കുറ്റിക്കാട്ടൂര്‍ അങ്ങാടിക്കു സമീപം ജലസ്രോതസില്‍ വന്‍തോതില്‍ മാലിന്യം തള്ളി
കുന്ദമംഗലം: കുറ്റിക്കാട്ടൂര്‍ അങ്ങാടിയ്ക്കു സമീപം ജലസ്രോതസില്‍ വന്‍തോതില്‍ മാലിന്യം തള്ളിയതായി കണ്ടെത്തി.
കുറ്റിക്കാട്ടൂര്‍ പടിഞ്ഞാറ് ബസ് സ്റ്റോപ്പിന് എതിര്‍വശത്ത് ഓട്ടോസ്റ്റാന്‍ഡിന് സമീപമാണ് മാലിന്യം തള്ളിയത്. ഇ-വേസ്റ്റ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവയടക്കം ചാക്കില്‍കെട്ടിയാണ് നിക്ഷേപിച്ചത്. തെരുവു വിളക്കുകള്‍ കത്താത്തതിനാല്‍ രാത്രി കടകള്‍ അടച്ചാല്‍ ഈപ്രദേശം ഇരുട്ടിലാണ്.
ഇത് സമൂഹ്യവിരുദ്ധര്‍ക്ക് തുണയാകുന്നു. മാമ്പുഴ തോടിന്റെ കരയിലാണ് മാലിന്യം തള്ളുന്നത്. മാലിന്യം രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ ഇവിടെ കൊണ്ടിടുമ്പോള്‍ മാമ്പുഴയിലും പതിക്കുന്നുണ്ട്.
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപത്തിനെതിരേ പെരുവയല്‍ പഞ്ചായത്ത് കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് കുറ്റിക്കാട്ടൂര്‍ ഓട്ടോസ്റ്റാന്‍ഡിന് പിന്‍വശത്തുള്ള നീര്‍തടങ്ങളില്‍ പ്ലാസ്റ്റിക് കവറുകളിലും പ്ലാസ്റ്റിക് ചാക്കുകളിലും കെട്ടി നിറച്ച മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. ഇത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാവുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.
ജലാശയങ്ങളിലും നീര്‍തടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് ജാമ്യം പോലും ലഭിക്കാത്ത കുറ്റകൃത്യമാണ്. മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ഈ പ്രദേശങ്ങളെല്ലാം പലപ്പോഴും സമൂഹ്യവിരുദ്ധരുടെ താവളമാണ്. രണ്ടാഴ്ച മുന്‍പ് ഇതിനടുത്ത് കുറ്റിക്കാട്ടൂര്‍-പൈങ്ങോട്ടുപുറം റോഡരികിലെ ജലസ്രോതസില്‍ കക്കൂസ് മാലിന്യം തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."