ക്രൈസ്റ്റും മെഴ്‌സി കോളജും കുതിക്കുന്നു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ക്രൈസ്റ്റും മെഴ്‌സി കോളജും കുതിക്കുന്നു. സി.എച്ച് മുഹമ്മദ് കോയ സ്മാരക സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. മൂന്ന് സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവും നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് 19 പോയന്റുമായാണ് പുരുഷ വിഭാഗത്തില്‍ ഒന്നാമതെത്തിയത്.
വനിതാ വിഭാഗത്തില്‍ ഒന്നാമതെത്തിയ പാലക്കാട് മെഴ്‌സി കോളജ് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും സ്വന്തമാക്കി 1 5 പോയിന്റ് നേടി. പുരുഷ വിഭാഗത്തില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമായി 12 പോയിന്റ് നേടിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് രണ്ടാം സ്ഥാനത്ത്. ഓരോ സ്വര്‍ണവും വെള്ളിയും വീതം നേടി എട്ട് പോയിന്റുമായി ഗവണ്‍മെന്റ് വിക്‌ടോറിയ കോളജ്, സഹൃദയ കോളജ് എന്നിവരാണ് മൂന്നാം സ്ഥാനത്ത്. വനിതാ വിഭാഗത്തില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവുമായി 11 പോയിന്റ് നേടിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചിങ് ഡിപ്പാര്‍ട്ട്‌മെന്റ് രണ്ടാം സ്ഥാനത്തും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമായി എട്ട് പോയിന്റോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മൂന്നാം സ്ഥാനത്തുമാണ്. പുരുഷ വിഭാഗം ഹൈജംപില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ കെ.എസ് അനന്തുവും ഹാമര്‍ത്രോയില്‍ സഹൃദയ കോളജിലെ രാഹുല്‍ സുഭാഷുമാണ് മീറ്റ് റെക്കോര്‍ഡുമായി സ്വര്‍ണം നേടിയത്.
മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജിലെ 5000 മീറ്ററില്‍ സി. ബബിതയുടെ സ്വര്‍ണ വേട്ടയോടെയാണ് മേളയ്ക്ക് തുടക്കമായത്. 18.09.28 സെക്കന്റിലാണ് ബബിത സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. ചാംപ്യന്‍ഷിപ്പ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."