രാമായണത്തിലെ ദുഷ്ടകഥാപാത്രങ്ങളുടെ പട്ടികയില്‍ പിണറായിയെ ഉള്‍പ്പെടുത്താം: കെ. മുരളീധരന്‍
നിലമേല്‍: ശബരിമല വിഷയത്തിലുള്‍പ്പടെ സമീപ കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ അദ്ദേഹത്തെ രാമായണത്തിലെ ദുഷ്ടകഥാപാത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള യോഗ്യതയായി കാണാമെന്ന് കെ.പി.സി.സി പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എം.എല്‍.എ. 'വിശ്വാസം സംരക്ഷിക്കുക വര്‍ഗീയതയെ തുരത്തുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി നടന്ന പദയാത്രക്ക് ജില്ലാ അതിര്‍ത്തിയില്‍നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നിലമേല്‍ ജങ്ഷനില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം.
പിണറായിയുടെ ഇന്നത്തെ അവകാശ വാദങ്ങള്‍ പില്‍ക്കാലത്ത് ചട്ടമ്പി സ്വാമികള്‍ക്കും ശ്രീനാരായണ ഗുരുവിനും അയ്യങ്കാളിക്കും ഒപ്പം തന്റെ പേരും ചേര്‍ത്ത് അറിയപ്പെടണമെന്ന ആഗ്രഹം കൊണ്ടാണ്. എന്നാല്‍ പിണറായിയുടെ ഇത്തരം ആഗ്രഹങ്ങള്‍ കൊണ്ടെത്തിക്കുന്നത് രാമായണത്തിലെ ദുഷ്ടകഥാപാത്രങ്ങളായ ഹിരണ്യകശ്യപു, രാവണന്‍, ദുര്യാധനന്‍ എന്നിവരുടെ പട്ടികയിലാണ്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ആളിക്കത്തിക്കുന്നതിന് പിന്നില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട്. ഇവര്‍ പരസ്പര സഹകരണ സംഘമായി പ്രവര്‍ത്തിക്കുന്നു. ആചാരങ്ങളുടെ ലംഘനത്തിലൂടെ കലാപം നടത്താനാണ് സി.പി.എം, ബി.ജെ.പി നേതാക്കള്‍ ലക്ഷ്യം വെക്കുന്നത്. ഇതിന് ഉദാഹരണങ്ങളാണ് പതിനെട്ടാംപടിയിലെ ആര്‍.എസ്.എസ് നേതാവിന്റെ ആചാരലംഘനവും സി.പി.എം നേതാക്കളുടെ ആര്‍.എസ്.എസ് പ്രീണനവും.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ലംഘനത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് 5.30ന് തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയെത്തിയ പ്രചാരണ പദയാത്രയില്‍ രണ്ട് കിലോമീറ്ററോളം പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായാണ് കെ. മുരളീധരന്‍ നിലമേലിലെ സ്വീകരണ സ്ഥലത്ത് എത്തിയത്. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അധ്യക്ഷയായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. പദയാത്ര ഇന്ന് രാവിലെ നിലമേല്‍ മുതല്‍ വയക്കല്‍ വരെയും ഉച്ചയ്ക്ക് ശേഷം വയക്കല്‍ മുതല്‍ കൊട്ടാരക്കര വരെയും നടക്കും. തുടര്‍ന്ന് കൊട്ടാരക്കര പുലമണ്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം വൈകിട്ട് പൊതുസമ്മേളനം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."