കാബൂളില്‍ ചാവേര്‍ സ്‌ഫോടനം; ആറുപേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. കാബൂളിലെ പൊലിസ് ചെക്‌പോസ്റ്റില്‍ കഴിഞ്ഞ ദിവസം പകലാണ് സംഭവം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ പൊലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. പത്തു പൊലിസുകാര്‍ക്കും സ്ത്രീകളടക്കം മറ്റു സാധാരണക്കാര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മധ്യ കാബൂളില്‍ സ്‌കൂളിനടുത്ത് സ്ഥിതിചെയ്യുന്ന ചെക്‌പോയിന്റിലാണ് ചാവേര്‍ ആക്രമണമുണ്ടായത്. പ്രസിഡന്റിന്റെ കൊട്ടാരവും ധനകാര്യ, നിയമ മന്ത്രാലയങ്ങളും ഏറെക്കുറെ ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. അഫ്ഗാന്‍ പൊലിസ് വക്താവ് ബശീര്‍ മുജാഹിദ് സംഭവസമയത്തു സ്ഥലത്തുനിന്നു വെറും 20 മീറ്റര്‍ അകലെയുണ്ടായിരുന്നു.
ശരീരത്തില്‍ സ്‌ഫോടകവസ്തു ഘടിപ്പിച്ചെത്തിയ ഭീകരന്‍ ചെക്‌പോയിന്റിനടുത്തെത്തിയപ്പോള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കാല്‍നടയായായിരുന്നു ഇയാള്‍ ഇവിടെയെത്തിയത്. ഇതിനാല്‍ സുരക്ഷാ ജീവനക്കാര്‍ സംശയിച്ചതുമില്ല.
താലിബാന്‍ ഭീകരരുടെ ആക്രമണം തടയുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് നൂറുകണക്കിനു പ്രതിഷേധക്കാര്‍ തലസ്ഥാനത്തു തമ്പടിച്ച സമയത്തുതന്നെയായിരുന്നു ആക്രമണമെന്നതും ശ്രദ്ധേയമാണ്. ഗസ്‌നി, ഹെറാത്ത് പ്രവിശ്യകളില്‍നിന്നുള്ള ജനങ്ങളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ ഇരു പ്രവിശ്യകളിലും നിരവധി ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും അഫ്ഗാനില്‍ വന്‍ ഭീകരാക്രമണം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."