മഹാരാഷ്ട്രയില്‍ മോദിയും രാഹുലും തമ്മില്‍ വാക്‌പോര്
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മഹാരാഷ്ട്രയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും തമ്മില്‍ വാക്‌പോര്. ജമ്മുകശ്മിരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മരവിപ്പിക്കുമെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോയെന്നു മോദി ചോദിച്ചപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് മാധ്യമങ്ങളുടെ സഹായത്തോടെ ജനശ്രദ്ധ തിരിച്ചുവിടുകയാണെന്നു രാഹുല്‍ തിരിച്ചടിച്ചു.
മുതലക്കണ്ണീരൊഴുക്കി ജനങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്ക് 370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യമുണ്ടോയെന്ന് മോദി ചോദിച്ചു. മഹാരാഷ്ട്രയിലെ ജാല്‍ഗണില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കളെ വെല്ലുവിളിച്ചത്. രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ചില തീരുമാനങ്ങളോട് പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചത് ദൗര്‍ഭാഗ്യകരമാണ്. കശ്മിരില്‍ സാധാരണനില കൈവരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ചരിത്രപരമായ തീരുമാനമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. കശ്മിരില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ അയല്‍രാജ്യം ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷം അഭിപ്രായം പറയുന്നത് അയല്‍രാജ്യങ്ങളുടെ ഭാഷയിലാണെന്നും മോദി കുറ്റപ്പെടുത്തി.
ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ ഇന്ത്യയിലെ ജനങ്ങള്‍ അനുവദിക്കുമോ?. അവര്‍ക്ക് അത്തരം നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ? ബി.ജെ.പിയെ സംബന്ധിച്ച് ജമ്മുകശ്മിരും ലഡാക്കും കേവലം സ്ഥലങ്ങള്‍ മാത്രമല്ലെന്നും ഇന്ത്യയുടെ കിരീടമാണ് അവയെന്നും സുരക്ഷാ ആവശ്യങ്ങള്‍ പരിഗണിച്ചാണ് അടിയന്തര നടപടികള്‍ സ്വീകരിച്ചതെന്നും മോദി പറഞ്ഞു.
അതേസമയം, നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഒരുവിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ലാത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഞങ്ങള്‍ക്ക് വാഗ്ദാനംചെയ്ത തൊഴിലുകള്‍ എവിടെയെന്നു രാജ്യത്തെ യുവാക്കള്‍ ചോദിക്കുമ്പോള്‍, അവരോട് അനുച്ഛേദം 370നെ കുറിച്ചും ചന്ദ്രനെ കുറിച്ചുമാണ് സര്‍ക്കാര്‍ പറയുന്നത്. രാജ്യത്തെ സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ മാധ്യമങ്ങളുടെ സഹായത്തോടെ മോദി ഐ.എസ്.ആര്‍.ഒയുടെ നേട്ടം സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയില്‍ 2017 ലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് നരേന്ദ്ര മോദി ചോദിച്ചിരുന്നോ? രാജ്യത്തെ 15 ധനികരുടെ 5.5 ലക്ഷം കോടി കടം മോദി എഴുതിത്തള്ളി. കര്‍ഷകരുടെ ദുരിതത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും മാധ്യമങ്ങള്‍ നിശബ്ദരാണ്. പാവപ്പെട്ടവന്റെ കൈയിലുള്ള പണം സമ്പന്നരിലെത്തിക്കാനായിരുന്നു നോട്ട്‌നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും ലക്ഷ്യം- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."