മരടില്‍ ഇനി കോണ്‍ഗ്രസ് ഭരണം
മരട്: നഗരസഭയില്‍ ഇന്നലെ നടന്ന ചെയര്‍പെഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സുനില സിബി ചെയര്‍പെഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലില്‍ ഏറ്റവും പ്രായം കുറഞ്ഞവ്യക്തിയും ഇവര്‍ തന്നെ. എതിര്‍ സ്ഥാനാര്‍ഥിയായ എല്‍.ഡി.എഫ് സ്വതന്ത്ര മുന്‍ നഗരസഭ ചെയര്‍പെഴ്‌സണ്‍ ദിവ്യ അനില്‍കുമാറിനെയാണ് പതിനാറിനെതിരേ പതിനേഴു വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയത്.
ഇതോടെ എല്‍.ഡി.എഫിന്റെ കൈവശമിരുന്ന ചെയര്‍പെഴ്‌സണ്‍ സ്ഥാനം യു.ഡി.എഫിന്റെ കരങ്ങളിലാവുകയും ഭരണം പൂര്‍ണമായും യു.ഡി.എഫിനു ലഭിക്കുകയും ചെയ്തു. മുപ്പത്തിമൂന്നംഗ നഗരസഭയില്‍ ഇരു മുന്നണിക്കും പതിനഞ്ചു വീതമാണ് കക്ഷി നില. അതില്‍ ഒരു സ്വതന്ത്ര വനിത ഇടതു പക്ഷത്തിനും രണ്ട് കോണ്‍ഗ്രസ് വിമതര്‍ യു.ഡി.എഫിലേക്കും മാറിയതോടെയാണ് യു.ഡി.എഫിനു ഭൂരിപക്ഷമായത്.
ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പാളയത്തില്‍ നിലനിന്നിരുന്ന അനിശ്ചിതത്വം തിങ്കളാഴ്ച രാത്രിയോടെയാണു പരിഹരിക്കപ്പെട്ടത്. കോണ്‍ഗ്രസ് ഐ വിഭാഗത്തെ വര്‍ഷങ്ങളായി ബലിയാടാക്കപ്പെടുന്ന സ്ഥിതിവിശേഷമാണു തുടരുന്നതെന്നും ഒരു തരത്തിലും സ്ഥാനമാനങ്ങള്‍ നല്‍കാന്‍ തയ്യാറാകാത്ത എവിഭാഗത്തിനെതിരെ കര്‍ശന വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇപ്രാവശ്യം ആദ്യത്തെ ആറു മാസമെങ്കിലും തങ്ങള്‍ക്കു ചെയര്‍പെഴ്‌സണ്‍ സ്ഥാനം ലഭിക്കണമെന്നു തന്നെയായിരുന്നു ഇവരുടെ വാദം.
എന്നാല്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞതില്‍ രണ്ടാമത്തെ ടേം ഐ വിഭാഗത്തിന് എന്നത് സ്വീകാര്യമാവാതെ ഐ വിഭാഗം കൗണ്‍സില്‍ അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും രാജി സന്നദ്ധ പ്രകടിപ്പിക്കുകയും പാര്‍ട്ടി വിപ്പു പോലും കൈപറ്റാതെ പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ നിന്നു വിട്ടു നിന്നതും നേതാക്കള്‍ക്ക് തലവേദനയായി മാറി. എന്നാല്‍ രാത്രിയോടെ കെ.പി.സി.സി.നേതാക്കളായ വി.ഡി സതീശന്‍, കെ.ബി മുഹമ്മദു കുട്ടി, മരടിലെ ഐ വിഭാഗം പ്രവര്‍ത്തകനായ സന്തോഷ് പുത്തം പുരക്കല്‍ എന്നിവര്‍ ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിക്കുകയും കൗണ്‍സിലര്‍ അടക്കം പ്രവര്‍ത്തകര്‍ കൂട്ടരാജിയില്‍ നിന്നും പിന്‍മാറുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ സുഗമമായത്. തിരഞ്ഞെടുപ്പു സമയം ഐ വിഭാഗം പ്രവര്‍ത്തകര്‍ പുതിയ ചെയര്‍പെഴ്‌സനെ സ്വീകരിക്കുന്നതിന് കൂട്ടമായി എത്തിയതും ശ്രദ്ധേയമായി. പട്ടികജാതി പട്ടിക വികസ ഉദ്യോഗസ്ഥന്‍ അബ്ദുള്‍ സത്താര്‍ വരണാധികാരിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."