സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുന്നതില്‍ വീഴ്ച അനുവദിക്കില്ല
കാക്കനാട്: സ്ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികളില്‍ വീഴ്ച വരുത്തുന്നത് അനുവദിക്കാനാകില്ലെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി.
സമിതി ചെയര്‍പേഴ്‌സണ്‍ ഐഷ പോറ്റി എം.എല്‍.എയുടെ നേതൃത്വത്തില്‍ കാക്കനാട് കലക്ടറേറ്റില്‍ നടന്ന നിയമസഭ സമിതി സിറ്റിങില്‍ സ്ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും വിവിധ പ്രശ്‌നങ്ങള്‍ സമിതി ചര്‍ച്ച ചെയ്തു. സാമൂഹ്യനീതി, ആരോഗ്യ കുടുംബക്ഷേമം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരോട് വിവിധ വിഷയങ്ങളില്‍ പ്രശ്‌ന പരിഹാരത്തിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സമിതി നിര്‍ദേശിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും നേരേ നടക്കുന്ന അതിക്രമങ്ങളിലും നീതി നിഷേധത്തിലും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് സമിതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
സമിതിക്കു മുന്‍പാകെ നേരത്തേ ലഭിച്ച അഞ്ച് പരാതികളും ഇന്നു ലഭിച്ച ആറു പരാതികളുമാണ് സമിതിക്കു മുന്നിലുണ്ടായിരുന്നത്. മുന്‍ പരാതികളിന്മേല്‍ സ്വീകരിച്ച നടപടികള്‍ സമിതി വിലയിരുത്തി. ഡേ കെയറുകളുടെ ലൈസന്‍സിന് പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കാനുള്ള നിര്‍ദേശം സമിതി വിലയിരുത്തി. ഇതു സംബന്ധിച്ച് സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സമിതി വ്യക്തമാക്കി. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡേ കെയറുകളിലും സാമൂഹ്യനീതി വകുപ്പിന്റെ കര്‍ശന നിരീക്ഷണമുണ്ടാകണമെന്ന് സമിതി നിര്‍ദേശിച്ചു.
കുട്ടികളുടെ ക്ഷേമത്തിനായുളള ദേശീയ നയം അടിസ്ഥാനമാക്കി സംസ്ഥാനത്തിന് പ്രത്യേക നയം രൂപീകരിച്ച് ഡേ കെയറുകളുടെയും പ്ലേ സ്‌കൂളുകളുടെയും പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ രൂപീകരിക്കാമെന്ന് രാജഗിരി കോളജിലെ ഔട്ട്‌റീച്ച് പ്രോഗ്രാം പ്രൊജക്ട് ഡയറക്ടറും മുന്‍ ബാലാവകാശ കമ്മിഷനംഗവുമായ മീന കുരുവിള സമിതിയോട് ശുപാര്‍ശ ചെയ്തു.
കോതമംഗലം ആദിവാസി മേഖലകളില്‍ ശൈശവ വിവാഹം വ്യാപകമായി നടക്കുന്നുണ്ടെന്നും ഇതു തടയുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും ശിശു വികസന പദ്ധതി ഓഫിസര്‍ ജുമൈല ബീവി സമിതിക്കു മുന്‍പാകെ ആവശ്യമുന്നയിച്ചു. പകര്‍ച്ചപ്പനിക്ക് മുവാറ്റപുഴയില്‍ മരുന്ന് ലഭ്യമല്ലെന്ന പായിപ്ര സ്വദേശി സോമന്റെ പരാതിയിന്മേല്‍ ഉടന്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് സമിതി നിര്‍ദേശം നല്‍കി.
സിറ്റിങിനു ശേഷം കാക്കനാട് പെണ്‍കുട്ടികളുടെ ചില്‍ഡ്രന്‍സ് ഹോമിലും ആണ്‍കുട്ടികള്‍ക്കായുള്ള ഒബ്‌സര്‍വേഷന്‍ ഹോമിലും സമിതി സന്ദര്‍ശനം നടത്തി.
സമിതി അംഗങ്ങള്‍ എം.എല്‍.എമാരായ സി.കെ ആശ, ഡോ.എന്‍ ജയരാജ്, യു പ്രതിഭ ഹരി, ഇ.കെ വിജയന്‍, ജോയിന്റ് സെക്രട്ടറി സജീവന്‍, ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, എ.ഡി.എം എം.പി ജോസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."