സ്ഥലനാമങ്ങള്‍ മാറ്റുന്നതിന് മുന്‍പ് ബി.ജെ.പി നേതാക്കള്‍ പേരുമാറ്റണമെന്ന് യു.പി മന്ത്രി
ന്യൂഡല്‍ഹി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹൈന്ദവവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥലനാമങ്ങള്‍ മാറ്റാനുള്ള നീക്കം കടുത്ത വിമര്‍ശനത്തിനിടയാക്കുന്നു. മുഗള്‍-ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന പേരുകള്‍ മാറ്റി പഴയകാലത്തെ പേരുകളിലേക്കു പോകാനുള്ള നീക്കമാണ് വ്യാപക വിമര്‍ശനത്തിനിടയാക്കുന്നത്.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടക്കുന്ന പേരുമാറ്റല്‍ നടപടിക്കെതിരേ അദ്ദേഹത്തിന്റെതന്നെ മന്ത്രിസഭയിലെ അംഗവും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്.ബി.എസ്.പി) അധ്യക്ഷനുമായ ഓംപ്രകാശ് രാജ്ഭാര്‍ രൂക്ഷമായ പ്രതിഷേധമാണുയര്‍ത്തിയത്. സ്ഥലനാമങ്ങള്‍ ഭാരതീയ പാരമ്പര്യമനുസരിച്ചു മാറ്റുകയാണെങ്കില്‍ ബി.ജെ.പി നേതാക്കളുടെ പേരാണ് ആദ്യം മാറ്റേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍, കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി, യു.പി മന്ത്രി മോഹ്‌സിന്‍ റാസ തുടങ്ങിയവര്‍ ആദ്യം തങ്ങളുടെ പേര് മാറ്റണമെന്നും രാജ്ഭാര്‍ ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിലെ ഭരണപരാജയം മറികടക്കാനാണ് സ്ഥലനാമങ്ങള്‍ മാറ്റുന്നതെന്നു കഴിഞ്ഞ ദിവസം അദ്ദേഹം ആരോപിച്ചിരുന്നു. പ്രമുഖ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് രാജ്ഭാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
മുന്‍ഷി, മജൂംദാര്‍, ഷാ എന്നീ പേരുകള്‍ ഇസ്‌ലാമിക ഉല്‍പത്തിയാണെന്നാണ് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞത്. അങ്ങനെയെങ്കില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ പേരും മാറ്റണമെന്നും രാജ്ഭാര്‍ ആവശ്യപ്പെട്ടു. ഷാ എന്നത് പാര്‍സി വാക്കാണ്. അതിനു സംസ്‌കൃതവുമായി ഒരു ബന്ധവുമില്ല. സ്ഥലനാമങ്ങള്‍ മാറ്റുകയാണെങ്കില്‍ അവര്‍ ആദ്യം ചെയ്യേണ്ടത് അവരുടെ പേരുകള്‍ മാറ്റുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."