ഒബാമയുടെ മകള്‍ റസ്റ്ററന്റില്‍ ജോലിത്തിരക്കിലാണ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മകള്‍ റസ്റ്ററന്റില്‍ അവധിക്കാല ജോലിയില്‍ പ്രവേശിച്ചു. 15 കാരിയായ സാഷ എന്ന നതാഷയാണ് കടല്‍വിഭവങ്ങള്‍ വിളമ്പുന്ന റസ്റ്ററന്റില്‍ ജോലിയില്‍ പ്രവേശിച്ചത്. മാഷട്‌സില്‍ മര്‍താസ് വിനയാര്‍ഡിലുള്ള റസ്റ്ററന്റിലെ കൗണ്ടറിലാണ് സാഷയുടെ ജോലി. പ്രഥമ മകള്‍ പദവിയിലുള്ള സാഷയ്ക്ക് സുരക്ഷയുമായി ആറു ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ട്.
ബോസ്റ്റണ്‍ ഹെറാള്‍ഡ് എന്ന പത്രമാണ് യു.എസ് പ്രസിഡന്റിന്റെ മകള്‍ വേനല്‍ക്കാല അവധിയില്‍ ജോലി ചെയ്യുന്ന വാര്‍ത്തയും ചിത്രവും പുറത്തുവിട്ടത്. ഒബാമ അവധിക്കാല ഉല്ലാസത്തിന് വരുന്ന നഗരമാണിത്. റസ്റ്ററന്റിലെ യൂനിഫോമായ നീല ടീഷര്‍ട്ടും തൊപ്പിയുമാണ് സാഷയുടെയും വേശം. ആറുപേര്‍ എപ്പോഴും സാഷയോടൊപ്പം ഉണ്ടാകുന്നത് കണ്ടാണ് ഇത് പ്രസിഡന്റിന്റെ മകളാണെന്ന് ഷോപ്പിലെത്തുന്നവര്‍ പോലും മനസ്സിലാക്കിയത്.
എന്നാല്‍ വാര്‍ത്തയോട് വൈറ്റ് ഹൗസ് പ്രതികരിച്ചില്ല. മക്കളെ സാധാരണ രീതിയില്‍ ജീവിക്കാന്‍ പഠിപ്പിക്കുകയാണെന്ന് പ്രഥമ വനിത മിഷേല്‍ ഒബാമ ഈയിടെ പ്രതികരിച്ചിരുന്നു.
കൗണ്ടറില്‍ പണം വാങ്ങുക, ഭക്ഷണം വിതരണം ചെയ്യുക, കാറിലെത്തുന്നവര്‍ക്ക് വാഹനത്തിലേക്ക്
ഭക്ഷണം എത്തിച്ചു നല്‍കുക എന്നിവയൊക്കെ സാഷ മടി കൂടാതെ ചെയ്യുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
സഞ്ചാരികള്‍ക്ക് ഭക്ഷണം വിളമ്പുമ്പോള്‍ സാഷയുടെ സുരക്ഷാ ചുമതലയുള്ള സംഘം റസ്റ്ററന്റിനു പുറത്ത് നിരീക്ഷണം നടത്തുന്നുമുണ്ട്. നേരത്തെ സാഷയുടെ മൂത്ത സഹോദരി മാലിയയും ഫിലിം സെറ്റില്‍ ജോലി ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."