കത്‌വ: ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചും ക്രൂരത
ന്യൂഡല്‍ഹി: ജമ്മു കശ്മിരിലെ കത്‌വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ കുടുംബത്തിന് നിയമസഹായത്തിനും മറ്റുമായി തുടങ്ങിയ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.
പൊതുജനങ്ങളില്‍നിന്നും സന്നദ്ധസംഘടനകളില്‍നിന്നും സഹായമഭ്യര്‍ഥിച്ചു തുടങ്ങിയ ജമ്മു കശ്മിര്‍ ബാങ്കിലെ (ജെ.കെ ബാങ്ക്) അക്കൗണ്ട് ആണ് മരവിച്ചത്. അക്കൗണ്ട് മരവിപ്പിച്ചതായി ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചിട്ടില്ലെങ്കിലും നിലവില്‍ ഈ അക്കൗണ്ടിലുള്ള പണം എടുക്കാന്‍ കുടുംബത്തിനു കഴിയുന്നില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം ദേശീയ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി. ബാങ്ക് സി.ഇ.ഒ പര്‍വേസ് അഹമ്മദിനെ എതിര്‍കക്ഷിയായി ചേര്‍ത്താണ് പരാതി നല്‍കിയത്. ഇന്നലെ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, ട്രഷറര്‍ മുഹമ്മദ് യൂനുസ്, യൂത്ത് ലീഗ് ലീഗല്‍ സെല്‍ ചെയര്‍മാനും സുപ്രിംകോടതി അഭിഭാഷകനുമായ അഡ്വ. സയ്യിദ് മര്‍സൂഖ് ബാഫഖി എന്നിവരോടൊപ്പമാണ് പെണ്‍കുട്ടിയുടെ പിതാവ് ഡല്‍ഹിയിലെ കമ്മിഷന്‍ ആസ്ഥാനത്തെത്തിയത്.
നോട്ടിസ് പോലും നല്‍കാതെയാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും നിക്ഷേപിക്കപ്പെട്ട തുക ബാങ്കിന്റെ ആസ്ഥാനത്തുനിന്ന് അക്കൗണ്ടിലേക്കു മാറ്റപ്പെടാതെ തടഞ്ഞുവച്ചിരിക്കുകയാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പരാതിയില്‍ ബോധിപ്പിച്ചു. അക്കൗണ്ട് എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാളെ തന്നെ ബാങ്ക് അധികൃതര്‍ക്ക് നോട്ടിസയക്കുമെന്നും ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷന്‍ പിതാവിന് ഉറപ്പുനല്‍കി. സംഭവത്തിനു ശേഷം ഇപ്പോഴും കേസിലെ പ്രതികളുടെ ബന്ധുക്കളില്‍ നിന്നുണ്ടാവുന്ന ഭീഷണികളെ കുറിച്ചും പിതാവ് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പഞ്ചാബ് പത്താന്‍കോട്ടിലെ വിചാരണക്കോടതിയിലാണ് കേസ് പുരോഗമിക്കുന്നത്. മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് കേസ് സുപ്രിംകോടതി കശ്മിരില്‍നിന്നു പഞ്ചാബിലേക്ക് മാറ്റിയത്. പഞ്ചാബിലെ ബി.ജെ.പി നേതൃത്വത്തിനു കീഴില്‍ അഭിഭാഷകരുടെ വലിയ നിരതന്നെ പ്രതികള്‍ക്കു വേണ്ടി ഹാജരാവുന്നുണ്ട്.
കുടുംബത്തിനു വേണ്ടി യൂത്ത് ലീഗ് ആണ് നിയമസഹായം നല്‍കിവരുന്നത്. ബാങ്ക് അക്കൗണ്ട് മരവിച്ച സാഹചര്യത്തില്‍ കേസ് നടപടികള്‍ക്കുള്ള മുഴുവന്‍ സാമ്പത്തിക സഹായങ്ങളും യൂത്ത് ലീഗ് ദേശീയകമ്മിറ്റി വഹിക്കുമെന്ന് സി.കെ സുബൈര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."