റിയോ ഒളിംപിക്‌സ്: ബാക്കിയാവുക പ്രതീക്ഷകള്‍ മാത്രമായിരിക്കുമോ
മുപ്പത്തിയൊന്നാം ഒളിംപിക്‌സ് മത്സരം ബ്രസീലിലെ റിയോ ഡി ജനിറോയിലെ മാറക്കാന സ്റ്റേഡിയത്തില്‍ ദീപം തെളിഞ്ഞതോടെ ആരംഭിച്ചിരിക്കുകയാണ്. ലോകത്തിന്റെ കായികമഹോത്സവമെന്നറിയപ്പെടുന്ന ഒളിംപിക്‌സ് മത്സരത്തിന് ആതിഥേയരായി നാലുവര്‍ഷം മുന്‍പ് ബ്രസീലിനെയാണ് തെരഞ്ഞെടുത്തത്. അന്നുതന്നെ ബ്രസീല്‍ ജനത ഈ മാമാങ്കത്തിനെതിരേ റോഡുകളിലിറങ്ങി പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. രാജ്യം കടുത്ത സാമ്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരമൊരു മാമാങ്കത്തിന് ആതിഥ്യം വഹിക്കാനുള്ള കെല്‍പ്പ് ബ്രസീലിനില്ലെന്നും രാജ്യത്തെ ഇതു കൂടുതല്‍ പാപ്പരാക്കുമെന്നുമുള്ള ചിന്തയില്‍നിന്നായിരുന്നു പ്രതിഷേധം.
എന്നാല്‍, സര്‍ക്കാര്‍ വഴങ്ങാതെ മത്സരത്തിനുള്ള ഒരുക്കങ്ങളുമായി മുന്‍പോട്ടുപോയി. രാജ്യാന്തര മത്സരത്തിനുള്ള വേദിയായി ബ്രസീല്‍ മാറുമ്പോള്‍ കൂടുതല്‍ നിക്ഷേപസാധ്യതയും ക്രയവിക്രയവും നടക്കുമെന്നും രാജ്യത്തിനു സാമ്പത്തികാഭിവൃദ്ധിയുണ്ടാകുമെന്നുമുള്ള നിഗമനമായിരിക്കാം ഇത്തരമൊരു തീരുമാനത്തിനു പിന്നില്‍. ഒളിംപിക്‌സ് മത്സരം നടത്തിക്കൊണ്ടുപോകാനുള്ള ചെലവുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമരക്കാരുടെ പ്രതിഷേധങ്ങള്‍ തള്ളിക്കളയാന്‍ പറ്റുന്നതായിരുന്നില്ല.
എല്ലാ പ്രാവശ്യത്തെയുംപോലെ ഇത്തവണയും പ്രതീക്ഷകളുടെ ഭാരവുമായാണ് ഇന്ത്യന്‍ ടീമും മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി 118 താരങ്ങളുമായാണ് ഇപ്രാവശ്യം ഇന്ത്യ മത്സരത്തിനൊരുങ്ങുന്നത്. ബെയ്ജിങ് ഒളിംപിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയടക്കം ഒട്ടേറെപ്പേര്‍ നമുക്കു മെഡല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷ് അടക്കം പതിനൊന്നു മലയാളികളും ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുന്നുവെന്നതു കേരളീയരെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. 1984 ല്‍ ലോസ് ആഞ്ചലസില്‍ നടന്ന ഒളിംപിക്‌സില്‍ ഏഷ്യയുടെ സ്പ്രിന്റ് റാണിയെന്നു വിശേഷിക്കപ്പെടുന്ന പി.ടി ഉഷയ്ക്ക് മെഡല്‍ നഷ്ടമായത് 0.01 സെക്കന്റിന്റെ വ്യത്യാസത്തിലായിരുന്നു. ആ ഉഷയുടെ കീഴില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ഉഷയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യയും 800 മീറ്ററിലെ ദേശീയ റെക്കോര്‍ഡുകാരിയുമായ ടിന്റു ലൂക്കയും റിയോ ഒളിംപിക്‌സില്‍ മത്സരിക്കുന്നുണ്ട്. ഉഷയ്ക്കു നഷ്ടപ്പെട്ട മെഡല്‍ ടിന്റു ലൂക്കയിലൂടെ തിരിച്ചുപിടിക്കാനാകുമെങ്കില്‍ അതു മധുരോദാരമായ വീണ്ടെടുപ്പു തന്നെയായിരിക്കും. ടിന്റുവിന്റെ ശാരീരികക്ഷമതയെക്കുറിച്ച് ഉഷതന്നെ വേവലാതിപ്പെടുമ്പോള്‍ ഭാഗ്യനിര്‍ഭാഗ്യങ്ങളാണ് ഇന്ത്യയുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്ന ധാരണ തെറ്റുന്നില്ല.
ബെയ്ജിങ് ഒളിംപിക്‌സില്‍ ഷൂട്ടിങ് മത്സരത്തില്‍ അഭിനവ് ബിന്ദ്രക്ക് സ്വര്‍ണമെഡല്‍ നേടാന്‍ കഴിഞ്ഞതിലും ടിന്റു ലൂക്കയെപ്പോലുള്ളവര്‍ക്ക് ഭാഗ്യനിര്‍ഭാഗ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നതും ചിന്തിക്കേണ്ട വിഷയം തന്നെയാണ്. ധനാഢ്യനായ പിതാവ് ഒരുക്കിക്കൊടുത്ത വിപുലമായ പരിശീലന സൗകര്യമാണ് ബിന്ദ്രയെ സ്വര്‍ണമെഡല്‍ സമ്മാനിതനാക്കിയത്. പി.ടി ഉഷക്ക് 1984 ല്‍ മികച്ച പരിശീലനം കിട്ടിയിരുന്നുവെങ്കില്‍ നഷ്ടപ്പെട്ട വെങ്കലത്തിനുപകരം വെള്ളിമെഡല്‍തന്നെ കിട്ടുമായിരുന്നു.
നമ്മുടെ താരങ്ങളുടെ ഇച്ഛാശക്തിയും ആത്മവിശ്വാസവുമാണ് അവരെ ഒളിംപിക്‌സ്‌പോലുള്ള അന്താരാഷ്ട്ര മത്സരവേദികളിലെത്തിക്കുന്നത്. അല്ലാതെ ഇന്ത്യയുടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തലപ്പത്തിരിക്കുന്നവരുടെ ആത്മാര്‍പ്പണംകൊണ്ടോ കായികരംഗത്തോട് അവര്‍ക്കുള്ള പ്രതിബദ്ധതകൊണ്ടോ അല്ല. ഇതരരാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി ഇന്ത്യയിലെ കായിക കൗണ്‍സിലുകളുടെയെല്ലാം തലപ്പത്ത് പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ കയറിയിരിപ്പാണു വര്‍ഷങ്ങളായിട്ട്. മുപ്പതും അതിലധികവും വര്‍ഷം പ്രസിഡന്റ് സ്ഥാനത്തു വിരാജിക്കുന്നവരുണ്ട്.
തുടര്‍ച്ചയായി ആ കസേരയില്‍ ഇരിക്കുന്ന കൗണ്‍സില്‍ പ്രസിഡന്റുമാര്‍ക്കു വ്യക്തിതാല്‍പ്പര്യങ്ങളും വ്യക്തിവിദ്വേഷങ്ങളുമുണ്ടാവുക സ്വാഭാവികം. അഴിമതിക്കും നല്ല അവസരം നല്‍കുന്നു ഇത്തരം സ്ഥാനമാനങ്ങള്‍. ഇന്ത്യ രാജ്യാന്തരമത്സരങ്ങളില്‍ പിന്തള്ളപ്പെടുന്നതിന്റെയും സ്‌പോര്‍ട്‌സ്, ഗെയിംസ് തകര്‍ച്ചയുടെയും കാരണങ്ങളാണ് ഇതൊക്കെയും.
സുരേഷ് കല്‍മാഡി എന്ന രാഷ്ട്രീയ നേതാവായിരുന്നു കുറേക്കാലം ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനെ തലപ്പത്തിരുന്നു ഭരിച്ചുകൊണ്ടിരുന്നത്. അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് പുറത്തുപോകേണ്ടിവന്ന സുരേഷ് കല്‍മാഡിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ഒളിംപിക്‌സ താരങ്ങള്‍ക്കു വലുതായൊന്നും ചെയ്യാനായില്ല. അതേപോലെ ധനമന്ത്രിയായ അരുണണ്‍ജെയ്റ്റ്‌ലി എന്ന ബി.ജെ.പി നേതാവും എന്‍.സി.പി നേതാവായ മുന്‍കേന്ദ്രമന്ത്രി ശരത്പവാറും മറ്റൊരു രാഷ്ട്രീയനേതാവായ രാജീവ് ശുക്ലയുമൊക്കെയാണ് ഇന്ത്യയുടെ ഒളിംപിക്‌സ്-കായിക-ഗെയിംസ് അസോസിയേഷനുകളുടെ തലപ്പത്തുണ്ടായിരുന്നവരും ഇപ്പോഴുള്ളവരും.
ബി.സി.സി.ഐ അധ്യക്ഷനായിരിക്കേ അഴിമതിയില്‍ കുടുങ്ങി ലണ്ടനിലേക്ക് ഒളിച്ചുകടന്ന ലളിത്‌മോഡിയെ ഇന്ത്യയിലേയ്ക്കു തിരിച്ചുകൊണ്ടുവരാന്‍ ഇതുവരെ ഇന്ത്യാ ഗവണ്‍മെന്റിനു കഴിഞ്ഞിട്ടില്ല. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ക്രമക്കേടുമായി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേരു മാധ്യമങ്ങളില്‍ വന്നതാണ്. രാജ്യത്തെ മിക്ക കായികസംഘടനകളുടെയും തലപ്പത്തുള്ളവരെല്ലാം രാഷ്ട്രീയനേതാക്കളോ അവരുടെ ആശ്രിതരോ ആണ്. ഓരോരുത്തരും അവരുടെ സ്ഥാനങ്ങളെ ദുരുപയോഗം ചെയ്യുമ്പോള്‍ എങ്ങനെയാണ് ഒളിംപിക്‌സ് പോലുള്ള മത്സരങ്ങളില്‍ ഇന്ത്യക്കു നേട്ടം കൊയ്യാനാവുക. താരങ്ങളോടുള്ള വ്യക്തിവിദ്വേഷം തീര്‍ക്കാനും അഴിമതി നടത്താനുമാണു പലരും പ്രസിഡന്റ് സ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. മികച്ച താരങ്ങളാണ് ഈ സ്ഥാനങ്ങളില്‍ വരേണ്ടത്.
സാനിയ മിര്‍സ, സൈനാ നെഹ്‌വാള്‍ തുടങ്ങിയവരൊക്കെയും രാജ്യാന്തര പ്രശസ്തിയിലേക്കുയര്‍ന്നത് അവരവരുടെ കാശുമുടക്കി നേടിയെടുക്കുന്ന പരിശീലനംകൊണ്ടാണ്; സംഘടനകളുടെ തലപ്പത്തിരിക്കുന്നവരുടെ ആത്മാര്‍പ്പണം കൊണ്ടല്ല. പലര്‍ക്കും സ്വന്തം കാശുമുടക്കി മികച്ച പരിശീലനം നേടാന്‍ കഴിയണമെന്നില്ല. 2002 ല്‍ ആരംഭിച്ച ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിനു കേന്ദ്രസര്‍ക്കാറോ സംസ്ഥാന സര്‍ക്കാറോ ഇതുവരെ നയാപൈസ സഹായം നല്‍കിയിട്ടില്ല.
കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലോട്ടറി തട്ടിപ്പ് പുറത്തുപറഞ്ഞ രാജ്യാന്തര സ്‌പോര്‍ട്‌സ് താരവും കൗണ്‍സില്‍ പ്രസിഡന്റുമായിരുന്ന അഞ്ജു ബോബി ജോര്‍ജിനെ പുകച്ചു പുറത്തുചാടിച്ച് ആരോപണവിധേയനും രാഷ്ട്രീയക്കാരനുമായ മുന്‍പ്രസിഡന്റിനെത്തന്നെ തല്‍സ്ഥാനത്ത് അവരോധിച്ച് കേരളവും ഇത്തരം കാര്യങ്ങളില്‍ വളരെ പിന്നിലൊന്നുമല്ലെന്നു തെളിയിച്ചിരിക്കുകയാണ്. ഇത്തരമൊരവസ്ഥയില്‍ നമുക്കൊക്കെ ഒളിംപിക്‌സ് പോലുള്ള രാജ്യാന്തര മത്സരങ്ങളില്‍ മെഡലുകള്‍ പ്രതീക്ഷിക്കുകയേ നിവൃത്തിയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."