പൊതുവാഹനങ്ങളില്‍ ഡാഷ്‌കാമറ വേണമെന്ന് ഹൈക്കോടതി
കൊച്ചി: വാഹനാപകടങ്ങളുടെ കാരണവും ഉത്തരവാദികളെയും കണ്ടെത്താന്‍ പൊതുവാഹനങ്ങളില്‍ ഡാഷ് കാമറ സംവിധാനം സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നു ഹൈക്കോടതി. 5,000 രൂപയോളം വിലവരുന്ന കാമറകളിലെ ദൃശ്യങ്ങള്‍ ആഴ്ചകളോളം സൂക്ഷിക്കാവുന്ന സംവിധാനം നിലവിലുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അപകടങ്ങളുടെ കാരണം കണ്ടെത്തുന്നതിന് ഇത് ഉപകാരപ്രദമാണ്. ഇന്‍ഷുറന്‍സ് സംബന്ധമായ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും സാധിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡാഷ് കാമറ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ജസ്റ്റിസ് വി.രാജാ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.
പൊതുവാഹനങ്ങള്‍ ഓടിക്കുന്നവരെ നിയന്ത്രിക്കാന്‍ കാമറ അനിവാര്യമാണ്. ക്യാമറകള്‍ സ്ഥാപിക്കുന്നതിലൂടെ റോഡുകള്‍ ശവപ്പറമ്പാവുന്നത് തടയാനാകുമെന്നും കോടതി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ കഴിഞ്ഞ ഒക്ടോബര്‍ 25ന് സുനീഷ് എന്നയാള്‍ ഓടിച്ച ബസ് തട്ടി അതിദാരുണമായി സ്ത്രീ മരിച്ചിരുന്നു. ഈ കേസില്‍ സുനീഷ് നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി കാമറയെക്കുറിച്ചു പരാമര്‍ശിച്ചത്. ഡാഷ് കാമറകള്‍ സ്ഥാപിക്കണമെന്നതാണ് പൊലിസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നിലപാടെന്ന് സീനിയര്‍ ഗവ.പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയെ അറിയിച്ചു. പ്രതിക്കു ജാമ്യം നല്‍കിയ കോടതി ഡാഷ് കാമറയുടെ കാര്യത്തിനായി കേസ് വീണ്ടും പരിഗണിക്കും.
ഡാഷ്‌കാമറ
വാഹനങ്ങളുടെ മുന്‍വശത്തെ ഗ്‌ളാസിന് പിറകിലായി ഡാഷ് ബോര്‍ഡിലോ റിയര്‍ വ്യൂ മിററിന് സമീപമോ ഘടിപ്പിക്കുന്ന ചെറിയ കാമറയാണിത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ മുന്‍വശത്തെ ദൃശ്യങ്ങള്‍ ഇവ ചിത്രീകരിച്ചുകൊണ്ടിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."