നൊബേല്‍ പുരസ്‌കാരനിറവില്‍ ഇന്ത്യ
അമര്‍ത്യാസെന്നിന് ശേഷം സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിക്കൊണ്ട് ഇന്ത്യ ഒരിക്കല്‍കൂടി ലോകത്തിന്റെ ശ്രദ്ധപിടിച്ചെടുത്തിരിക്കുകയാണ്. അമേരിക്കന്‍ പൗരത്വമുള്ള അഭിജിത് ബാനര്‍ജി അടുത്തകാലത്താണ് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ ദീപകും നിര്‍മ്മലയും ബംഗാളില്‍തന്നെ കഴിയുന്നുമുണ്ട്. അഭിജിത്തിന്റെ ഭാര്യയും ഫ്രഞ്ച് വംശജയുമായ എസ്‌തേര്‍ ദഫ്‌ളോയും അമേരിക്കക്കാരനായ മൈക്കല്‍ ക്രമറും ഈ സമ്മാനം പങ്കിടുന്നുണ്ട്.
അമര്‍ത്യാസെന്‍ നടത്തിയത് പോലുള്ള സാമ്പത്തിക ശാസ്ത്രത്തെ എങ്ങിനെ ദാരിദ്ര്യത്തെ ഉച്ഛാടനം ചെയ്യാന്‍ ഉപകരണമാക്കാം എന്ന വിഷയത്തിലൂന്നിയായിരുന്നു അഭിജിത് ബാനര്‍ജിയും അദ്ദേഹത്തിനൊപ്പമുള്ളവരും പ്രവര്‍ത്തിച്ചിരുന്നത്. വെല്‍ഫെയര്‍ ഇക്കണോമിക്‌സ് സോഷ്യല്‍ ചോയ്‌സ് എന്നീ വിഷയത്തിലൂന്നിയ പഠനഗവേഷണത്തിനായിരുന്നു അമര്‍ത്യാസെന്നിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നതെങ്കില്‍ അഭിജിത് ബാനര്‍ജിയും ഭാര്യയും സഹപ്രവര്‍ത്തകനുമാകട്ടെ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് (വികസന സാമ്പത്തിക ശാസ്ത്രം) ലോകത്തിന്റെ പ്രധാന അജണ്ടയാക്കി എന്നതാണ് പ്രധാനം. ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യവും പട്ടിണിയും രാഷ്ട്രത്തലവന്മാരുടെയും സാമൂഹിക ചിന്തകരുടെയും ആലോചനകള്‍ക്ക് വിധേയമായ വിഷയമാണ്. ലോകത്തില്‍ മൊത്തത്തിലുള്ള പട്ടിണി മാറ്റുന്നതിനെക്കുറിച്ചായിരുന്നു ഇവരില്‍ ഏറെയും ചിന്തിച്ചിരുന്നത്. അതിനാല്‍തന്നെ അതിനൊരു പരിഹാരം കാണുവാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല.
അഭിജിത് ബാനര്‍ജിയും ഭാര്യ എസ്‌തേര്‍ ദഫ്‌ളോയും സഹപ്രവര്‍ത്തകനും അമേരിക്കനുമായ മൈക്കല്‍ ക്രമറും ഈ വിഷയത്തെ മറ്റൊരുതലത്തിലാണ് സമീപിച്ചത്. ഓരോ പ്രദേശങ്ങളുടെയും പട്ടിണിയും ദാരിദ്ര്യവും വ്യത്യസ്തമാണെന്നും അതിന് പരിഹാരം കാണുവാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍തന്നെ അവലംബിക്കേണ്ടതായുണ്ടെന്നുമാണ് ഇവര്‍ കണ്ടെത്തിയത്. ദാരിദ്ര്യവും പട്ടിണിയും മാറ്റാനുള്ള വിഭവങ്ങള്‍ ലോകത്ത് തന്നെയുണ്ട്. എന്നാല്‍ അവയുടെ വിതരണത്തിലെ അസന്തുലിതാവസ്ഥയാണ് ചില രാഷ്ട്രങ്ങള്‍ എന്നെന്നും പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുവാന്‍ കാരണമാകുന്നത്. ഈയൊരു കാഴ്ചപ്പാടിലൂടെയാണ് അഭിജിത് ബാനര്‍ജിയും ഭാര്യയും കഴിഞ്ഞ ഇരുപത് വര്‍ഷം ഈ വിഷയത്തിന് പരിഹാരം കാണുവാനുള്ള ഗവേഷണപഠനങ്ങളില്‍ ഏര്‍പ്പെട്ടത്. അതോടൊപ്പംതന്നെ അവര്‍ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു.
ദാരിദ്ര്യം തന്നെയാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിഘാതമായി നില്‍ക്കുന്ന പ്രധാനകാരണമെന്ന് ഇവര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആനിലക്ക് അവരുടെ പ്രവര്‍ത്തനങ്ങളെ ക്രമീകരിച്ചത്. ഇന്ത്യയായിരുന്നു അഭിജിത് ബാനര്‍ജിയുടെയും ഭാര്യയുടെയും പ്രവര്‍ത്തനമണ്ഡലങ്ങളെങ്കില്‍ മൈക്കല്‍ ക്രമര്‍ കെനിയയെയാണ് തന്റെ പ്രവര്‍ത്തനമണ്ഡലമായി തിരഞ്ഞെടുത്തത്. ഇന്ത്യയില്‍ ഇവര്‍ നടത്തിയ പ്രവര്‍ത്തന ഫലമായിട്ടാണ് അന്‍പത് ലക്ഷത്തോളം കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുവാന്‍ കഴിഞ്ഞത്.
ദാരിദ്ര്യത്തിന്റെ നൊമ്പരം അനുഭവിച്ചുവളര്‍ന്ന ആളായിരുന്നില്ല അഭിജിത് ബാനര്‍ജി. എന്നാല്‍ അതിന്റെ കരാളത എത്രത്തോളമുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടാണ് തന്റെ പഠനഗവേഷണങ്ങളെയും അതിന്റെ പ്രായോഗിക പ്രവര്‍ത്തനങ്ങളെയും ദാരിദ്ര്യ ഉച്ഛാടനത്തിനായി അദ്ദേഹവും സംഘവും ഉപയോഗപ്പെടുത്തിയത്. ഇതിന്റെപേരില്‍ തന്നെയാണ് അവര്‍ക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം സമ്മാനിക്കപ്പെട്ടതും. പട്ടിണി ഇല്ലാതാക്കാന്‍ സാമ്പത്തിക ശാസ്ത്രത്തെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്നതിനെ സംബന്ധിച്ച് മകന്‍ ധാരാളം പഠനങ്ങള്‍ നടത്തുകയും അതിലപ്പുറം ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ഒരുപാട് ജോലികളും ചെയ്തിട്ടുണ്ടെന്ന് ഇക്കണോമിക്‌സ് പ്രൊഫസറായിരുന്ന അഭിജിതിന്റെ അമ്മ നിര്‍മ്മല തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. അഭിജിത്തിന്റെ അച്ഛന്‍ ദീപകും കൊല്‍ക്കത്ത പ്രസിഡന്‍സി കോളജിലെ ഇക്കണോമിക്‌സ് പ്രൊഫസറായിരുന്നു. മാതാപിതാക്കള്‍ അഭിജിത്തിന് പ്രചോദനമായിട്ടുണ്ടാകും. പക്ഷെ മകന്റെ പ്രവര്‍ത്തനപഥങ്ങള്‍ തങ്ങളുടെ പരിധിക്കപ്പുറമായിരുന്നുവെന്ന് മാതാപിതാക്കള്‍തന്നെ പറയുന്നുമുണ്ട്.
ലോകത്തിന്റെ പട്ടിണിയും ദാരിദ്ര്യവും മാറ്റാന്‍ ഇവരെപ്പോലെതന്നെ പലരും പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ എഴുപത് കോടിയിലേറെ ജനങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് ഇന്നും കഴിയുന്നത്. അഭിജിത് ബാനര്‍ജിയുടെയും ഭാര്യ എസ്‌തേര്‍ ദഫ്‌ളോയുടെയും സഹപ്രവര്‍ത്തകന്‍ മൈക്കല്‍ ക്രമറുവിന്റെയും പ്രവര്‍ത്തനങ്ങള്‍ വിജയപഥത്തിലെത്തുമെങ്കില്‍ ലോകത്തിന്റെ പട്ടിണിതന്നെ മാറ്റാന്‍ അത് കാരണമാകും. അതിനുള്ള അവരുടെ ദീര്‍ഘയാത്രയുടെ പാഥേയമായി തീരട്ടെ നൊബേല്‍ പുരസ്‌കാരലബ്ധി.
അമര്‍ത്യാസെന്നിന്റെയും അഭിജിത് ബാനര്‍ജിയുടെയും ചിന്തകള്‍ക്കും നയങ്ങള്‍ക്കും ഏറെ സാമ്യമുണ്ട്. ഇരുവരും കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജിലാണ് പഠിച്ചതെങ്കിലും ചിന്തകള്‍ സമാനത പുലര്‍ത്തുന്നു എന്നതാണ് ശ്രദ്ധേയം. ഇരുവര്‍ക്കും പ്രത്യേക ഇസങ്ങളിലോ രാഷ്ട്രീയ പാര്‍ട്ടികളിലും വിശ്വാസമില്ല. കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശകരാണ് രണ്ടുപേരും. നോട്ട് നിരോധനത്തെയും ജയ്ശ്രീറാം കൊലവിളിയാകുന്നതിനെയും കശ്മിരില്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെയും അതിനിശിതമായി വിമര്‍ശിച്ച വ്യക്തിയാണ് അമര്‍ത്യാസെന്‍.
അതേപോലെ നോട്ട് നിരോധനത്തെയും ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക നയത്തെയും വിമര്‍ശിക്കുന്നു അഭിജിത് ബാനര്‍ജി. അടുത്തകാലത്തൊന്നും ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറുകയില്ലെന്നും അഭിജിത് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 'ന്യായ് 'പദ്ധതിയെന്ന ആകര്‍ഷണീയ മുദ്രാവാക്യം കോണ്‍ഗ്രസിന് നല്‍കിയത് അഭിജിത് ബാനര്‍ജിയായിരുന്നു. കഷ്ടകാലമെന്ന് പറയട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്തന്നെ ഇത് എന്താണെന്ന് മനസിലായില്ല. അതിനാല്‍തന്നെ അവര്‍ ഇത് മുഖ്യപ്രചാരണ വിഷയവുമാക്കിയില്ല. വിഷയമാക്കിയ രാഹുല്‍ഗാന്ധിക്കോ മുതിര്‍ന്ന നേതാക്കളെന്ന് പറയപ്പെടുന്നവരില്‍ നിന്നും പിന്തുണയും ലഭിച്ചില്ല.
ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയെന്നനിലക്ക് ശ്രദ്ധപിടിച്ച്പറ്റേണ്ടതായിരുന്നു ന്യായ് പദ്ധതി. രാജ്യത്തെ 20 ശതമാനം നിര്‍ദ്ധനരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം 72,000 രൂപ നിക്ഷേപിക്കുന്നതായിരുന്നു ന്യായ് പദ്ധതി. നടപ്പിലായിരുന്നുവെങ്കില്‍ തൊഴിലുറപ്പ് പദ്ധതിപോലെ ദരിദ്രരുടെ പട്ടിണി മാറ്റാന്‍ ഉതകുമായിരുന്നു. ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജിയുടെ നൊബേല്‍ പുരസ്‌കാരലബ്ധിയില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ആഹ്ലാദിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."