് മാറ്റം കൊണ്ടുവരിക. ഇതിനായി അധികാരത്തിലുള്ളവരോട് യാചിക്കേണ്ടതില്ല. പകരം അവരോടു നാം പറയും, അവര്‍ ചെയ്തില്ലെങ്കില്‍ നാമത് ചെയ്യുമെന്ന്. ലോകം ഉണരുകയാണ്. നാം തന്നെയാണ് മാറ്റം. നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മാറ്റം വരുകതന്നെ ചെയ്യും- കരഘോഷങ്ങള്‍ക്കിടെ കൗമാരക്കാരിയായ കാലാവസ്ഥാ പോരാളി പ്രഖ്യാപിച്ചു.
10 മിനുട്ട് മാത്രം സംസാരിച്ച ഗ്രേറ്റയെ കേള്‍ക്കാനായി ആയിരക്കണക്കിനു പേരാണ് സെന്‍ട്രല്‍ പാര്‍ക്കില്‍ ഒത്തുകൂടിയത്. റാലിയില്‍ കൊളറാഡോയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരേ പോരാടുന്ന എട്ടുവയസുകാരി മാധ്‌വി ചിറ്റൂരും സംബന്ധിച്ചു. ദെന്‍വര്‍ എക്‌സ്‌പെഡിഷനറി സ്‌കൂളിലെ നാലാംതരം വിദ്യാര്‍ഥിനികളും പരിപാടിയില്‍ പങ്കെടുത്തു.
ഊര്‍ജസംരക്ഷണത്തിനായി വീട്ടുപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ പ്ലഗ്ഗില്‍നിന്ന് ഊരിവയ്ക്കണമെന്ന് തനിക്കറിയാമെന്ന് 9കാരിയായ ഈ സ്‌കൂളിലെ വിദ്യാര്‍ഥിനി സരിയ എഡ്വേര്‍ഡ് പറഞ്ഞു. കാലാവസ്ഥാവ്യതിയാനം ധ്രുവക്കരടികളെ എങ്ങനെ ബാധിക്കുമെന്ന് സ്‌കൂളില്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്ന് 9കാരിയായ മലീസെ ഡോങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."