ഇന്ത്യ തുടങ്ങുന്നു മെഡല്‍ പ്രതീക്ഷയില്‍
പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യ ഇന്ന് അയര്‍ലന്‍ഡിനെതിരേ
പുരുഷ വിഭാഗം ഡബിള്‍സില്‍ പെയ്‌സും ബൊപ്പണ്ണയും കളത്തില്‍
റിയോ ഡി ജനീറോ: ഒളിംപിക്‌സില്‍ ഇന്ന് പ്രതീക്ഷകളുമായി ഇന്ത്യ കളത്തിലിറങ്ങുന്നു. പുരുഷ വിഭാഗം ഹോക്കിയും ടെന്നീസുമാണ് ആദ്യ ദിനത്തില്‍ ഇന്ത്യ പ്രതീക്ഷ വയ്ക്കുന്ന മത്സരയിനങ്ങള്‍. മലയാളി താരം പി.ആര്‍ ശ്രീജേഷിന്റെ നേതൃത്വത്തിലിറങ്ങുന്ന പുരുഷ വിഭാഗം ഹോക്കി ടീം ഏറെ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ഒരു മലയാളി താരം ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതും ആദ്യമായിട്ടാണ്. ഒളിംപിക് നായകനായി മലയാളത്തിന്റെ ശ്രീയുടെ ആദ്യ മത്സരമാണിന്ന്. ആദ്യ പോരില്‍ അയര്‍ലന്‍ഡാണ് ഇന്ത്യക്ക് എതിരാളി. നിലവിലെ ഫോമില്‍ ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുന്ന ടീമല്ല അയര്‍ലന്‍ഡിന്റേത്. എന്നാല്‍ ചരിത്രം ഇന്ത്യക്കൊപ്പമല്ല. 2000ത്തിലെ സിഡ്‌നി ഒളിംപിക്‌സിന് ശേഷമുള്ള ഒളിംപിക്‌സിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇതുവരെ ജയം നേടിയിട്ടില്ല. സിഡ്‌നിയില ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്നു ഗോളിന് ഇന്ത്യ തകര്‍ത്തിരുന്നു. എന്നാല്‍ പുതിയ നായകനു കീഴില്‍ ചരിത്രം തീര്‍ക്കാനാണ് ഇന്ത്യയുടെ ശ്രമം.
കോച്ച് റോളണ്ട് ഓള്‍ട്ട്മാന്‍സിന് കീഴില്‍ ടീം ഒത്തിണക്കത്തോടെയാണ് കളിക്കുന്നത്. മലേഷ്യയില്‍ നടന്ന സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റില്‍ വെള്ളി നേടിയതും ചാംപ്യന്‍സ് ട്രോഫിയില്‍ ചരിത്രത്തിലാദ്യമായി വെള്ളി നേടിയതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രീജേഷിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യയുടെ കുതിപ്പ്. സര്‍ദാര്‍ സിങ് ലൈംഗിക ആരോപണത്തില്‍ വിവാദ നായകനായപ്പോഴാണ് ശ്രീജേഷിന് ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള നിയോഗം വന്നെത്തിയത്. താരത്തിന്റെ ഗോള്‍ കീപ്പിങാണ് ടീമിന്റെ ഏറ്റവും വലിയ കരുത്തെന്ന് ഓള്‍ട്ട്മാന്‍സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താന്‍ മാത്രമല്ല ടീമില്‍ ഒരുപാട് പ്രതിഭാധനരായ താരങ്ങളുണ്ടെന്ന് ശ്രീജേഷ് പറയുന്നന്നു.
പ്രതിരോധ താരങ്ങളായ വി.ആര്‍ രഘുനാഥ്, രൂപീന്ദര്‍ പാല്‍ സിങ് എന്നീ താരങ്ങളാണ് ഇന്ത്യന്‍ നിരയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പുള്ളവര്‍. ഇരുവരും പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധരുമാണ്. സര്‍ദാര്‍ സിങ് ഫോം കണ്ടെത്തിയാല്‍ ഇന്ത്യക്ക് അനായാസം ഗോള്‍ നേടാനാവും. എസ്.വി സുനില്‍, ആകാശ്ദീപ് സിങ്, രമണ്‍ ദീപ് സിങ്, നികിന്‍ തിമ്മയ്യ, എന്നിവര്‍ മുന്നേറ്റത്തില്‍ മികച്ചു നില്‍ക്കുന്നവരാണ്. എസ്.കെ ഉത്തപ്പ, ചിങ്കല്‍നേ സിങ്, ദേവേന്ദര്‍ വാല്‍മീകി, കോതജിത്ത് സിങ് എന്നിവര്‍ മധ്യ-പ്രതിരോധ നിരകളെ നയിക്കുന്നവരാണ്. ഇവര്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യക്ക് മികച്ച ജയം സ്വന്തമാക്കാം. അതേസമയം സന്നാഹ മത്സരങ്ങളില്‍ സ്‌പെയിനില്‍ വച്ച് നടന്ന മത്സരത്തില്‍ തോറ്റത് ഇന്ത്യക്ക് പ്രതിരോധത്തില്‍ പാളിച്ചകളുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതാണ്. എന്നാല്‍ റിയോയിലെത്തിയ ടീം വിജയ വഴിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ചെറു മീനുകളായ അയര്‍ലന്‍ഡ് ദീര്‍ഘകാലത്തിന് ശേഷമാണ് ഒളിംപിക്‌സിനെത്തുന്നത്. മലേഷ്യയെയും പാകിസ്താനെയും മുന്‍പ് നടന്ന മത്സരങ്ങളില്‍ അയര്‍ലന്‍ഡ് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യക്കെതിരേയും അട്ടിമറിയാണ് ടീം ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."