വൈകിയെങ്കിലും പാടിയുണര്‍ത്താന്‍ ഉഠോബാബയെത്തി
കണ്ണൂര്‍: മാഹേ റംസാന്‍ ജാഗേ ലഗാ ഹേ... ഖവാലി ഗാനാ ഗാ രഹാ ഹേ... റമദാന്‍ മാസം ദഫും ചീനയുമായെത്തുന്ന ഉഠോ ബാബമാരുടെ ഈ ഗാനം കേട്ടായിരുന്നു പണ്ട് കണ്ണൂരുകാര്‍ അത്താഴത്തിനായി ഉറക്കമുണര്‍ന്നിരുന്നത്. എന്നാല്‍ ഈ റമദാനിന്റെ ആദ്യദിനങ്ങളില്‍ ഇല്ലാതിരുന്ന ശബ്ദം അല്‍പം വൈകിയെങ്കിലും എത്തി. ആന്ധ്രയിലെ ചിറ്റൂര്‍ സ്വദേശി എം. ബക്ഷു സാബ് വരുംനാളുകളില്‍ സിറ്റിക്കാരെ അത്താഴത്തിന് പാട്ട് പാടിയുണര്‍ത്തും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അഞ്ചോളം ഉഠോബാബമാരെത്തിയിരുന്നെങ്കിലും ഇന്നു ബക്ഷു സാബ് മാത്രമാണ് എത്തിയത്. അറയ്ക്കല്‍ രാജാവിന്റെ നിര്‍ദേശപ്രകാര അഞ്ചാംവയസില്‍ പിതാവ് ബത്ക് സാബിന്റെ കൂടെയാണ് ആദ്യമായി കണ്ണൂരിലെത്തിയത്. എഴുപത് കഴിഞ്ഞ ബക്ഷു സാബ് ഈ വര്‍ഷമെത്തിയത് തനിച്ചാണ്. ദഖ്‌നി മുസ്‌ലിം മക്കാനിയില്‍ ഒരുക്കിയ വഴിയോര സത്രത്തിലാണ് ഉഠോബാബമാരുടെ താമസം.
പ്രായാധിക്യം തളര്‍ത്തുന്നുണ്ടെങ്കിലും തകര്‍ന്ന് വീഴാറായ സത്രത്തിലിരുന്ന് ഓര്‍മകള്‍ ചികഞ്ഞെടുക്കുമ്പോള്‍ പഴയ അഞ്ചുവയസുകാരന്റെ ചുറുചുറക്കാണ് ഇദ്ദേഹത്തിന്. റമദാനിലെ ഓരോ ദിവസവും അറക്കലില്‍ നിന്ന് സംഘങ്ങളായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദഫുമായി നോമ്പെടുക്കുന്ന വിശ്വാസികളെ പുലര്‍ച്ചെ വീടുകളിലെത്തി വിളിച്ചുണര്‍ത്താന്‍ പോകും.
അന്ന് ബസിലും കാളവണ്ടിയിലുമൊക്കെയായിരുന്നു യാത്ര. കൂടുതലും കാല്‍നടയായായിരുന്നു. 25 പൈസയാണ് മിക്ക വീടുകളില്‍ നിന്നും സക്കാത്തായി കിട്ടിയിരുന്നത്. പിന്നെ അരിയും സാധനങ്ങളും വേണ്ടുവോളം. ഈദുല്‍ഫിത്വര്‍ കഴിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിയ ബാബമാര്‍ മക്കാനിയിലെത്തി ഖവാലിയും ബൈത്തും ചൊല്ലിയാണ് പിരിയാറ്.
അന്ന് കൂടെയുണ്ടായിരുന്ന പലരും ഇന്നില്ല. പുതുതലമുറ ഉഠോബാബമാരാവനാന്‍ തയാറുമല്ലെന്നത് ബക്ഷു സാബിനെ സങ്കടപ്പെടുത്തുണ്ട്.
പൂര്‍വികര്‍ തുടങ്ങിവച്ച ശീലം മാറ്റമില്ലാതെ ഇവരും തുടരുമെന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് മക്കാനിയില്‍ ഖബറടക്കിയ മാതാവിനു വേണ്ടി പ്രാര്‍ഥിക്കാനും പാടിയുണര്‍ത്താനും വീണ്ടുമെത്തമെന്നും ബക്ഷു സാബ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."