ഉപകാരങ്ങളുടെ ഉസ്താദ്
#നാലപ്പാടം പത്മനാഭന്‍
കിട്ടുന്ന പണം മുഴുവന്‍ ബാങ്കിലിട്ട് അതിന്റെ പലിശകൊണ്ട് സുഖമായി ജീവിക്കുന്നതിനു പകരം, പണമെല്ലാം പലവിധത്തില്‍ ദാനം ചെയ്ത് കളയുന്ന ഒരാളെ പുതിയ കാലം ഭ്രാന്തനെന്നു വിളിച്ചേക്കാം. അത്തരം പരോപകാരത്തിന്റെ ഉന്മാദം ഒരു ലഹരിയായി കൊണ്ടുനടക്കുന്ന അസാധാരണ വ്യക്തിയാണ് സസ്യഭാരതി ഉസ്താദ് ഹംസ വൈദ്യര്‍ മടിക്കൈ. സമ്പന്നതയുടെ മടിത്തട്ടില്‍ പിറന്നുവീണിട്ടല്ല, ദാരിദ്ര്യത്തിന്റെ നെല്ലിപ്പടി കണ്ടിട്ടാണ് ഹംസവൈദ്യര്‍ക്ക് 'പരോപകാരമേ പുണ്യം' എന്ന വെളിപാടുണ്ടാകുന്നത്.
തെരുവിലായിരുന്നു ഹംസ വൈദ്യരുടെ ബാല്യകാലം. പിതാവ് പാരമ്പര്യ വൈദ്യനായ സയ്യിദ് ഖാജാ ഉമര്‍ഖാന്‍ ഫത്താഹ് പട്ടാല്‍ അജ്മീരി. മാതാവ് സൈനബ ബീവി. ഉമ്മയുടെയും ഉപ്പയുടെയും അനുജന്റെയും കൂടെ കാഞ്ഞങ്ങാട് തെരുവില്‍ കൂടാരം കെട്ടി താമസിച്ച ഓര്‍മ ഹംസ വൈദ്യര്‍ക്കുണ്ട്. ഒരു ദിവസം ഉമ്മ ഭക്ഷണം പാകം ചെയ്യുമ്പോള്‍ അടുപ്പില്‍നിന്നു തീ പടര്‍ന്ന് കൂടാരം കത്തിനശിച്ചു. ചെറിയ പ്രായത്തിലുള്ള അനുജന് സാരമായി പൊള്ളലേറ്റു. ആ അനുജന്‍ പിന്നീട് മരണപ്പെട്ടു. അക്കാലത്ത് പാതയോരങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ഉപ്പയുടെ കൂടെ എന്നും യാത്രയായിരുന്നു. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം മുതല്‍ കണ്ണൂര്‍ ജില്ലയിലെ കാലിക്കടവ് വരെ പാതയോരങ്ങളില്‍ ഉന്മാദികളായി മരംനട്ടു നടന്നു ഉപ്പയും മകനും.
അതിനിടയില്‍ പെട്ടെന്നൊരു ദിവസം ഉപ്പ അപ്രത്യക്ഷനാവുന്നു. പിന്നെ ഉമ്മയുടെ കൂടെ പാപ്പിനിശ്ശേരിയിലെ ഒരു പീടികത്തിണ്ണയിലായി താമസം. ഒരു ദിവസം രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ കാലില്‍ നനവ് വീണ് ഞെട്ടിയുണര്‍ന്ന് നോക്കുമ്പോള്‍ ഉമ്മ അരികില്‍ ഉറങ്ങാതെയിരുന്ന് കരയുന്ന കാഴ്ചയാണു കണ്ടത്. ഉമ്മയുടെ കണ്ണീരാണ് കാലില്‍ പതിച്ചത്. ഞെട്ടിയുണര്‍ന്ന മകനെ ചേര്‍ത്തുപിടിച്ച് ഉമ്മ പറഞ്ഞു: ''എല്ലാം ശരിയാകും മകനേ, നീ വിഷമിക്കരുത്.''
മകന്‍ അന്നു തീരുമാനിച്ചു. ഇനി ഒരിക്കലും ഉമ്മയുടെ കണ്ണീര് വീഴരുതെന്ന്. പിന്നെ എല്ലാം ശരിയാക്കാനുള്ള നെട്ടോട്ടമായിരുന്നു. കുറെക്കാലം കടല വിറ്റും മീന്‍ വിറ്റും നടന്നു. തെരുവില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ വിറ്റു നടന്നു. കിണറ് കുഴിക്കാരനും പെയിന്റിങ് പണിക്കാരനുമായി. ക്ലീനറായി, ഡ്രൈവറായി, ഹോട്ടല്‍ പണിക്കാരനായി. അങ്ങനെ 11 വര്‍ഷം സ്ഥിരമില്ലാത്ത പല ജോലികളും ചെയ്തു ജീവിതം പച്ചപിടിച്ചപ്പോള്‍ ഉപ്പ തിരിച്ചെത്തുന്നു. പല ജോലികളും ചെയ്തു ജീവിക്കുന്നതിനുപകരം മകന് സ്വന്തമായൊരു ജീവിതപാത പിതാവ് കല്‍പിച്ചുകൊടുത്തു. ഉമ്മയുടെ കൈവശം ഉപ്പ ഏല്‍പിച്ച ഇരുമ്പുപെട്ടി തുറന്ന് കൊടുക്കുന്നു. അതില്‍ ചെമ്പോലയില്‍ അറബി മലയാളത്തില്‍ ചിത്രങ്ങള്‍ സഹിതം 3,800ലധികം ഔഷധസസ്യങ്ങളുടെ വിവരണമുണ്ടായിരുന്നു. പൈതൃകത്തിന്റെ. പാരമ്പര്യത്തിന്റെ ചെമ്പോലകള്‍ ഏറ്റുവാങ്ങി പഠിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യ വൈദ്യത്തിന്റെ ശൃംഖലയില്‍ അവസാനത്തെ ആണ്‍കണ്ണിയായി ഹംസ വൈദ്യര്‍.
പിന്നെ ഔഷധസസ്യങ്ങളുടെ ലോകത്തായി ഹംസ വൈദ്യരുടെ വാസം. മടിക്കൈയില്‍ പാറപ്പുറത്ത് പണിത വീടിനു ചുറ്റുമായി ഔഷധസസ്യങ്ങളുടെ 'ഉമ്മവനം' എന്ന പൂങ്കാവനമൊരുക്കി ഉസ്താദ്. ഇന്നവിടെ ഉസ്താദിന് തിരിച്ചറിയാന്‍ സാധിക്കുന്ന 1,424 ഔഷധസസ്യങ്ങളുണ്ട്. അവയില്‍ പലതും അത്ഭുതസസ്യങ്ങളാണ്. ശബ്ദമുണ്ടാക്കുന്ന ചെടി, ഇലകള്‍ ചലിപ്പിക്കുന്ന സ്വസ്തിവൃക്ഷം, പ്രകാശം പരത്തുന്ന നിലാപ്പൂവ്, ജലത്തെ മണ്‍കട്ടയാക്കുന്ന ജലസ്തംഭിനി, ആലിംഗനച്ചെടി, വര്‍ഷങ്ങളോളം കത്തിക്കൊണ്ടിരിക്കുന്ന ഇലയുള്ള ജ്യോതിവൃക്ഷം ഇവയെല്ലാം നേരില്‍ക്കണ്ട് ബോധ്യപ്പെട്ടവയാണ്. ജ്യോതി വൃക്ഷത്തെക്കുറിച്ച് കേട്ടറിഞ്ഞ് മോസ്‌കോയില്‍നിന്നു ശാസ്ത്രജ്ഞര്‍ ഹംസ വൈദ്യരെ തേടിയെത്തുകയും ബഹിരാകാശത്ത് ഇന്ധനമായി ഉപയോഗിക്കാന്‍ ഈ ചെടികൊണ്ട് സാധിക്കുമോ എന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയുമാണ്. പുരാതന ഋഷിമാര്‍ ഉപയോഗിച്ചിരുന്ന അത്ഭുത ഔഷധമായിരുന്ന സ്വര്‍ണപ്പുല്ല് ഭൂമുഖത്തുനിന്നു നഷ്ടപ്പെട്ടെന്ന് സസ്യശാസ്ത്രലോകം കരുതിയിരിക്കവെ, ഉപ്പയുടെ സഹായത്തോടെ സ്വര്‍ണപ്പുല്ല് കണ്ടെത്തി പരിപാലിച്ചു വരികയാണ് ഹംസ വൈദ്യര്‍. സ്വര്‍ണപ്പുല്‍ ഔഷധം ഉപയോഗിച്ചാല്‍ ജരാനരബാധിക്കുകയില്ലത്രേ.
ഈ ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് പാവപ്പെട്ട ആളുകള്‍ക്കു സൗജന്യചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ് ഹംസ വൈദ്യര്‍. ആധുനിക വൈദ്യശാസ്ത്രം മുറിച്ചുമാറ്റാന്‍ വിധിച്ച 800ലധികം കാലുകള്‍ക്ക് ഹംസ വൈദ്യരുടെ നാട്ടുവൈദ്യം ചലനശേഷി നല്‍കിയിട്ടുണ്ട് എന്നത് ഒരു ചെറിയ കാര്യമല്ല. ഇത്രയും വര്‍ഷത്തിനിടയില്‍ 38 ലക്ഷത്തിലധികം ഔഷധസസ്യച്ചെടികള്‍ വിതരണം ചെയ്യാന്‍ സാധിച്ചുവെന്നതും ഹംസ വൈദ്യര്‍ അഭിമാനത്തോടെ ഓര്‍മിക്കുന്നു. അതോടൊപ്പം 88 ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ അനേകം പള്ളികളിലും പള്ളിക്കൂടങ്ങളിലും മദ്‌റസകളിലും സൗജന്യമായി ഔഷധക്കാവ് ഉണ്ടാക്കുകയും ചെയ്തു. നാവിക അക്കാദമിക്കുവേണ്ടി ഏഴിമലയിലും ഔഷധക്കാവ് ഉണ്ടാക്കി സമര്‍പ്പിച്ചു.
ഒരിക്കല്‍ കണ്ണൂരിലൂടെ കാറില്‍ യാത്രചെയ്യുമ്പോള്‍ റോഡരികിലെ അഴുക്കുചാലില്‍നിന്നു തോര്‍ത്തില്‍ വെള്ളം മുക്കിപ്പിഴിഞ്ഞു കുടിക്കുന്ന ഒരു ദരിദ്രസ്ത്രീയെ ഹംസ വൈദ്യര്‍ കണ്ടു. ഉടന്‍ തന്നെ കാര്‍ നിര്‍ത്തി തൊട്ടടുത്ത കടയില്‍നിന്ന് ഒരു കുപ്പി വെള്ളം വാങ്ങിച്ച് ആ സ്ത്രീക്കു കൊടുത്തു. ഇങ്ങനെ കുടിവെള്ളം കിട്ടാതെ കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നൊരു തീരുമാനം ഉടനുണ്ടായി. അങ്ങനെയാണ് വടകര കണ്ണൂക്കരയ്ക്കടുത്ത് ഒരു കിണര്‍ കുഴിച്ച് അതിലെ വെള്ളം സംഭരിച്ചു പാതയോരത്തേക്കു കുടിവെള്ളം എത്തിക്കുന്ന സംവിധാനമൊരുക്കിയത്. ഇങ്ങനെ കുടിവെള്ളമില്ലാത്ത പലയിടങ്ങളിലായി ശരാശരി ഒരു ലക്ഷം രൂപ വീതം ചെലവു വരുന്ന പത്തു കിണറുകള്‍ കുഴിപ്പിച്ചുകൊടുത്തു. ഇതില്‍ പത്താമത്തെ കിണര്‍ കോഴിക്കോട് ജില്ലയിലെ മടപ്പള്ളി കോളജിലെ അന്ധവിദ്യാര്‍ഥിനിയായ ദീപ്തിയുടെ വീട്ടുമുറ്റത്ത് ഇപ്പോള്‍ പണിതീര്‍ന്നു തെളിനീര്‍ നിറഞ്ഞിരിക്കുന്നു.
ദാഹം മാത്രമല്ല വിശപ്പു മാറ്റാനും തന്നാലാവുന്നത് എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍നിന്നാണ് 'അത്താഴപുണ്യം' ആരംഭിക്കുന്നത്. അതിനുവേണ്ടി പുതിയൊരു വണ്ടി വാങ്ങി രണ്ടു തൊഴിലാളികളെയും ഏര്‍പ്പാടാക്കി കാസര്‍കോട് മുതല്‍ കണ്ണൂര്‍ വരെയുള്ള തെരുവോരങ്ങളിലെ അശരണര്‍ക്കു ദിവസവും ഭക്ഷണപ്പൊതി വിതരണം ചെയ്തുവരുന്നു. വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കുക എന്നത് ജീവിതവ്രതമാക്കിയിട്ടുള്ള ഈ മനുഷ്യന്‍ അരിയാഹാരം കഴിക്കാതെ പഴച്ചാറു മാത്രം കഴിച്ചാണു ജീവിക്കുന്നതെന്നത് വൈദ്യരുടെ ആരോഗ്യപാലനത്തിന്റെ സ്വയം പരീക്ഷണമാണ്.
മതാതീതമായ മനുഷ്യസൗഹൃദത്തില്‍ വിശ്വസിക്കുന്ന ഹംസ വൈദ്യര്‍ രോഗമില്ലാത്ത ശരീരവും രോഗമില്ലാത്ത മനസും ലക്ഷ്യമാക്കി 'ധ്യാന്‍യോഗ' എന്നൊരു ജീവിതക്രമം തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവ് പുതുതലമുറയ്ക്കു പകര്‍ന്നുനല്‍കുന്നതിന്റെ ഭാഗമായി വടകര മീത്തലെ കണ്ണൂക്കരയില്‍ 'ഔഷധ സസ്യ ബാലസഭ'യും നടത്തിപ്പോരുന്നുണ്ട്. 'പാരമ്പര്യ നാട്ടുവൈദ്യം ലളിതസാരം', 'നമുക്കുള്ള ഔഷധം നമുക്കു ചുറ്റും', 'അരോഗലൈംഗിക ജീവിതം ഔഷധസസ്യങ്ങളിലൂടെ' എന്നീ പുസ്തകങ്ങളുടെ കര്‍ത്താവുകൂടിയാണ് ഉസ്താദ്. ഇപ്പോള്‍ 'മെഡിസിനല്‍ പ്ലാന്റ്‌സ് ഓഫ് ഏഴിമല' എന്ന ഒരു പുസ്തകത്തിന്റെ രചനയിലുമാണ്.
വേനല്‍ക്കാലത്ത് പലവിധ വിത്തുകളും ശേഖരിച്ചു മഴക്കാലത്ത് നാട്ടിന്‍പുറങ്ങളിലൂടെ ബസില്‍ യാത്രചെയ്തു വിത്തുകള്‍ വിതറുക, ട്രെയിന്‍ യാത്രയില്‍ സഞ്ചി നിറയെ ഔഷധച്ചെടികള്‍ കൊണ്ടുപോയി ഓരോ സ്റ്റേഷനിലും ആരെങ്കിലും നട്ടുവളര്‍ത്തട്ടെ എന്നു കരുതി ചെടികള്‍ മറന്നുപോയതുപോലെ ഉപേക്ഷിക്കുക എന്നിങ്ങനെ കിറുക്കെന്നു തോന്നുന്ന പല പരസഹായ കുസൃതികളും ഹംസ വൈദ്യര്‍ക്കുണ്ട്.
'നന്മയിലൂടെ ജീവിതം ധന്യമാക്കുക' എന്നതാണ് ഹംസ വൈദ്യരുടെ ജീവിതമന്ത്രം. അതിന് സര്‍വപിന്തുണയുമായി ഭാര്യ സഫിയയും മക്കള്‍ ഇസാനയും ഹംസാസും കൂടെയുണ്ട്. അങ്ങനെയൊരു പിന്തുണയുള്ളതുകൊണ്ടു മാത്രമാണ് ഹംസ വൈദ്യരുടെ ലളിതജീവിതം സ്വര്‍ഗതുല്യമാകുന്നത്. മകളുടെ വിവാഹത്തിനു വന്നവര്‍ക്കായി 41,000 ഔഷധച്ചെടികളാണ് ഹംസ വൈദ്യര്‍ സല്‍ക്കാരത്തോടൊപ്പം സമ്മാനിച്ചത്.
പ്രകൃതിയെ സ്‌നേഹിക്കുന്ന സമൂഹസൃഷ്ടിക്കായി എല്ലാമാസവും 'ഋഷിപാദം' എന്ന പേരില്‍ വനയാത്രയ്ക്കു നേതൃത്വം നല്‍കുന്നു ഹംസ വൈദ്യര്‍. കാടിനെ കണ്ടു പഠിക്കുന്നതോടൊപ്പം മുന്‍പേ പോയവര്‍ കാട്ടില്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുകയും ചെയ്യുന്നു 'ഋഷിപാദം' സംഘം. 'അമ്മയ്‌ക്കൊരുമ്മ' എന്ന പേരില്‍ നിര്‍ധനരായ അമ്മമാര്‍ക്കു ജീവിക്കാനുള്ള സാഹചര്യം ഒരുക്കി 18 അമ്മമാരെയും 72 കുട്ടികളെയും സംരക്ഷിച്ചുവരുന്നു. ഒപ്പം നിര്‍ധനരായ വൈദ്യന്മാര്‍ക്കു പ്രതിമാസം സാമ്പത്തിക സഹായമെത്തിക്കുകയും വൈദ്യവൃത്തിക്കുള്ള സാഹചര്യമൊരുക്കുകയും ചെയ്യുന്നുണ്ട്.
കേരള ഫോക്‌ലോര്‍ അക്കാദമിയുടെ പാരമ്പര്യ നാട്ടുവൈദ്യത്തിനുള്ള പ്രഥമ പുരസ്‌കാരം, കേരള സര്‍ക്കാര്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ 'വനമിത്ര' പുരസ്‌കാരം, ഒയിസ്‌ക ഇന്റര്‍നാഷനലിന്റെ ബാലുശ്ശേരി ചാപ്റ്ററിന്റെ 'പരിസ്ഥിതി മിത്ര' പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളും ഹംസ വൈദ്യരെ തേടിയെത്തിയിട്ടുണ്ട്. ആയിരങ്ങളുടെ നോട്ടുകെട്ടുകളല്ല, ആയിരങ്ങളുടെ നിറകണ്‍ചിരിയുടെ ആനന്ദമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
'ഭൂതകാലത്തെക്കുറിച്ചോര്‍ത്ത് മാഴ്കിടാതെ
ഭാവിയെക്കുറിച്ചോര്‍ത്ത് ഉത്കണ്ഠപ്പെട്ടിടാതെ
വര്‍ത്തമാനത്തില്‍ മാത്രം ജീവിക്ക സസന്തോഷം'
എന്ന കവിവാക്യമനുസരിച്ച് ഒരു മൂളിപ്പാട്ടും പാടി ഉസ്താദ് നാടുനീളെ നടക്കുന്നു. അശരണര്‍ക്കുമുന്‍പില്‍ ആഹാരമായും കുടിനീരായും ഔഷധമായും പ്രത്യക്ഷപ്പെടുന്നു. എല്ലാവരും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഒരു നവലോകത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."