കുട്ടിയുടെ ദേഹത്ത് ബൈക്ക് ഇടിച്ചതിന് ബൈക്ക് യാത്രക്കാരനെ അടിച്ച്കൊന്നു; നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മരിച്ചതെന്ന് പൊലിസ്
ന്യൂഡല്‍ഹി: നിയന്ത്രണം വിട്ട ബൈക്ക് റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ ഇടിച്ചതിന് ബൈക്ക് യാത്രക്കാരനെ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം നടന്നത്.
ബൈക്കില്‍ കൊല്ലപ്പെട്ടയാളുടെ കൂടെ സഞ്ചരിച്ചിരുന്ന രണ്ട് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് ഇടിച്ച കുട്ടിയും ചികിത്സയിലാണ്. സംഭവത്തില്‍ നാല് പേരെ പിടികൂടിയെങ്കിലും ഒരുസംഘമാളുകള്‍ പൊലിസ് ജീപ്പ് വളഞ്ഞ് വച്ച് ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടത് സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥയുണ്ടാക്കി.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ആള്‍ക്കൂട്ടത്തിന്റെ അക്രമണത്തിനിടെ ഒരാള്‍ ചിത്രീകരിച്ച ദൃശ്യങ്ങളില്‍ സംഭവങ്ങളെല്ലാം വ്യക്തമാണ്. 20ഓളം പേര് ചേര്‍ന്ന് കൊല്ലപ്പെട്ട യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യത്തില്‍ കാണാം. മറ്റ് രണ്ട് പേര് മര്‍ദ്ദനത്തില്‍ പരുക്കേറ്റ് നിലത്ത് കിടക്കുന്നുണ്ട്. ഇതിനടുത്തായി അപകടത്തില്‍പ്പെട്ട ബൈക്കുമുണ്ട്.
എന്നാല്‍ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് യുവാവ് മരിച്ചതെന്നാണ് പൊലിസിന്റെ ഭാഷ്യം. കുട്ടിയെ ഇടിച്ചതിന് ശേഷം നാട്ടുകാര്‍ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ യുവാക്കള്‍ വേഗത്തില്‍ രക്ഷപ്പെടുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് അഖിലേഷ് നാരായണ്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."