തറവാട്
എത്ര മഴ കുഞ്ഞുങ്ങള്‍ ആണ്
അകത്തും പുറത്തും
വീണു മരിച്ചത്
എത്ര നക്ഷത്രങ്ങളെ ആണ്
പകലിലും അകത്തെചുവരില്‍
വെയില് തന്നത്
എത്ര കിനാവുകളാണ്
മാറാലകെട്ടി
മച്ചില്‍ പാര്‍ത്തത്
എത്ര ദുഃഖങ്ങള്‍ ആണ്
ഉരലും ഉലക്കയും ചേര്‍ന്ന്
ഇടിച്ചു തീര്‍ത്തത്
എത്ര ആയുസുകള്‍
ആണ് അരകല്ലില്‍
അരഞ്ഞു തീര്‍ന്നത്
എത്ര ബാല്യങ്ങള്‍ ആണ്
മാവിന്‍ ചോട്ടില്‍
സ്വര്‍ഗം പണിതത്
എത്ര പിണക്കങ്ങള്‍ ആണ്
ഇണക്കങ്ങള്‍ ആവാന്‍
ഒരു പകല്‍ പാര്‍ത്തത്
എത്ര നിശ്വാസങ്ങള്‍ ആണ്
ജീവ ശലഭങ്ങള്‍ ആയി പാറി പറന്നത്
എത്ര ഗര്‍ഭപത്രങ്ങളാണ്
ഉണരുകയും ഉറങ്ങുകയും
ചെയ്തത്
എത്ര വിയര്‍പ്പുതുള്ളികള്‍ ആണ്
എരിവയറില്‍
മഴയായി വന്നത്
എത്ര നൊമ്പരങ്ങളാണ്
അടുപ്പില്‍ തീയേ ശപിച്ചു
പുകയേ കൂട്ടുപിടിച്ചത്..
എത്ര പ്രണയങ്ങള്‍ ആണ് തൊടിയില്‍ പൂവുകളായത്
എത്ര യാത്ര പറച്ചിലുകള്‍
കേട്ടപ്പോഴാണ് ഗോവണി
കരഞ്ഞത്
എത്ര ദൈവങ്ങളാണ് ചുമരില്‍
നിശ്ചലം നിശബ്ദം
നിലയുറപ്പിച്ചത്
എത്ര ദേഹങ്ങളാണ് തെക്കേപ്പുറത്
എരിഞ്ഞു ദൈവങ്ങളായത്
എത്ര ദേഹികളാണ് രൂപങ്ങളില്ലാതെ
ഇങ്ങനെ....
ഇങ്ങനെ...
ഇങ്ങനെ....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."