നികത്തിയ ഭൂമിയിലെ നിര്‍മാണപ്രവര്‍ത്തനം: സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി
കൊച്ചി: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വരുന്നതിന് മുന്‍പ് നികത്തിയ ഭൂമിയില്‍ നിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സുപ്രിംകോടതിയുടെ ഉത്തരവിന്റെയും കേരള ഭൂവിനിയോഗ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് നികത്തിയ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കുമ്പോള് ഗ്രാമങ്ങളില്‍ പത്ത് സെന്റിലും നഗരങ്ങളില്‍ അഞ്ചു സെന്റിലും മാത്രം അനുമതി നല്കിയാല് മതിയെന്ന് 2016 ഡിസംബറില്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനെതിരേ സമര്‍പ്പിച്ച 50 ഓളം ഹരജികളിലാണ് ഇക്കാര്യം വ്യക്തമാക്കി റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ജാഫര്‍ഖാന്‍ സത്യവാങ്മൂലം നല്‍കിയത്.
അനധികൃതമായി വന്‍തോതില്‍ കൃഷിയിടങ്ങള്‍ നികത്തിയശേഷം അനുമതി തേടി അപേക്ഷ നല്‍കുന്നത് അനുവദിക്കാനാവില്ല.
വന്‍തോതില്‍ കൃഷിയിടം നികത്തുന്നതും തൊട്ടടുത്ത വസ്തുവിലേക്കുള്ള നീരൊഴുക്ക് തടസപ്പെടുന്ന തരത്തില്‍ ഭൂമി നികത്തുന്നതും 2002 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട്. ഇതു സുപ്രിംകോടതി ശരിവച്ചിട്ടുമുണ്ട്. കൂടാതെ, വന്‍തോതില്‍ ഭൂമി നികത്തുന്നത് അനുവദിക്കാനാവില്ലെന്നും കലക്ടര്‍മാര്‍ ഇതുറപ്പാക്കണമെന്നും ജലജാ ദിലീപ് കേസില്‍ സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയ്ക്കാണ് നിയന്ത്രണം കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."