വൃത്തിഹീനം; ഇതരസംസ്ഥാന തൊഴിലാളികളുടെ ടെന്റുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം
പൂച്ചാക്കല്‍: ചേന്നംപള്ളിപ്പുറം വ്യവസായ കേന്ദ്രത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുന്ന സ്ഥലങ്ങള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം.താമസസ്ഥലത്ത് മതിയായ വൃത്തിയില്ല. പകര്‍ച്ചവ്യാധി സാധ്യതകള്‍ തുടങ്ങിയ കാരണങ്ങളെ തുടര്‍ന്നാണ് നടപടി.
വ്യാവസായ മേഖലയില്‍ നിര്‍മാണം നടക്കുന്ന രണ്ടു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിര്‍മാണ അനുബന്ധ തൊഴിലുകള്‍ക്കായാണ് ജാര്‍ഖണ്ഡ്, ബീഹാര്‍,ബംഗാള്‍, ആസാം സ്വദേശികളെ എത്തിച്ചിരിക്കുന്നത്. രണ്ടു താമസസ്ഥലത്തായി150ല്‍പ്പരം തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ടെന്റ് കെട്ടിയാണ് താമസം.സ്ത്രീകളും കുഞ്ഞുങ്ങളുമുണ്ട്.അവിടെ മതിയായ സുരക്ഷ, വൃത്തി എന്നിവയില്ല,തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി മുറികളോ, ശുചിമുറികളോ ഇല്ല, വിസര്‍ജ്യങ്ങള്‍ പൊതുസ്ഥലത്തേക്കു പോകുന്നു, ഇതുമൂലം ജലമലിനീകരണവും പകര്‍ച്ച വ്യാധി സാധ്യതകളും ഉണ്ടാകുന്നു തുടങ്ങിയ കാര്യങ്ങളാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.കുഞ്ഞുങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും വിവിധ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തതാണോ എന്ന് അറിയില്ലെന്നും അധികൃതര്‍ പറഞ്ഞു.തൊഴിലാളികളുടെ രക്ത സാമ്പിളുകളും അധികൃതര്‍ ശേഖരിച്ചു. മുന്‍പ് ഇവര്‍ക്ക് ഇത് സംബന്ധിച്ചു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും അനുകൂല മറുപടിയോ,നടപടികളോ ഉണ്ടായില്ല.
അതിനാലാണ് അടിയന്തരമായി താമസസ്ഥലങ്ങള്‍ അടച്ചുപൂട്ടുന്നതിന് നിര്‍മാണ തൊഴിലാളി കരാറുകാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്. മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.എസ്.അഞ്ജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി.മാധവന്‍കുട്ടി, വി.സി.ഗീതകുമാരി, കെ.ജി.രാധാകൃഷ്ണന്‍, എ.ജി.ശ്രീകാന്ത്, ഒ. അനിത, നിത,വിനീതമോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."