കുഴിമന്തിയും 'കുഴി' മന്ത്രിയും നമ്മുടെ നിരത്തുകളും
ബിരിയാണിയും കുഴിമന്തിയും വിദേശ ആഹാരങ്ങളാണ്. പേര്‍ഷ്യയില്‍നിന്ന് വന്നതാവാനാണ് സാധ്യത. കുഴിമന്തി അടുത്തകാലത്ത് ഗള്‍ഫില്‍നിന്ന് കേരളം കീഴടക്കിയ ആഹാരവുമാണ്. രോഗങ്ങളുണ്ടാക്കുന്നതില്‍ ആഹാരങ്ങള്‍ക്ക് പങ്കുണ്ടെന്ന് അറിയുന്നവര്‍ പോലും വാരിവലിച്ച് അകത്താക്കുന്നതില്‍ മിടുക്കുള്ളവരാണ്. പാതിരാവില്‍ ആശുപത്രിയില്‍ ചെന്നാലും കാഷ്വാലിറ്റിക്ക് മുന്‍പില്‍ ചുറ്റിപ്പറ്റി നിരവധി പേരെ കാണാം. രോഗവും മരുന്നും നിര്‍മിക്കുന്നത് ഒരേ കേന്ദ്രങ്ങളാണെന്ന് ഭംഗിവാക്ക് പറയുകയല്ലാതെ നിയന്ത്രണങ്ങള്‍ എവിടെയുമില്ല.
30 ശതമാനം രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളെ സമീപിച്ചിരുന്ന ഇന്നലെകളില്‍നിന്ന് മാറി ഇപ്പോഴത് 40 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രി വ്യവസായം തളരാതിരിക്കാന്‍ വിവിധ ഉപകരണ പരിശോധനകള്‍ക്ക് മാനേജ്‌മെന്റെ് ഡോക്ടര്‍മാര്‍ക്ക് ക്വാട്ട നിശ്ചയിച്ചു നല്‍കിയിട്ടുണ്ടത്രേ. മാസത്തില്‍ 30 സര്‍ജറി, നൂറില്‍ കുറയാത്ത സ്‌കാനിങ്... ഇങ്ങനെയാണത്രേ പല ആശുപത്രികളുടെയും ക്വാട്ട നിരക്ക്. മരുന്നു പരീക്ഷണഉടലുകളായി മനുഷ്യനെ മാറ്റിയിട്ടുണ്ട്. ഏതെല്ലാം മരുന്നുകള്‍ കൃത്യത വരുത്തിയാണ് മാര്‍ക്കറ്റില്‍ എത്തുന്നത് എന്ന് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തോട് ചോദിക്കാന്‍ ആര്‍ക്കാണ് അധികാരമുള്ളത്. ഇന്ത്യന്‍ വിപണിയിലുള്ള പല മരുന്നുകളും ലോകവിപണിയില്‍ നിരോധിക്കപ്പെട്ടവയാണ്. കേരളത്തില്‍ വൃക്കരോഗികള്‍ വല്ലാതെ വര്‍ധിച്ചിരിക്കുന്നു. പാര്‍ശ്വഫലങ്ങളുള്ള ചികിത്സയും മരുന്നും ഗുളികയും കുടിപ്പിച്ചു വളര്‍ത്തിക്കൊണ്ടു വന്നതാണ് ഈ രോഗീ 'പട'യെ.
കേരളത്തിന്റെ നിരത്തുകളില്‍ ചെറുതും വലുതുമായ കുഴികളുടെ എണ്ണം എടുത്താല്‍ ഞെട്ടിപ്പോകും. ചെറു കുഴികള്‍, കുളങ്ങള്‍, കിണറുകള്‍ക്ക് സമാനമായ ഗര്‍ത്തങ്ങള്‍, നമ്മുടെ കേരളത്തിന്റെ ചില നിരത്തുകളില്‍ ശരാശരി 20 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ വാഹനങ്ങള്‍ക്ക് സാധിക്കാതെ വന്നിരിക്കുന്നു. സമയനഷ്ടം, ഇന്ധന നഷ്ടം, ഓഫിസുകളിലും തൊഴില്‍സ്ഥലങ്ങളിലും വൈകിയെത്തല്‍, ട്രെയിന്‍-വിമാനയാത്രക്കാര്‍ക്ക് ദിവസങ്ങള്‍ക്ക് മുന്‍പേ പുറപ്പെടേണ്ട അവസ്ഥ, അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കേണ്ട രോഗികകളുടെ മൃതശരീരം മാത്രം എത്തിക്കാന്‍ നിര്‍ബന്ധിതരാവുന്ന ബന്ധുക്കള്‍ തുടങ്ങിയവ നല്ല റോഡിന്റെ അപര്യാപ്തതയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്.
അയല്‍പക്ക സംസ്ഥാനങ്ങളില്‍ അതിമനോഹരമായ റോഡുകള്‍ കാണുമ്പോള്‍ അസൂയപ്പെട്ടു നെടുവീര്‍പ്പിടുകയാണ് മലയാളികള്‍. 'കുഴി'പ്രളയം കാരണം വലിയതോതിലുള്ള വാഹനതടസം വരുന്നു. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേര് 'കുഴി' മന്ത്രി എന്നാക്കി മാറ്റേണ്ടതുണ്ട്. 2018ലും 19ലും പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ഇപ്പോഴും അതേപടി മാറ്റമില്ലാതെ തുടരുന്നു. പ്രളയ സെസ് പിടിച്ചു തുടങ്ങി. സംഭാവനകള്‍ പലവിധം ശേഖരിച്ചു. ചില സര്‍ക്കാര്‍ ജീവനക്കാരോട് ശമ്പളവും പിടിച്ചുവാങ്ങി. ഫോറിന്‍ പിരിവ് ഇതെല്ലാം നടന്നു എന്നല്ലാതെ റോഡുകളിലുണ്ടായ കുഴികളോ, കേടുപാടുകളോ തീര്‍ക്കാന്‍ നാളിതുവരെ കഴിഞ്ഞതുമില്ല.
2016 ലെ കണക്കനുസരിച്ച് കേരളത്തില്‍ 1781.57 കിലോമീറ്റര്‍ നാഷനല്‍ ഹൈവേ റോഡ്, 4341.6 കിലോമീറ്റര്‍ സ്റ്റേറ്റ് ഹൈവേ റോഡ്, 27469.950 കിലോമീറ്റര്‍ ജില്ല ഹൈവേ റോഡ്, 1631 83.99 കിലോമീറ്റര്‍ പഞ്ചായത്ത് റോഡ്, 18411.82 കിലോ മീറ്റര്‍ മുനിസിപ്പല്‍ റോഡ്, 6644 കിലോമീറ്റര്‍ കോര്‍പ്പറേഷന്‍ റോഡ്, 4575 കിലോമീറ്റര്‍ ഫോറസ്റ്റ് റോഡ്, 26 11.90 കിലോമീറ്റര്‍ ഇറിഗേഷന്‍ റോഡ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് 238 കിലോമീറ്റര്‍ റോഡ് ഇതിന് പുറമേ 17 വലിയ പാലങ്ങള്‍, 39 വലിയ ഓവര്‍ ബ്രിഡ്ജുകള്‍ 83 സാമാന്യം വലിപ്പമുള്ള റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയും കേരളത്തിലുണ്ട്.
2016 ലെ കണക്ക് പ്രകാരം 101.94 ലക്ഷം മോട്ടോര്‍ വാഹനങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനുപുറമേ അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ആയിരക്കണക്കിന് വാഹനങ്ങളും ചരക്ക് വാഹനങ്ങളും കണ്ടെയ്‌നര്‍ വാഹനങ്ങളും കേരളത്തിലെ റോഡുകളില്‍ നിറഞ്ഞു കവിയുകയുമാണ്. യാതൊരുവിധ നവീന പ്രവര്‍ത്തനങ്ങളും നടക്കാതിരിക്കുകയും പുതിയ റോഡുകള്‍ നിര്‍മിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ദുരവസ്ഥ ലോകത്ത് മറ്റെവിടെയുണ്ട്? കാല്‍നടയാത്ര ഇപ്പോള്‍ ഇല്ല എന്ന് പറയാം. 500 മീറ്റര്‍ അകലെയുള്ള പാഠശാലയിലേക്ക് വരെ കുട്ടികളെ വാഹനത്തിലാണ് എത്തിക്കുന്നത്. മാനേജ്‌മെന്റുകളും രക്ഷിതാക്കളും തങ്ങളുടെ മക്കള്‍ നടന്ന് കാലുറക്കരുത് എന്ന നിര്‍ബന്ധബുദ്ധി വച്ചുപുലര്‍ത്തുന്നു. 50 രൂപ മത്സ്യം വാങ്ങാന്‍ ഓട്ടോറിക്ഷ തന്നെ വേണം. നടക്കാന്‍ അറിഞ്ഞുകൂടാത്ത ഒരു ജനത നമ്മുടെ നാട്ടില്‍ വളര്‍ന്നു വരികയാണ്. നടക്കാന്‍ അനുവദിക്കാത്ത സംസ്‌കാരവും വരുന്നുണ്ട്.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നാഷനല്‍ ഹൈവേ ഉദ്യോഗസ്ഥന്‍മാരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പില്‍വച്ച് ശാസിച്ചു എന്ന വാര്‍ത്ത വന്നത് രണ്ടാഴ്ച മുന്‍പ്. കേരളത്തിന്റെ മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും ശാസിക്കുന്നതിന് തുല്യമാണ് ഈ ശാസനയും. സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കാണ് അധികാരം? ജമ്മുകശ്മിരില്‍ പട്ടാളക്കാര്‍ റോഡ് അടച്ചു ആളുകളെയും വാഹനങ്ങളെയും തടയല്‍ തുടങ്ങിയിട്ട് മാസങ്ങളായി. പട്ടാളമാണ് തടയല്‍ പണി അവിടെ നടത്തുന്നത്. ഇവിടെ ഉദ്യോഗസ്ഥന്മാര്‍ അപ്രഖ്യാപിത തടയല്‍ തുടരുകയാണ്.
അന്താരാഷ്ട്ര നിലവാരമുള്ള ഏതെങ്കിലുമൊരു റോഡ് കേരളത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ഇതിനെല്ലാം പുറമേ മന്ത്രിമാര്‍ക്ക് അകമ്പടി സേവിക്കാന്‍ നൂറുകണക്കിന് വാഹനങ്ങള്‍ വേണം. അവര്‍ക്ക് സഞ്ചാര പാത ഒരുക്കാന്‍ മറ്റു വാഹനങ്ങള്‍ തടയണം. ഇതുകാരണം റോഡുകള്‍ അടിക്കടി യാത്രാ തടസം നേരിടുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി കവിത എഴുതിയും പാടിയും കാലം കഴിക്കുകയാണ്. നമ്മുടെ റോഡുകളിലൂടെ സഞ്ചരിച്ചാല്‍ ആയുര്‍വേദ തടവല്‍ കേന്ദ്രത്തില്‍ ഒരാഴ്ച കഴിയേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
എക്‌സിക്യൂട്ടീവ് നേരെചൊവ്വേ പ്രവൃത്തി നടത്തിയാല്‍ ഭരണനിര്‍വഹണം ഭംഗിയായി നടക്കും.എന്നാല്‍, തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കുക, അപ്രായോഗിക പ്ലാനിങ് തയാറാക്കുക, തീരുമാനങ്ങള്‍ നടപ്പിലാക്കാതിരിക്കുക, നടപ്പിലാക്കുന്നതില്‍ കളങ്കംവരുത്തുക ഇതൊക്കെയാണ് സാധാരണ കണ്ടുവരുന്നത്. ലോകത്ത് മൂന്നുതരം എക്‌സിക്യൂട്ടീവുകളുണ്ടെന്ന് അധികാരികള്‍ തന്നെ സമ്മതിക്കുന്നു. 1) ഹ്രസ്വകാല ഫലം മാത്രം ലക്ഷ്യമാക്കി ഭാവി പാടെ മറന്നു നിലപാട് സ്വീകരിക്കുന്നവര്‍. 2) പത്തുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതി മേശപ്പുറത്ത് ഉണ്ടാവും. ഫയലില്‍ കെട്ടി ഒരു തീരുമാനവും എടുക്കാതെ കാലം കഴിക്കുന്നവര്‍. 3) മികച്ച ഉള്‍ക്കാഴ്ച ആധാരമാക്കി നിരന്തരം പ്രവര്‍ത്തിച്ചു അടിക്കടി പുരോഗതികള്‍ നിര്‍മിക്കുന്നവര്‍. നിര്‍ഭാഗ്യവശാല്‍ ഈ വിഭാഗത്തിന്റെ എണ്ണം വളരെ പരിമിതമാണ്. 500 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള സര്‍വിസ് നടത്തുന്ന ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ നിയമനം ഉദ്യോഗസ്ഥര്‍ തന്നെയാണ് അട്ടിമറിച്ചത്. 10-20 പേര്‍ക്ക് ടിക്കറ്റ് മുറിച്ചു കൊടുത്തു ബസിന് പിറകിലെ സീറ്റില്‍ സുഖമായി കിടന്നുറങ്ങാം. തൊഴിലാളി യൂനിയന്‍ നേതാക്കള്‍ കണ്ടെത്തിയ കുറുക്കുവഴി ഇതാണ്. എട്ടു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള സര്‍വിസുകള്‍ക്ക് ഡബിള്‍ ഡ്യൂട്ടി അട്ടിമറിച്ചതും മറ്റാരുമല്ല. അത്തരം സര്‍വിസുകളില്‍ യാത്ര ചെയ്യുന്നവര്‍ പോലും പ്രയാസപ്പെടുകയാണ്. എത്തിയടുത്തുനിര്‍ത്തി ഡ്രൈവറും കണ്ടക്ടറും മാറുമ്പോള്‍ സമയനഷ്ടം ഉള്‍പ്പെടെ സര്‍വിസുകള്‍ താളംതെറ്റുന്നു. ടോമിന്‍ തങ്കച്ചരി തങ്കപ്പെട്ട മനുഷ്യന്‍ ഒന്നുമല്ലെങ്കിലും കൊണ്ടുവരാന്‍ ശ്രമിച്ച പരിഷ്‌കരണങ്ങള്‍ നന്നായിരുന്നു.
എല്ലാ ഫയലുകളിലും ഒരു ജീവന്റെ തുടിപ്പുണ്ടെന്ന് പറഞ്ഞ ഭരണാധികാരിയാണ് പിണറായി വിജയന്‍. അദ്ദേഹത്തിന്റെ മന്ത്രി 'പട'യുടെ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ പോലെ തന്നെ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോകളുടെ വിശാല മുറ്റങ്ങളില്‍ ആന വണ്ടികളും കട്ടപ്പുറത്ത് കിടക്കുന്നു. ഇരുപത്തി അയ്യായിരം രൂപ മുതല്‍ 1,50,000 വരെ ശമ്പളം പറ്റുന്നവര്‍ (വെള്ളാനകള്‍) തമ്പടിച്ച കോര്‍പ്പറേഷനാണ് കെ.എസ്.ആര്‍.ടി.സി. തകര്‍ന്ന റോഡുകളും തട്ടിമുട്ടി കുലുങ്ങി അസമയത്തും അപ്രതീക്ഷിതവുമായും വരുന്ന ആനവണ്ടികളും നമ്മുടെ നിരത്തുകളിലെ വാഹനങ്ങളും അന്തരീക്ഷ മലിനീകരണത്തിന് ശക്തി കൂട്ടുന്നതിനുവേണ്ടി മാത്രമായിത്തീരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."