ചരല്‍കുന്ന് ക്യാംപിന് ഇന്ന് തുടക്കം; നിയമസഭയില്‍ പ്രത്യേക ബ്ലോക്കെന്ന തീരുമാനം അംഗീകരിക്കാന്‍ സാധ്യത
പത്തനംതിട്ട: യു.ഡി.എഫ് രാഷ്ട്രീയത്തിലെ മാണിയുഗം സംബന്ധിച്ച് നിര്‍ണായകമായേക്കാവുന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ചരല്‍കുന്ന് ക്യാംപിന് ഇന്ന് തുടക്കം. യു.ഡി.എഫിനെ സംബന്ധിച്ചും മുന്നണിയിലെ പ്രമുഖകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിനും വളരെയധികം നിര്‍ണായകമാണ് ചരല്‍കുന്ന്. എന്നാല്‍, ബാര്‍ കേസിനെതുടര്‍ന്ന് ഉലഞ്ഞ ബന്ധം ഊഷ്മളമാക്കാന്‍ ഹൈക്കമാന്‍ഡടക്കം നടത്തിയ അനുരഞ്ജന ശ്രമങ്ങളെ തള്ളി ധ്യാനത്തിനു പോയ മാണി, മുന്നണി വിടാനുള്ള സാധ്യതയെ പാടേതള്ളുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
മുന്നണി വിട്ടുപോകാതെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്ന് തങ്ങളുടെ കോണ്‍ഗ്രസ് പ്രതിഷേധം വ്യക്തമാക്കാനുള്ള തീരുമാനം മാത്രമേ ക്യാംപില്‍ ഉണ്ടാകൂ എന്ന തരത്തിലുള്ള പ്രതികരണമാണ് മാണി വിഭാഗവും നടത്തുന്നത്. ഇതു സംബന്ധിച്ച തീരുമാനം എന്തുതന്നെ ആണെങ്കിലും ക്യാംപ് സമാപനമായ നാളെ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി പ്രഖ്യാപിക്കും.
വിവാദമായ ബാര്‍കോഴ കേസില്‍ മാണിയ്‌ക്കൊപ്പം മന്ത്രിയായിരുന്ന കെ. ബാബുകൂടി ഉള്‍പ്പെട്ടിട്ടും നടപടി ഏകപക്ഷീയമായെന്നതാണ് മാണിയുടെ പ്രധാന ആരോപണം. ആഭ്യന്തരമന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലയാണ് ബാര്‍ വിഷയത്തിനു പിന്നിലെന്നാണത്രേ മാണി വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ രമേശിനെ ലക്ഷ്യംവച്ചാണ് മാണി നീങ്ങിയത്. വിജിലന്‍സ് ത്വരിത പരിശോധന അടക്കമുള്ള കാര്യങ്ങള്‍ നിരത്തി രമേശിനെതിരേയുള്ള തന്റെ നിലപാട് കടുപ്പിക്കുകയും ചെയ്തു. അതിനിടെ മാണി യു.ഡി.എഫ് വിട്ടാല്‍ ഒന്നും സംഭവിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയ്ക്കു പിന്നിലും രമേശാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ബാര്‍ കോഴയില്‍ നടന്ന ഗൂഢാലോചന സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് (എം) നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലും കോണ്‍ഗ്രസ് പങ്ക് വ്യക്തമാണത്രേ. ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാണി വിഭാഗം കടുത്ത നിലപാടിലേക്ക് പോകുന്നത്.
എന്നാല്‍ നിലവിലെ സാഹചര്യം കെ.എം. മാണിക്ക് യു.ഡി.എഫ് വിട്ടുപോകാന്‍ അനുകൂലമല്ല. നേരത്തേ ഇടതുമുന്നണി പ്രവേശനം ഏറെക്കുറേ ഉറപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത് സാധ്യമല്ല. ആരോപണ വിധേയരെ സ്വീകരിക്കേണ്ടെന്നാണ് ഇടതുമുന്നണിയുടെ പൊതു നിലപാട്. അനൗപചാരിക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടന്നതൊഴിച്ചാല്‍ എന്‍.ഡി.എ പ്രവേശനവും ഏറെക്കുറേ അടഞ്ഞ അധ്യായമാണ്. ജോസ് കെ. മാണിക്ക് കേന്ദ്രമന്ത്രി പദം കിട്ടുന്നതൊഴിച്ചാല്‍ എന്‍.ഡി.എ പ്രവേശനം കൊണ്ട് പാര്‍ട്ടിയെന്ന നിലയില്‍ ഒരു ഗുണവും ഉണ്ടാകില്ലെന്നതിനാല്‍ എം.എല്‍.എമാര്‍ ആദ്യംതന്നെ ഇതിനെ എതിര്‍ക്കുകയും ചെയ്തു. കൂറുമാറ്റ നിരോധന നിയമ പരിധിയില്‍ വരുന്നതാകയാല്‍ പാര്‍ട്ടിയെ പിളര്‍ത്താനും ആരും തയാറാകില്ല. അതിനാല്‍ മുന്നണി വിടാതെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്ന് പ്രതിഷേധിക്കാനുള്ള തീരുമാനത്തിനാകും ക്യാംപില്‍ മുന്‍തൂക്കം.
ഈ തീരുമാനമാകും സംസ്ഥാന സെക്രട്ടറിയേറ്റ് സമ്മേളനത്തില്‍ മുന്നോട്ടു വയ്ക്കുക. സംസ്ഥാന ഭാരവാഹികള്‍, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍, പോഷക സംഘടനാ പ്രസിഡന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഇരുനൂറിലേറെപേര്‍ ക്യാംപില്‍ പങ്കെടുക്കും. ഇന്നുച്ചക്ക് രണ്ടിന് ചെയര്‍മാന്‍ കെ.എം. മാണി ക്യാംപ് ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് അധ്യക്ഷത വഹിക്കും. നാളെ ഉച്ചക്ക് സമാപിക്കും.
മാണിയെ അനുനയിപ്പിക്കാന്‍
കോണ്‍ഗ്രസിന്റെ അവസാനവട്ടശ്രമം
തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് പുറത്ത്‌പോകാന്‍ തയാറെടുപ്പുകള്‍ നടത്തുന്ന കെ.എം മാണിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവസാനവട്ടശ്രമങ്ങള്‍ ആരംഭിച്ചു. കേരളാ കോണ്‍ഗ്രസിന്റെ നിര്‍ണായകമായ ചരല്‍ക്കുന്ന് ക്യാംപ് ഇന്ന് തുടങ്ങാനിരിക്കേയാണിത്. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ക്യാംപിനൊടുവില്‍ മുന്നണിവിടാനും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുമുള്ള പ്രഖ്യാപനം മാണി നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കെ.എം.മാണി യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണെന്നും മുന്നണി വിട്ടുപോകില്ലെന്നുമുള്ള പ്രതീക്ഷയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുറമേ പങ്കുവയ്ക്കുന്നത്. സമവായചര്‍ച്ചകള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിലാണ്. മാണിയെ മെരുക്കുക എന്ന ലക്ഷ്യത്തോടെ ഉമ്മന്‍ചാണ്ടി കോട്ടയത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
ബാര്‍കോഴയില്‍ തന്നെ കുടുക്കിയ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവും യു.ഡി.എഫ് ചെയര്‍മാനും ആയിരിക്കുന്ന കാലത്തോളം മുന്നണിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന നിലപാടിലാണ് മാണി. പാര്‍ട്ടി മുഖമാസികയായ പ്രതിഛായയിലൂടെ രമേശിനെ കടന്നാക്രമിക്കുകയും പി.ടി.ചാക്കോയെ ചതിച്ചുകൊന്നതുപോലെ തന്നെയും അപമാനിച്ച് ഇല്ലാതാക്കാനാണ് ശ്രമം നടന്നതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. രമേശ് ചെന്നിത്തലയോട് ഫോണില്‍പ്പോലും സംസാരിക്കാന്‍ മാണി കൂട്ടാക്കിയില്ല. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സമ്മര്‍ദം അതിജീവിക്കാനാണ് ചരല്‍ക്കുന്ന് ക്യാംപ് തുടങ്ങുന്നതുവരെ മാണി ധ്യാനത്തിന് പോയതെന്നും വിലയിരുത്തപ്പെടുന്നു.
കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം കൂടി തെരഞ്ഞെടുത്ത പ്രതിപക്ഷനേതാവിനെ മാറ്റാനാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ഇതിനകം തന്നെ മാണിയെ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവാണ് സ്വാഭാവികമായും യു.ഡി.എഫ് ചെയര്‍മാന്‍. എന്നാല്‍ ആ കാര്യത്തില്‍ വേണമെങ്കില്‍ നീക്ക്‌പോക്ക് ആകാം. മാണിയെ യു.ഡി.എഫ് ചെയര്‍മാനാക്കുന്ന കാര്യം വേണമെങ്കില്‍ പരിഗണിക്കാം എന്നാണ് കോണ്‍ഗ്രസ് അന്തിമമായി സ്വീകരിച്ചിരിക്കുന്ന നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."