പ്രധാനമന്ത്രിയുടെ അനന്തരവളെ കവര്‍ച്ചചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനനഗരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനന്തരവളെ കവര്‍ച്ചചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഗൗരവ് നൊനി എന്ന 21കാരനാണ് അറസ്റ്റിലായത്. സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഇന്നലെ രാവിലെ ഡല്‍ഹി പൊലിസ് ആണ് പ്രതിയെ പിടികൂടിയത്.
വെള്ളിയാഴ്ച രാവിലെയാണ് ന്യൂഡല്‍ഹിയിലെ സിവില്‍ ലൈന്സില് വച്ച് നരേന്ദ്രമോദിയുടെ സഹോദരപുത്രി ദമയന്തി ബെന്‍ മോദി കവര്‍ച്ചയ്ക്കിരയായത്. ദയമന്തിയുടെ ബാഗും രണ്ടുമൊബൈല്‍ ഫോണുകളും വിലപിടിപ്പുള്ള രേഖകളുമാണ് കവര്‍ച്ചക്കാര്‍ കൊണ്ടുപോയത്. ബാഗില്‍ 56,000 രൂപ ഉണ്ടായിരുന്നതായും അവര്‍ പറഞ്ഞിരുന്നു.
പ്രതിയില്‍ നിന്ന് പണവും നഷ്ടമായ രേഖകളും കണ്ടെടുത്തതായി പൊലിസ് പറഞ്ഞു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച സ്കൂട്ടറും കണ്ടെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലുള്ള പ്രതിയുടെ അമ്മാവന്റെതാണ് സ്കൂട്ടര്‍. പ്രായപൂര്‍ത്തിയെത്തും മുന്‍പേ മോഷണവുമായി ബന്ധപ്പെട്ട് മൂന്നുതവണ പിടിയിലായ ആളാണ് ഗൗരവ്. ഇയാള്‍ക്കൊപ്പം സ്കൂട്ടറില്‍ ഉണ്ടായിരുന്ന ബാദല്‍ ഭരദ്വാജിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സുല്‍ത്താന്‍പുരിയില്‍ നിന്നു തന്നെയുള്ള ബാദലിനെ കണ്ടെത്തുന്നതിനായി ഈ പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
അമൃത്സറില് നിന്ന് ന്യൂഡല്‍ഹിയില്‍ എത്തിയ ദമയന്തി, ഗുജറാത്തി സമാജ് ഭവനില്‍ മുറി ബുക്ക് ചെയ്ത് ഹോട്ടലിനു മുന്‍പിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്. ശനിയാഴ്ച വൈകിട്ടുള്ള ന്യൂഡല്‍ഹി- അഹമ്മദാബാദ് വിമാനത്തില്‍ അവര്‍ നാട്ടിലേക്കു പോവാനിരിക്കെയാണ് സംഭവം.
ബാഗില്‍ വിലപിടിപ്പുള്ള രേഖകളും ഉണ്ടായിരുന്നതിനാല്‍ ദമയന്തി യാത്ര റദ്ദാക്കിയിരുന്നു. ഹോട്ടലിനു മുന്പില് സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ സ്കൂട്ടര്‍ യാത്രക്കാരുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."