ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മാലിന്യം കുന്നുകൂടുന്നു
മാള: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ മാലിന്യം കുന്നുകൂടുന്നത് യാത്രക്കാര്‍ക്കു ദുരിതമാകുന്നു.
ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോപ്ലക്സിലെ കച്ചവടക്കാരാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. ബസ് സ്റ്റാന്‍ഡ് വൃത്തിയാക്കാന്‍ ഏല്‍പ്പിച്ചിട്ടുള്ള ജോലിക്കാരന് ഏതാനും ദിവസങ്ങളായി എത്താത്തതു കാരണമാണ് ബസ്സ്റ്റാന്‍ഡില്‍ നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്നത് നിലച്ചത്. പകരം ശുചീകരണത്തിന് ആളെ ചുമതലപ്പെടുത്താത്തത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് ആക്ഷേപമുണ്ട് . ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ എത്തുന്ന മാള പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് വൃത്തിഹീനമായതോടെ രൂക്ഷമായ ദുര്‍ഗന്ധം കാരണം യാത്രക്കാര്‍ക്ക് ഇവിടെ മൂക്ക് പൊത്താതെ ഇരിക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്.
കൂടാതെ നിരോധനം ലംഘിച്ച് ബസ്സ്റ്റാന്‍ഡിന്റെ ഉള്ളില്‍ ചുമരുകളില്‍ പല പരസ്യ പോസ്റ്ററുകളും ഒട്ടിച്ചതിനെതിരേയും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ പോസ്റ്ററുകളും സിനിമാ പോസ്റ്ററുകളും ഒട്ടിച്ചു ചുമരുകള്‍ വൃത്തിഹീനമായിരിക്കുകയാണ്. എത്രയും പെട്ടെന്ന് ബസ് സ്റ്റാന്‍ഡിലെ മാലിന്യം നീക്കം ചെയ്യാനും പോസ്റ്ററുകള്‍ നീക്കം ചെയ്യാനും നടപടി സ്വീകരിക്കണമെന്ന് മാള പ്രതികരണവേദി പ്രസിഡന്റ് സലാം ചൊവ്വര മാള പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."