ഫ്ളാറ്റ് കേസില്‍ അറസ്റ്റിലായ പ്രതികള്‍ 19 വരെ റിമാന്‍ഡില്‍
മൂവാറ്റുപുഴ: മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിച്ച കേസില്‍ അറസ്റ്റിലായ നിര്‍മാതാവ് അടക്കമുള്ള മൂന്ന് പ്രതികളെയും ഈ മാസം 19 വരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാന്‍സിസ്, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, ജൂനിയര്‍ സൂപ്രണ്ട് പി.ഇ ജോസഫ് എന്നിവരാണ് റിമാന്‍ഡിലായത്. ജാമ്യ ഹരജിയും അന്നേ ദിവസം പരിഗണിക്കും.
മരടിലെ ഫ്ളാറ്റ് വില്പനയിലെ ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൂന്നുപേരെയും ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സുപ്രിം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്ളാറ്റുകളില്‍ ഒന്നായ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഡയരക്ടറാണ് സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് ആയിരിക്കേ ഫ്ളാറ്റുകള്‍ക്ക് നിര്‍മാണ അനുമതി നല്കിയ അന്നത്തെ സെക്രട്ടറിയാണ് മുഹമ്മദ് അഷ്റഫ്, ജൂനിയര്‍ സൂപ്രണ്ടായിരുന്നു പി.ഇ ജോസഫ.് അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു ഫ്ളാറ്റുകളുടെ വില്പനയിലെ ക്രമക്കേടാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇവിടെ ഫ്ളാറ്റ് വാങ്ങിയിരുന്ന തൃശൂര്‍ എടത്തുരുത്തി താടിക്കാരന് വീട്ടില്‍ ടോണിയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."