ഗസ്സയില്‍ ഇസ്‌റാഈലിന്റെ രഹസ്യ ഓപറേഷന്‍
ഗസ്സ: ഫലസ്തീനിലെ ഗസ്സയില്‍ ഇസ്‌റാഈല്‍ സേന നടത്തിയ രഹസ്യനീക്കത്തില്‍ എട്ടു മരണം. ഏഴു ഫലസ്തീനികളും ഒരു ഇസ്‌റാഈല്‍ സൈനികനുമാണ് സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടത്. ഹമാസ് കമാന്‍ഡറും കൊല്ലപ്പെട്ടിട്ടുണ്ടെന്നു ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു.
ഇന്നലെ ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍നിന്നു കിലോമീറ്ററോളം അകലെ ഗസ്സാ മുനമ്പില്‍ സാധാരണ വാഹനത്തിലെത്തിയാണ് ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തിയത്. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനുസിന് കിഴക്കായാണ് സംഭവം അരങ്ങേറിയത്. വാഹനത്തില്‍നിന്ന് ആദ്യം ഇസ്‌റാഈല്‍ സൈന്യം വെടിയുതിര്‍ത്തു. മേഖലയിലെ ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിനെ ലക്ഷ്യമിട്ടാണ് ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തിയത്. ഇതില്‍ ഖസ്സാം കമാന്‍ഡറായ നൂര്‍ ബറക കൊല്ലപ്പെട്ടു. ഉടനെ തെക്കന്‍ ഇസ്‌റാഈലില്‍നിന്നു സൈറണ്‍ മുഴങ്ങി. മേഖലയില്‍ ഇരു സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇസ്‌റാഈല്‍ ടാങ്കറുകളും സൈനിക വിമാനങ്ങളും ബോംബ് വര്‍ഷിക്കുകയും ചെയ്തു. ഇതിനു പിറകെ ഗസ്സയില്‍നിന്ന് ഇസ്‌റാഈല്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടു പ്രത്യാക്രമണവുമുണ്ടായി.
നിരവധി റോക്കറ്റുകള്‍ ഇസ്‌റാഈലിലെത്തിയെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 17 റോക്കറ്റുകളാണ് ഇസ്‌റാഈല്‍ പ്രദേശങ്ങളിലെത്തിയതെന്ന് ഇസ്‌റാഈല്‍ സേന അവകാശപ്പെട്ടു. ഇതില്‍ മൂന്നെണ്ണം തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട മറ്റു ഫലസ്തീനികളും ഹമാസ് പ്രവര്‍ത്തകരാണെന്നാണ് വിവരം. പ്രത്യേക ദൗത്യസംഘത്തിലെ അംഗം കൊല്ലപ്പെടുകയും ഒരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സസ് (ഐ.ഡി.എഫ്) അറിയിച്ചു. സംഭവത്തിനു പിറകെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു ഫ്രഞ്ച് യാത്ര റദ്ദാക്കി നാട്ടിലേക്കു മടങ്ങി. ഒന്നാം ലോകയുദ്ധത്തിന്റെ നൂറാം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനായി പാരിസിലെത്തിയതായിരുന്നു നെതന്യാഹു.
സൈനിക നടപടിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ഇസ്‌റാഈല്‍ തയാറായിട്ടില്ല. എന്നാല്‍, ഭീകരവാദികളെ കൊല്ലാനോ തട്ടിക്കൊണ്ടു പോകാനോ നടത്തിയതല്ല സൈനിക ഓപറേഷനെന്ന് ഐ.ഡി.എഫ് പ്രതികരിച്ചു. ഇസ്‌റാഈലില്‍ സുരക്ഷ ശക്തിപ്പെടുത്തുകയായിരുന്നു നടപടിയുടെ ലക്ഷ്യമെന്നും സൈന്യം വെളിപ്പെടുത്തി.
ഫലസ്തീന്‍ അതിര്‍ത്തിക്കകത്ത്, പ്രത്യേകിച്ചും ഗസ്സയില്‍ ഇത്തരത്തിലുള്ള ഇസ്‌റാഈല്‍ സൈനിക നടപടി അപൂര്‍വമാണ്. ഇസ്‌റാഈലിന്റെത് ഭീരുത്വപരമായ നടപടിയാണെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."