എയ്ഡഡ് വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂനിഫോം വിതരണം നീളുന്നു
ചെറുവത്തൂര്‍: അധ്യയനവര്‍ഷം ആരംഭിച്ച് രണ്ടുമാസം പിന്നിടുമ്പോഴും എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സൗജന്യ യൂനിഫോമിന്റെ കാര്യത്തില്‍ തീരുമാനമായില്ല. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നാംതരം മുതല്‍ എട്ടാംതരം വരെയുള്ള എ.പി.എല്‍ വിഭാഗത്തില്‍ പെടുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും മുന്‍വര്‍ഷങ്ങളില്‍ സൗജന്യയൂനിഫോം നല്‍കിയിരുന്നു. ഇക്കുറി സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള യൂനിഫോം വിതരണനടപടികള്‍ ജൂണ്‍ പത്തിന് തന്നെ പൂര്‍ത്തിയായി കഴിഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പദ്ധതിയുടെ ചുമതല സര്‍വശിക്ഷാ അഭിയാനായിരുന്നു.
കഴിഞ്ഞവര്‍ഷം വരെ വിദ്യാഭ്യാസ വകുപ്പായിരുന്നു എയ്ഡഡ് വിദ്യാര്‍ഥികളുടെ യൂനിഫോം വിതരണനടപടികള്‍ കൈകാര്യം ചെയ്തത്. ഇത്തവണ യൂനിഫോം എന്നുലഭിക്കും എന്നുചോദിച്ചാല്‍ കൃത്യമായ ഉത്തരം നല്‍കാന്‍ അധികൃതര്‍ക്ക് കഴിയുന്നുമില്ല. ഇതിനിടെ കഴിഞ്ഞ ദിവസം നിയമസഭയില്‍ ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ ഒന്ന് മുതല്‍ എട്ടുവരെ ക്ലാസുകളില്‍ സൗജന്യയൂനിഫോം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എങ്ങനെ, എപ്പോള്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേരളത്തില്‍ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ ഉള്‍പ്പെടുന്ന എയ്ഡഡ് വിദ്യാലയങ്ങളെ വേര്‍തിരിച്ച് നിര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണ് എന്ന നിലപാടാണ് ഇവിടുത്തെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആയിരക്കണക്കിന് കുട്ടികള്‍ സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠനം നടത്തുന്നുണ്ട്.
സൗജന്യ യൂനിഫോം ഇവര്‍ക്ക് വലിയ ആശ്വാസവുമായിരുന്നു. യൂനിഫോം ലഭിക്കുമോ ഇല്ലയോ എന്നറിയാത്തതിനാല്‍ മറ്റു വഴികള്‍ ആലോചിക്കാനും അധ്യാപകര്‍ക്ക് കഴിയുന്നില്ല. ഏതാണ്ട് ഏഴുകോടിയോളം രൂപയാണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ കഴിഞ്ഞവര്‍ഷം സൗജന്യയൂനിഫോം വിതരണത്തിനായി ചെലവഴിച്ചത്. ഒരു വിഭാഗം വിദ്യാര്‍ഥികളെ വേര്‍തിരിച്ചു നിര്‍ത്തുമ്പോഴും അധ്യാപകസംഘടനകളോ വിദ്യാര്‍ഥിസംഘടനകളോ ഇക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതികരണവും നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."