ബന്ധുനിയമനം സുപ്രിംകോടതി വിധിയുടെ ലംഘനം: യൂത്ത്‌ലീഗ്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിച്ചത് സുപ്രിംകോടതി വിധി ലംഘിച്ചാണെന്ന് യൂത്ത് ലീഗ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളല്ലെന്ന് 2003ല്‍ ഫെഡറല്‍ ബാങ്കും സാഗര്‍ തോമസും തമ്മിലുള്ള കേസില്‍ സുപ്രിംകോടതി വിധിച്ചിട്ടുണ്ട്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് സ്റ്റാറ്റിയൂട്ടറി പദവി ലഭിക്കില്ലെന്നും അദീബിന് നിയമനം നല്‍കിയത് നിയമാനുസൃതമല്ലെന്നും യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റിയൂട്ടറി ബോഡിയാണെന്നും അതിനാല്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥ പ്രകാരം നിയമിക്കാമെന്നുള്ള ചട്ടമനുസരിച്ചാണ് അദീബിനെ നിയമിച്ചതെന്നുമായിരുന്നു ജലീലിന്റെ വാദം. എന്നാല്‍ അദീബിനെ രാജിവയ്പിച്ച് മന്ത്രിക്ക് രക്ഷപ്പെടാനാകില്ല. അദീബ് പറഞ്ഞ ആത്മാഭിമാനം ജലീലിനുണ്ടെങ്കില്‍ രാജിവച്ച് അന്വേഷണം നേരിടണം. രാജിവയ്ക്കാന്‍ മന്ത്രി തയാറായില്ലെങ്കില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത തരത്തില്‍ പ്രക്ഷോഭം നടത്തുമെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജലീലിനെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് വിജിലന്‍സ് ഡയരക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ യൂത്ത് ലീഗ് കോടതിയെ സമീപിക്കുമെന്നും ഫിറോസ് പറഞ്ഞു. ബന്ധുനിയമനത്തിന് സഹായകരമാകുന്ന വിധത്തില്‍ മറ്റു അപേക്ഷകര്‍ക്ക് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിയമനം നല്‍കിയതായും ഫിറോസ് ആരോപിച്ചു. അദീബിന്റെ രാജിയില്‍ സമരം തീരില്ലെന്നും ജലീലിന്റെ രാജിവരെ പോരാട്ടം തുടരുമെന്നും ഫിറോസ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് ലീഗ് വൈസ് പ്രസിഡന്റുമാരായ സുള്‍ഫിക്കര്‍ സലാമും ഫൈസല്‍ ബാഫഖി തങ്ങളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."