ദേശീയ വികാരം കത്തിക്കാന്‍ വ്യാജവാര്‍ത്തകള്‍ പടയ്ക്കുന്നു
ലണ്ടന്‍: ഇന്ത്യയില്‍ വ്യാപകമാകുന്ന വ്യാജവാര്‍ത്തകളുടെ ഉറവിടം കണ്ടെത്തി അന്താരാഷ്ട്ര പഠനം. രാജ്യത്ത് മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന അതിദേശീയവാദികളാണു വ്യാജവാര്‍ത്തകള്‍ക്കു പിറകില്‍ ചരടുവലിക്കുന്നതെന്നാണു കണ്ടെത്തല്‍. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയുടെ ഗവേഷകസംഘമാണ് ഇന്ത്യ അടക്കം മൂന്ന് രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലൂടെ പഠനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന വലിയൊരു വ്യാജവാര്‍ത്താ സ്രോതസുകള്‍ തന്നെ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് സാമുദായിക കലാപങ്ങള്‍ അടക്കമുള്ള വന്‍ സാമൂഹിക പ്രശ്‌നങ്ങള്‍ ഇളക്കിവിട്ട വ്യാജവാര്‍ത്തകളെ കുറിച്ചു പുറത്തുവരുന്ന ഏറ്റവും ശ്രദ്ധേയമായ പഠനമാണ് ബി.ബി.സി പുറത്തുവിട്ടിരിക്കുന്നത്.
മറ്റു വാര്‍ത്തകളെക്കാളും ബഹുദൂരം മുന്നിലാണ് 'വ്യാജ മോദിവാര്‍ത്തകളു'ള്ളത്. ഗവേഷക സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ മറ്റു വാര്‍ത്തകളും ബി.ജെ.പിയുടെ പ്രധാന അജന്‍ഡകള്‍ തന്നെയാണെന്നതും ശ്രദ്ധേയമാണ്. വാട്ട്‌സ് ആപ്പ് വഴിയുള്ള വ്യാജ വാര്‍ത്താ പ്രചാരണങ്ങളുടെ തോത് അന്വേഷിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണു മുന്നിലുള്ളത്. വാണിജ്യ-സാമ്പത്തിക വാര്‍ത്തകളാണു രണ്ടാം സ്ഥാനത്ത്. മൂന്നാമത്തെ പ്രധാന വ്യാജ വാര്‍ത്താ വിഷയം ആധാറാണ്. ഇതിനു പിറകെയാണ് സൈന്യവും ഭീകരവാദവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളുള്ളത്. തൊട്ടുപിറകെ നോട്ടുനിരോധനവും ബി.ജെ.പി വിരുദ്ധ വാര്‍ത്തകളുമുണ്ട്.
വാര്‍ത്തകളുടെ സത്യാവസ്ഥ കണ്ടെത്തുന്നതിനെക്കാളും ദേശീയവികാരം കത്തിച്ചുനിര്‍ത്തുകയാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നതെന്നു പഠനം വ്യക്തമാക്കുന്നു. വ്യാജവാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്ന കാര്യത്തില്‍ മറ്റു വിഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായി സംഘ്പരിവാര്‍ അടക്കമുള്ള സംഘടനകള്‍ സംഘടിതവും ആസൂത്രിതവുമായാണു പ്രവര്‍ത്തിക്കുന്നത്. ഇതുവഴി ദേശീയവികാരം ജനങ്ങള്‍ക്കിടയില്‍ ശക്തമായി നിലനിര്‍ത്തുക എന്നതാണു സംഘം ലക്ഷ്യമിടുന്നത്.
ആഗോളതലത്തില്‍ വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും ജനങ്ങളെ ബാധിക്കുന്നുവെന്നതിനെ കുറിച്ചു പഠിക്കാന്‍ ബി.ബി.സി വേള്‍ഡ് സര്‍വിസ് ആണു ഗവേഷകരെ ചുമതലപ്പെടുത്തിയത്. ഇന്ത്യയ്ക്കു പുറമെ സാമുദായിക സംഘര്‍ഷം രൂക്ഷമായ കെനിയ, നൈജീരിയ എന്നിവിടങ്ങളിലാണു സംഘം സര്‍വേ നടത്തിയത്. സാധാരണക്കാര്‍ വ്യാജവാര്‍ത്തകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും അവ എങ്ങനെ പ്രചരിപ്പിക്കുന്നുവെന്നും ഗവേഷക സംഘം പഠനം നടത്തി. സര്‍വേയില്‍ പങ്കെടുത്തവരില്‍നിന്ന് അവര്‍ ഒരാഴ്ചയ്ക്കിടെ വായിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത വാര്‍ത്തകള്‍ കണ്ടെത്തുകയാണു സംഘം ചെയ്തത്. ഇതിനായി ഇവര്‍ ഗവേഷകര്‍ക്ക് തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ തുറന്നുനല്‍കി. ഇതില്‍ ഏതൊക്കെ തരം വാര്‍ത്തകളാണ് ഓരോ വ്യക്തിയും വായിക്കുന്നതെന്നും ആര്‍ക്കൊക്കെയാണ് അവ പങ്കുവയ്ക്കുന്നതെന്നുമെല്ലാം സര്‍വേയുടെ ഭാഗമായി പരിശോധിച്ചു. സര്‍വേ റിപ്പോര്‍ട്ട് 'ബിയോണ്ട് ഫേക്ക് ന്യൂസ് ' എന്ന പേരില്‍ ബി.ബി.സിയുടെ ടെലിവിഷന്‍, റേഡിയോ, ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."