കാസര്‍കോടിനെ കലാപ ഭൂമിയാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം: മുസ്ലിം യൂത്ത് ലീഗ്
കാസര്‍കോട്: സമാധാനവും സൗഹാര്‍ദ്ദവും നിലനില്‍ക്കുന്ന പ്രദേശങ്ങളെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളെന്ന ആക്ഷേപത്തെയും അക്രമണങ്ങള്‍ അഴിച്ചു വിട്ടു വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കാനുളള ശ്രമങ്ങളെയും കാസര്‍കോട്ടെ ജനം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഇടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ തുരുത്തി പ്രദേശത്ത് ഒരു റോഡിനു ഗാസ സ്ട്രീറ്റ് എന്ന പേരു നല്‍കിയെന്നാരോപിച്ച് തുരുത്തിയെ തീവ്രവാദ റിക്രൂട്ട്മെന്റ് കേന്ദ്രമെന്ന് പറഞ്ഞ് രംഗത്തു വന്ന ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനും നേതാക്കളുംശ്രമിക്കുന്നത് കാസര്‍കോടും പരിസരപ്രദേശങ്ങളിലുമുളള സൗഹാര്‍ദ്ദാന്തരീക്ഷത്തെ തകര്‍ക്കാനാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.
റിയാസ് മൗലവിയുടെ കൊലപാതകത്തിനു ശേഷം വീണ്ടും കാസര്‍കോടും പരിസര പ്രദേശങ്ങളിലും അക്രമണങ്ങള്‍ അഴിച്ചു വിട്ടു വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കാനുള്ള ചില തീവ്രവാദ സംഘങ്ങളുടെ ശ്രമങ്ങളെ കരുതിയിരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
നാടിനെയാകെ ഞെട്ടിച്ചു പഴയചൂരിപ്പളളിയില് മുഅദ്ദിന് റിയാസ് മൗലവി അറുകൊലക്ക് വിധേയമായതിന്റെ വേദന മാറുംമുമ്പേ ചൂരിയിലെ ഹോട്ടലില്‍ കയറി അല്‍ത്താഫ് എന്ന യുവാവിനെ തിങ്കളാഴ്ച രാത്രി വെട്ടിപ്പരുക്കേല്പ്പിച്ചതിലൂടെ മറ്റൊരു കൊലപാതകത്തിനാണു സംഘ്പരിവാര്‍ ലക്ഷ്യമിട്ടതെന്നും റിയാസ് മൗലവിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചന കണ്ടെത്തിയിരുന്നെങ്കില്‍ ഈയൊരു സംഭവം ആവര്‍ത്തിക്കില്ലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
അല്‍ത്താഫിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ പ്രതികളിലൊരാളെ പിടികൂടിയ സാഹചര്യത്തില്‍ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."