റെയ്ഡ്: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുടെ പി.എ തൂങ്ങിമരിച്ചു
ബംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരയുടെ പേഴ്സണല്‍ അസിസ്റ്റന്റ് (പി.എ) രമേശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരമേശ്വരയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് കഴിഞ്ഞദിവസം റെയ്ഡ് നടത്തുകയും രമേശ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുകയുമുണ്ടായിരുന്നു.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തതില്‍ രമേശിന്റെ വീടും ഉള്‍പ്പെടും. ഇതിന് പിന്നാലെയാണ് ഇന്നലെ ബംഗളൂരു യൂനിവേഴ്സിറ്റി കാംപസിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് അദ്ദേഹം സ്വന്തം കാറില്‍ വീട്ടില്‍ നിന്ന് പോയത്. ജീവനൊടുക്കും മുന്‍പ് രമേശ് അടുത്ത സുഹൃത്തിനെ വിളിക്കുകയും ആദായനുകുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വല്ലാതെ വേട്ടയാടുന്നുവെന്നും ഇനിയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചാല്‍ ജീവനൊടുക്കുമെന്ന് പറഞ്ഞതായും സുഹൃത്ത് വെളിപ്പെടുത്തി. പിന്നാലെ രമേശിന്റെ ഫോണ്‍ സ്വിച് ഓഫായി. ഇതോടെ ബന്ധുക്കള്‍ പൊലിസിനെ അറിയിക്കുകയും ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയെന്നും പൊലിസ് പറഞ്ഞു.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ തുടര്‍ച്ചയായി വേട്ടയാടുകയാണെന്നും അതിനാലാണ് ഈ കടുംകൈ ചെയ്തതെന്നും അദ്ദേഹം എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ഹവാല കേസില്‍ പങ്കുണ്ടെന്നു തെളിഞ്ഞാല്‍ രമേശിനെ ജയിലിലടക്കുമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുമ്പോള്‍ രമേശ് തന്റെ കൂടെയുണ്ടായിരുന്നുവെന്നും ഒന്നും സംഭവിക്കില്ലെന്നും വിഷമിക്കേണ്ടതില്ലെന്നും അവനോട് പറഞ്ഞിരുന്നുവെന്നും ജി. പരമേശ്വര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."